Connect with us

Health

വേനല്‍ച്ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നു

Published

|

Last Updated

കണ്ണൂര്‍:വേനല്‍ച്ചൂട് അതികഠിനമായി അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നു. ചൂട് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്ന ഈ മാസം സംസ്ഥാനത്ത് ഇതുവരെയായി 105 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഈ വര്‍ഷം മൂന്ന് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 664 ആണ്.

ഇതേ കാലയളവില്‍ ചിക്കുന്‍ ഗുനിയ ബാധിച്ചവര്‍ 33 ആണ്. ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും കാരണമായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നതിനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതാണ് രോഗം പടരാന്‍ കാരണം. ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം കണ്ടെത്തിയത് 250ലേറെ പേര്‍ക്കാണ്.

വയറിളക്ക രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത് എണ്‍പതിനായിരത്തിലധികം പേര്‍. ടൈഫോയ്ഡ് ബാധിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. വേനല്‍ച്ചൂട് വരും നാളുകളില്‍ രൂക്ഷമാകുന്നതോടെ പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കാന്‍ സാധ്യത വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുലാവര്‍ഷത്തിന്റെയും വേനല്‍മഴയുടെയും അളവ് കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണമായി വിലയിരുത്തുന്നത്. ലക്ഷ ദ്വീപിലും ഇക്കുറി കനത്ത ചൂടാണ്. ഇവിടെ ശരാശരി 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് നേരത്തെയെത്തിയ കടുത്ത വേനല്‍ച്ചൂടില്‍ ജനം പൊരിയുകയാണ്. സാധാരണഗതിയില്‍ ഏപ്രില്‍ പകുതിയോടെ ശക്തിപ്പെടുന്ന വേനല്‍ച്ചൂട് ഇത്തവണ മാര്‍ച്ച് മാസം ആദ്യം തന്നെ കഠിനമായി. റോഡ് നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.

സൂര്യാഘാതം ഉണ്ടാകുന്നത് ഇല്ലാതാക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ താപനില ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അന്തരീക്ഷത്തില്‍ പെട്ടന്നുണ്ടായ ഈ ചൂടിനോട് പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. മഴക്ക് സാധ്യത തീരെയില്ലാത്തതിനാല്‍ മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും താപനില 40 ഡിഗ്രി കടന്നേക്കാമെന്നാണ് വിലയിരുത്തുന്നത്. 37 മുതല്‍ 38 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ് കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില. ഇപ്പോഴത്തെ ചൂടിന്റ നിലവാരം കണക്കാക്കി നോക്കുകയാണെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ജില്ലയിലെ താപനില കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലുളള ഏറ്റവും ഉയര്‍ന്ന നിരക്കായ 40 ഡിഗ്രി സെല്‍ഷ്യസ് മറികടക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

നഗരത്തില്‍ വര്‍ധിച്ചു വരുന്ന വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചൂടിന് കാരണമാകുന്നതിനോടൊപ്പം കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ക്രമാതീതമായ വര്‍ധനവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോ ഓക്‌സൈഡ് എന്നിവയുടെ ആധിക്യവും ഭൂമിയുടെ ഉപരിതലത്തിലെ ചൂട് പുറത്തേക്ക് പോകുന്നതിന് തടസ്സമാകുന്നു. കൂടാതെ പൊരിയുന്ന വെയിലില്‍ ആശ്വാസമായി വരുന്ന വേനല്‍മഴയുടെ ലഭ്യതക്കുറവും ജനങ്ങളെ വലയ്ക്കുന്നു.