Connect with us

Ongoing News

കഞ്ചാവ് ഉപയോഗത്തിന് മോഷണവും; കുട്ടികളുടെ ഭാവിയില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക

Published

|

Last Updated

കാസര്‍കോട്: കഞ്ചാവ് ഉപയോഗിക്കാനായി മോഷണം പോലും നടത്തുന്ന കുട്ടികളെയോര്‍ത്ത് രക്ഷിതാക്കള്‍ക്ക് ആശങ്ക. കഞ്ചാവ് വാങ്ങുന്നതിനായി ഒരു കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത് 18,000 രൂപയാണ്.
തളങ്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ദീനാര്‍ ഐക്യവേദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരു പിതാവാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നല്ല ഊര്‍ജസ്വലനായ കുട്ടി പെട്ടെന്നൊരുനാള്‍ മൗനിയാവുകയും വീട്ടില്‍ നേരംതെറ്റിയെത്തുകയും ചെയ്തതോടെ കുട്ടിയുടെ നീക്കങ്ങള്‍ വീട്ടുകാരില്‍ സംശയം ഉളവാക്കിയിരുന്നു.
എന്നാല്‍ കുട്ടി ആരോടും മനസുതുറന്നില്ല. ഒരുനാള്‍ വീട്ടില്‍നിന്നും 18,000രൂപയോളം കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കുട്ടി പണമെടുത്തതായി ആദ്യം സംശയിച്ചിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ സ്‌കൂള്‍ അധ്യാപിക വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിദ്യാര്‍ത്ഥി കഞ്ചാവിന് അടിമയാണെന്ന് വ്യക്തമായത്. ഇതോടെ വിവരം വീട്ടുകാരെ അറിയിച്ചു.
കഞ്ചാവ് കിട്ടാനായി പണമെടുത്തത് താനാണെന്ന് കുട്ടി പിന്നീട് സമ്മതിക്കുകയും ചെയ്തു. ഇത്തരത്തില്‍ കഞ്ചാവിന് അടിമകളായ പല കുട്ടികളുടേയും രക്ഷിതാക്കള്‍ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. നിരവധി കുട്ടികള്‍ ഇപ്പോള്‍ കഞ്ചാവ് മാഫിയയുടെ വലയിലാണ്.