പി പി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Posted on: March 24, 2016 6:00 am | Last updated: March 23, 2016 at 10:16 pm

pp-usthad-newപാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ വേര്‍പിരിഞ്ഞിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരുപാട് കഴിവുകള്‍ ഒത്തിണങ്ങിയ വ്യക്തിയായിരുന്നു ഉസ്താദ്. സംഘാടകനും പ്രഭാഷകനും എഴുത്തുകാരനും മുദര്‍രിസും പണ്ഡിതനുമെല്ലാമായി അദ്ദേഹം നിറഞ്ഞുനിന്നു.
ദീര്‍ഘ ദൃഷ്ടിയോടെ കാര്യങ്ങള്‍ വീക്ഷിച്ച് എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സുന്നീ സംഘടനാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ പ്രസംഗം എന്നും ആവേശമായിരുന്നു.
സിറാജ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന കൂടിയാലോചനാ സമിതിയില്‍ പി പി ഉസ്താദ് ഉണ്ടായിരുന്നു. പിന്നീട് സിറാജിന്റെ പബ്ലിഷറായും തൗഫീഖ് പബ്ലിക്കേഷന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മര്‍കസിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകനായിരുന്നു മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. മര്‍കസിലെ ആദ്യ സംരംഭമായ പള്ളി ദര്‍സ് ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ യൂനിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ സെക്രട്ടറി, വൈസ് പ്രസിഡന്റ്,സുപ്രീം കൗണ്‍സില്‍ അംഗം വരെയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എസ് എം എ രൂപവത്കരിക്കാന്‍ അദ്ദേഹമാണ് മുന്നിട്ടിറങ്ങിയിരുന്നത്.
നരിക്കുനിയില്‍ ഒരു ദീനീ സംരംഭത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് അദ്ദേഹം ബൈത്തുല്‍ ഇസ്സ ആരംഭിച്ചത്. മരിക്കുന്നതിന്റെ രണ്ട് വര്‍ഷം മുമ്പ് കോട്ടക്കലില്‍ ചേര്‍ന്ന സമസ്ത ഉലമാ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ചേര്‍ന്ന മുശാവറ യോഗമാണ് മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെ മുശാവറ അംഗമായി തിരഞ്ഞെടുത്തത്. കൃത്യമായ കാഴ്ചപ്പാടുകളുള്ള മത പണ്ഡിതനും നിരവധി ശിഷ്യന്മാരുള്ള മുദര്‍രിസുമായിരുന്നു അദ്ദേഹം. മരിക്കുന്നത് വരെ നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ അദ്ദേഹത്തിന് ദര്‍സ് ഉണ്ടായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിലൊന്നും പതറാതിരുന്ന നേതാവായിരുന്നു പി പി. താക്കീത് നല്‍കേണ്ടിടത്ത് താക്കീത് നല്‍കാനും ആശയപരമായി വെല്ലുവിളിക്കേണ്ടിടത്ത് അതിനും അദ്ദേഹം തയ്യാറായി. കൃത്യവും കര്‍ക്കശവുമായ നിലപാടുകള്‍ സ്വീകരിക്കുകയും അത് വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റെത്.
അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ, മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.