Connect with us

Kerala

ബ്ലാക്‌മെയില്‍ കേസ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി പ്രതി

Published

|

Last Updated

കൊച്ചി: ബ്ലാക്‌മെയില്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി പ്രതികളിലൊരാളായ ബിന്ധ്യാസ് തോമസ്. കസ്റ്റഡിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പിന് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിന്ധ്യ തോമസ്. 2014 ജൂലൈ 10ന് കുമ്പളം ടോള്‍പ്ലാസയില്‍ വെച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. താന്‍ വിവാഹം കഴിക്കാനിരുന്ന റെലാഷ് എന്ന യുവാവിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അറസ്റ്റ്. റെലാഷിനെയും ഹോണ്ട സിറ്റി കാറും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ എന്ന രാധാകൃഷ്ണന്‍, ഗണ്‍മാനായിരുന്ന ശ്യാംശിവം എന്നിവരാണ് ഈ ആവശ്യവുമായി പോലീസിനെ വിളിച്ചത്.

പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ വച്ച് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായി ബിന്ധ്യ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിക്ക് മുന്‍പാകെ വിശദീകരിച്ചു. മുന്‍ ഡി സി പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്റെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയായിരുന്നു പീഡനം. മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍. കെ ജെ ജെയിംസ്, മുന്‍ സി ഐ. എന്‍ സി സന്തോഷ്, എസ് ഐ. അനന്തലാല്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജിമോള്‍, ഷൈനിമോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇതില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ബിന്ധ്യാസ് പറഞ്ഞു. പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള ലൈംഗിക അതിക്രമമാണ് നടന്നത്. ഇതിന് തെളിവായി ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ സാധിക്കും. അമ്മയുടെ മുന്നില്‍വെച്ചും തന്നെ ശാരീരികമായി പീഡിപ്പിച്ചു. ഇതിലുള്ള മനോവിഷമത്തിലും കൂടിയാണ് അമ്മ ആത്മഹത്യ ചെയ്തത്. തന്റെ കോള്‍ ലിസ്റ്റിലുള്ളവരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 11 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഇതിന്റെ തെളിവുകളും തന്റെ പക്കലുണ്ടെന്നും ബിന്ധ്യാസ് പറഞ്ഞു.

പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ജസ്റ്റിസ് കെ നാരായണകുറുപ്പ് ഉയര്‍ത്തിയത്. സാധാരണക്കാര്‍ക്ക് പോലീസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ഇത്രയും ഹുങ്കെന്ന് അദ്ദേഹം പറഞ്ഞു. തെറി പോലീസിന്റെ മാതൃഭാഷയായി മാറി. ജനമൈത്രി പോലീസ് സ്‌റ്റേഷനെതിരെയാണ് ഇപ്പോള്‍ ഏറ്റവുമധികം പരാതികള്‍ വരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിശദീകരണം ചെയര്‍മാന് നല്‍കി. ഏപ്രില്‍ 15ന് നടക്കുന്ന അടുത്ത സിറ്റിംഗില്‍ ആശുപത്രി രേഖകളുള്‍പ്പെടെ ഹാജരാക്കാന്‍ ചെയര്‍മാന്‍ ബിന്ധ്യാസിന് നിര്‍ദ്ദേശം നല്‍കി.

---- facebook comment plugin here -----

Latest