ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച സുബൈദ ബീവി കരുണ തേടുന്നു

Posted on: March 23, 2016 8:16 pm | Last updated: March 23, 2016 at 11:22 pm

subaida beeviഅബുദാബി: ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച സുബൈദ ബീവി ഉദാരമനസ്‌കരുടെ കരുണ തേടുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര അറാലമൂട് സ്വദേശിയും അബുദാബി അല്‍ കയ്യാം ബേക്കറിതൊഴിലാളിയുമായ അബൂബക്കര്‍ കുഞ്ഞിന്റെ ഭാര്യയുമായ സുബൈദ ബീവിയുടെ ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം ഒന്ന് പൂര്‍ത്തിയായി. ഒന്നര വര്‍ഷം മുമ്പാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ആദ്യം രണ്ടും ഇപ്പോള്‍ മൂന്നും ഡയാലിസിസാണ് സുബൈദ ബീവിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

നിലവില്‍ നൂറോളം ഡയാലിസിസ് ചെയ്തുകഴിഞ്ഞു. ഡയാലിസിസിനും മറ്റുമായി മാസത്തില്‍ 50,000 രൂപക്ക് മുകളില്‍ സുബൈദ ബീവിക്ക് ചെലവ് വരും. മൂന്ന്‌പെണ്‍മക്കളുടെ പിതാവായ അബൂബക്കര്‍ കുഞ്ഞിന് ഇത്രയും വലിയ തുക താങ്ങുവാന്‍ കഴിയില്ല. ശരീരം മുഴുവന്‍ വേദനയില്‍ പുളയുന്ന അബൂബക്കര്‍ കുഞ്ഞിന് 1,000 ദിര്‍ഹമാണ് മാസശമ്പളം. കിട്ടുന്ന ശമ്പളം നിത്യവൃത്തിക്ക് തന്നെ തികയാതെ കഷ്ടപ്പെടുന്ന ഇദ്ദേഹം ഭാര്യയെ ചികിത്സിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

വയോവൃദ്ധനായ അബൂബക്കര്‍ കുഞ്ഞും രോഗത്തിന്റെ അടിമയാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്ക് തന്നെ വന്‍തുക വേണം. ആറാലുമൂടിലെ പുറമ്പോക്ക് ഭൂമിയിലാണ് അബൂബക്കര്‍ കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് ഏതുസമയത്തും ഇറക്കിവിടാമെന്ന അവസ്ഥയാണ്. വീടിന്റെ തണലായ ഭാര്യയെ നഷ്ടപ്പെടാതിരിക്കാന്‍ കാരുണ്യമുള്ളവരുടെ കനിവിനായി തേടുകയാണ് അബൂബക്കര്‍ കുഞ്ഞ്. ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് അക്കൗണ്ട് നമ്പര്‍ 074001000004191, ആറാലുമൂട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം. ഫോണ്‍: 0504438044,0559497260