ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആവേശകരമായ ജയം

Posted on: March 23, 2016 11:35 pm | Last updated: March 24, 2016 at 12:37 pm
SHARE

india celebrateബെംഗളുരു: അവസാന മൂന്ന് പന്തുകള്‍ ഇന്ത്യക്ക് അനുകൂലമായി. ബംഗ്ലാദേശിനെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യക്ക് അവിശ്വസനീയമായ ഒരു റണ്‍സ് ജയം.
സ്‌കോര്‍ : ഇന്ത്യ 146/7, ബംഗ്ലാദേശ് 145/9.
നാലോവറില്‍ ഇരുപത് റണ്‍സിന് രണ്ട് വിക്കറ്റെടുക്കുകയും രണ്ട് പന്തില്‍ അഞ്ച് റണ്‍സടിക്കുകയും ചെയ്ത സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. ഈ ജയത്തോടെ, ഇന്ത്യ സെമി സാധ്യത സജീവമാക്കി. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ പതിനൊന്ന് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സിംഗിള്‍. രണ്ടാം പന്ത് ബൗണ്ടറികടന്നു. പിറകെ വീണ്ടും ബൗണ്ടറി. ഇന്ത്യ തോല്‍വിയിലേക്ക്.
നാലാമത്തേയും അഞ്ചാമത്തേയും പന്തില്‍ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായി. രണ്ടും ക്യാച്ച്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. ഹര്‍ദിക്കിന്റെ ട്രിക്കി വൈഡ് ബോളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. റണ്‍സിനായി ഓടിയ മുസ്താഫിസുര്‍ റഹ്മാനെ ധോണി റണ്ണൗട്ടാക്കിയതോടെ അവിസ്മരണീയ ജയം.
ബംഗ്ലാ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനുമുന്നില്‍ വിറച്ചുപോയ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒടുവില്‍ തട്ടിമുട്ടി 146ല്‍ എത്തുകയായിരുന്നു. ഈ സ്‌കോറിലെത്താന്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. 30 റണ്‍സ് നേടിയ സുരേഷ് റെയ്‌നയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (18)യും ശിഖര്‍ ധവാനും (23) ചേര്‍ന്ന് 42 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സമ്മാനിച്ചു. മൂന്നു റണ്‍സിന്റെ ഇടവേളയില്‍ രണ്ടു പേരും പുറത്തായതിനു ശേഷമെത്തിയ കോഹ്്‌ലിയും റെയ്‌നയും ചേര്‍ന്ന് സ്‌കോര്‍ 95ല്‍ എത്തിച്ചു. കോഹ്്‌ലി 24 റണ്‍സ് നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ ഏഴു പന്തില്‍നിന്നു 15 റണ്‍സ് നേടി പുറത്തായി. ജഡേജ (12), യുവരാജ് (3), ധോണി (13*), അശ്വിന്‍ (5*) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.
ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്്ടു വിക്കറ്റും നേടി. ഷക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള, ഷുവാഗത ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.