ക്രിക്കറ്റ് സുരക്ഷയുടെ തലപ്പത്തുള്ളത് ഹോക്കി നായകന്‍

Posted on: March 23, 2016 5:41 am | Last updated: March 23, 2016 at 12:43 am
SHARE

hockeyമൊഹാലി: ട്വന്റിട്വന്റി ലോകകപ്പില്‍ മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്ന ടീമുകള്‍ക്ക് സുരക്ഷയൊരുക്കുന്ന പഞ്ചാബ് പോലീസ് നിരയില്‍ അയാളെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയോ കുറവോ സംഭവിക്കാതിരിക്കാന്‍ അയാള്‍ ജാഗ്രതയോടെ നില കൊള്ളുന്നു. പഞ്ചാബ് പോലീസില്‍ ഡി എസ് പി റാങ്കിംഗുള്ള അയാളുടെ പേര് രാജ്പാല്‍ സിംഗ് എന്നാണ്. ഒരു കാലത്ത് ഇന്ത്യന്‍ ഹോക്കിയിലെ സൂപ്പര്‍ താരം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ നയിച്ച താരം. രാഷ്ട്രം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ച താരം – രാജ്പാല്‍ സിംഗ്.
ദേശീയ ഹോക്കി സെലക്ടര്‍മാര്‍ തഴയാന്‍ തുടങ്ങിയതോടെ നിരാശനായ രാജ്പാല്‍ സിംഗിന് തുണക്കാനെത്തിയത് പഞ്ചാബ് സര്‍ക്കാറാണ്. പോലീസില്‍ ഉന്നത പദവി നല്‍കി സര്‍ക്കാര്‍ മുന്‍ഹോക്കി നായകന് ജീവിതത്തില്‍ പുതിയൊരു അധ്യായമൊരുക്കി. കഴിഞ്ഞ വര്‍ഷം ഹോക്കി വേള്‍ഡ് ലീഗിന്റെ ഭാഗമായിരുന്ന രാജ്പാലിനെ ഇത്തവണ താരലേലത്തില്‍ പരിഗണിച്ചതേയില്ല. 2011 ലാണ് പഞ്ചാബ് സര്‍ക്കാര്‍ രാജ്പാലിന് ജോലി നല്‍കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി മുന്‍ ഹോക്കി നായകന്‍ ഏറെ ആസ്വദിക്കുന്നു. 27ന് ഇന്ത്യ-ആസ്‌ത്രേലിയ മത്സരം നടക്കുന്നത് മൊഹാലിയിലാണ്. ഇന്ത്യന്‍ ടീമിന്റെ സുരക്ഷാ ചുമതലയുള്ള ഓഫീസറായിട്ട് രാജ്പാല്‍ സിംഗുണ്ടാകും.
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഇതിന് മുമ്പും മൊഹാലിയില്‍ രാജ്പാല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലൊന്നും തന്നെ ക്രിക്കറ്റ് താരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനോ, സ്വയം പരിചയപ്പെടുത്താനോ രാജ്പാല്‍ തയ്യാറായിട്ടില്ല. എന്റെ ജോലി അവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കലാണ്, ബന്ധം സ്ഥാപിക്കലല്ലെന്ന് പഞ്ചാബിയുടെ തലയെടുപ്പോടെ രാജ്പാല്‍ പറയും.
പോലീസ് കുടുംബമാണ് രാജ്പാലിന്റെതെന്ന് പറയാം. കാരണം ഭാര്യ അവ്‌നീത് കൗര്‍ സിന്ധു പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥയാണ്. സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യനാണ് അവ്‌നീത് സിംഗ്.