ഖത്വര്‍ ഗ്യാസ് യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക്

Posted on: March 23, 2016 7:39 pm | Last updated: March 23, 2016 at 7:39 pm
SHARE

qatar gasദോഹ: യൂറോപ്യന്‍ വിപണയിലേക്ക് ഗ്യാസ് കയറ്റുമതി വര്‍ധിപ്പക്കാന്‍ ഖത്വര്‍ ശ്രമം നടത്തുന്നു. എണ്ണവിലക്കുറവു സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കൊപ്പം ഏഷ്യന്‍ വിപണയിലെ മത്സരം കൂടിയാണ് ഖത്വറിനെ യൂറോപ്യന്‍ മാര്‍ക്കറ്റിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ബ്രിട്ടണുമായും നതര്‍ലാന്‍ഡുമായും വാതക വ്യാപാരം സംബന്ധിച്ച് ഖത്വര്‍ ഗ്യാസ് സംഭാഷണം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക, ആസ്‌ട്രേലിയന്‍ ഇറക്കുമതിയാണ് ഏഷ്യന്‍ വിപണയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തെ മറികടക്കാന്‍കൂടി ഖത്വര്‍ യൂറോപ്യന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതുവഴി സാധിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഖത്വര്‍ ഗ്യാസ് യു കെ കമ്പനിയായ പെട്രോനാസുമായി ഗ്രാഗണ്‍ ഇംപോര്‍ട്ട് ടെര്‍മിനലില്‍ ഇറക്കുമതി അനുമതിക്കായി സംഭാഷണം ആരംഭിച്ചു. യൂനിഫര്‍ പോര്‍ട്ടിലും ഖത്വര്‍ ഗ്യാസ് അവസരം തേടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ഇരു വിഭാഗവും വിസമ്മതിച്ചു.
കൂടുതല്‍ ഉത്പാദകര്‍ ഇപ്പോള്‍ യൂറോപ്പിലേക്കു ശ്രദ്ധ തിരിക്കുന്നുണ്ടെന്ന് ബിസിനസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയില്‍ ഡിമാന്‍ഡ് ഉയരുമെന്നാണ് ഏല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ഡിമാന്‍ഡ് കുറഞ്ഞു വരുന്ന വിപണിയിലെ പ്രവണതയാണ് ഉത്പാദകരെ യൂറോപ്പിലേക്കു തിരിക്കുന്നത്. ഖത്വറില്‍ നിന്നും നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. നിലവിലുള്ള കരാറുകള്‍ പുതുക്കി കൂടുതല്‍ ഗ്യാസ് കയറ്റുമതി ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.
എണ്ണവിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി വാതക കയറ്റുമതിക്കരാര്‍ പുതുക്കാന്‍ ഖത്വര്‍ സന്നദ്ധമായിരുന്നു.
വില കുറച്ചും കയറ്റുമതി ചെയ്യുന്ന ഗ്യാസിന്റെ അളവു കൂട്ടിയുമാണ് കരാര്‍ പുതുക്കിയത്. ഇന്ത്യക്ക് നേരത്തേയുള്ള കരാറിന്റെ ലംഘനംവഴി ചുമത്തിയ 12,000 കോടി രൂപയുടെ പിഴ ഒഴിവാക്കായാണ് കരാര്‍ പുതുക്കിയത്.