ഉമ്മന്‍ചാണ്ടിയോട് മത്സരിക്കരുതെന്ന് പറയാന്‍ സുധീരന് ചങ്കുറപ്പില്ല: വിഎസ്

Posted on: March 22, 2016 3:16 pm | Last updated: March 22, 2016 at 10:41 pm
SHARE

VSതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മുഖത്തു നോക്കി പറയാനുള്ള ചങ്കുറപ്പ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ പറഞ്ഞു. അതിനാലാണ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ ചാരി ഇതിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് പാര്‍ട്ടി തീരുമാനം അനുസരിച്ചാണ്. അതില്‍ സുധീരനും കൂട്ടരും വേവലാതിപ്പെടേണ്ടതില്ല. കഴിഞ്ഞ 46 വര്‍ഷമായി എംഎല്‍എയും മന്ത്രിയും, പ്രതിപക്ഷനേതാവും, മുഖ്യമന്ത്രിയും ഒക്കെയായിട്ടുള്ള ഉമ്മന്‍ചാണ്ടി ഇത് പതിനൊന്നാമത് തവണയാണ് നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടി ഇനി മല്‍സരിക്കാന്‍ പാടില്ല എന്നതാണ് സുധീരന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സുധീരന്റെ വാക്കുകള്‍ക്ക് ഉമ്മന്‍ചാണ്ടി പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് നാട്ടുകാരെ എല്ലാവരെയും പോലെ സുധീരനും നന്നായി അറിയാം. ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയ്ക്കും അഴിമതിക്കുമെതിരെ, വലിയ വായില്‍ നിലവിളിച്ച് സായൂജ്യമടയാന്‍ മാത്രമേ സുധീരന് കഴിയുന്നുള്ളൂ എന്നത് ഇതിന് തെളിവാണെന്നും വിഎസ് പരിഹസിച്ചു.
കൊള്ളയ്‌ക്കെതിരെ എന്തോ പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍, ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ സകലമാന ഗ്രൂപ്പുകളെയും ഒരുകൂടക്കീഴില്‍ കൊണ്ടുവന്ന് സുധീരനെ പുകച്ചു പുറത്താക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ നേരെ നിന്ന് സംസാരിക്കാന്‍ പോലുമുള്ള ആര്‍ജവം സുധീരന് നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് തന്റെ പേര് ദുരുപയോഗം ചെയ്ത് സുധീരന്‍ ഇത്തരത്തിലുള്ള പിത്തലാട്ടങ്ങള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ല എന്ന് പറയുന്ന സുധീരന്‍, ഉമ്മന്‍ചാണ്ടി കൊള്ളകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ദയനീയതയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.