തിരഞ്ഞെടുപ്പ്: വ്യാജക്കള്ളും വ്യാജമദ്യവും രഹസ്യകേന്ദ്രങ്ങളില്‍ സജീവമാകുന്നു

Posted on: March 21, 2016 12:21 pm | Last updated: March 21, 2016 at 12:21 pm
SHARE

liquarപാലക്കാട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ രഹസ്യ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വ്യാജമദ്യവും വ്യാജക്കള്ളും സജീവമാകുന്നു. എക്‌സൈസ് – ഇന്റലിജന്‍സ് വകുപ്പുകള്‍ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും വ്യാജമദ്യ നിര്‍മാണത്തിന് മാഫിയകള്‍ നൂതന വിദ്യകള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വ്യാജക്കള്ളും വ്യാജമദ്യവും റോഡ് മാര്‍ഗ്ഗം കടത്തുമ്പോള്‍ പിടികൂടാതിരിക്കാനായി കള്ളുകടത്തു വാഹനങ്ങളെയാണ് ഉപയോഗിക്കുന്നത്. പ്രധാന കള്ളുചെത്തുമേഖലയായ ചിറ്റൂരില്‍നിന്നും പ്രതിദിനം ഇരുനൂറിലധികം വാഹനങ്ങളാണ് വ്യാജക്കള്ളുമായി അയല്‍ ജില്ലകളിലേക്ക് പോകുന്നത്.

എന്നാല്‍ മിക്ക വാഹനങ്ങളിലും സ്പിരിറ്റും വ്യാജക്കള്ളുമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കറിയുമെങ്കിലും പരിശോധനക്ക് മതിയായ സംവിധാനങ്ങളില്ലാത്തതും മാഫിയകളുമായുള്ള സ്വാധീനം മൂലവും പലതും പിടിക്കപ്പെടാറില്ല. കള്ള് കടത്തു വാഹനങ്ങള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ഇവിടെ പെര്‍മിറ്റനുസരിച്ചുള്ള കള്ളാണോ കയറ്റിയതെന്നുമാത്രമാണ് നോക്കുന്നത്.
എന്നാല്‍ ഇത്തരം പരിശോധനകളില്‍ എത്ര ലിറ്ററാണ് കടത്തുന്ന വാഹനത്തിന് കൊണ്ടുപോകാനുള്ള അനുമതി, അതില്‍ കൂടുതല്‍ കയറ്റിയിട്ടുണ്ടോ എന്നു മാത്രം പരിശോധിച്ചാണ് വിട്ടയക്കുന്നത്.

അതിനാല്‍ ഇത്തരം വാഹനങ്ങളില്‍ സ്പിരിറ്റ്, വ്യാജമദ്യം എന്നിവ കടത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും മതിയായ പരിശോധനകള്‍ പ്രഹസനമാകുന്നതാണ് കടത്ത് സജീവമാക്കുന്നത്. എക്‌സൈസ് വാഹനം പരിശോധിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറികള്‍ വേണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നത്.
കള്ളിന്റെ സാമ്പിളെടുത്ത് സ്പിരിറ്റിന്റെ അളവു കണ്ടെത്താന്‍ ഇത്തരം ലബോറട്ടറികള്‍ക്കേ സാധിക്കൂ.
എന്നാല്‍ ഇത്തരം സംവിധാനമില്ലാത്തതാണ് വ്യാജക്കള്ളും വ്യാജമദ്യനിര്‍മാണവും വ്യാപകമാക്കുന്നത്. സ്വാഭാവിക കള്ളില്‍ ആല്‍ക്കഹോളിന്റെ അനുപാതം 8:1 ആണ്.

എന്നാല്‍ സ്പിരറ്റ് കലര്‍ത്തിയ കള്ളില്‍ ഇത് 50 മുതല്‍ 60 വരെയാകുമെന്നിരിക്കെ ഇത് കുടിച്ചാല്‍ ചാരായമോ, വിദേശമദ്യമോ കഴിച്ച ലഹരിയാണുണ്ടാവുന്നതെന്നതിനാല്‍ ഇത്തരം വ്യാജമദ്യത്തിന് നാട്ടിന്‍പുറങ്ങളില്‍ ആവശ്യക്കാരേറെയാണ്. ഒരു കന്നാസ് സ്പിരിറ്റ് ഉണ്ടെങ്കില്‍ നാലു മുതല്‍ അഞ്ചു ഷാപ്പുകളില്‍ വരെ കള്ളുണ്ടാക്കി വിതരണം ചെയ്യാന്‍ കഴിയും. സ്പിരിറ്റ് കടത്തും സ്പിരിറ്റ് കലര്‍ത്തിയ കള്ളു പിടികൂടുന്നതും രണ്ട് കുറ്റങ്ങളായതിനാല്‍ ശിക്ഷയില്‍ മതിയായ ഇളവു ലഭിക്കുമെന്നതും കടത്തിനും നിര്‍മാണത്തിനും സഹായകമാകുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങള്‍ പലതും ഇപ്പോള്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. അയല്‍സംസ്ഥാനത്തു നിന്നെത്തുന്ന സ്പിരിറ്റ് ലോഡുകള്‍ അതിര്‍ത്തി മേഖലയിലെ ധാരാളം തെങ്ങിന്‍ തോട്ടങ്ങളില്‍ നിന്നും കള്ളിന്റെ നിറം നല്‍കി തെക്കന്‍ ജില്ലകളിലേക്കും കള്ളു വാഹനത്തില്‍ തന്നെ കൊണ്ടുപോകുന്നു. കള്ള് കടത്താനുള്ള പെര്‍മിറ്റിന്റെ മറവില്‍ സ്പിരിറ്റ് കടത്തിയാല്‍ പിടിക്കപ്പെടുമെന്ന ഭീതിയില്ലാത്തതും വ്യാജമദ്യക്കടത്തിന് ഒഴുക്കേകുന്നു.
സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനത്തിനു ശേഷം ബാറുകളില്‍ വീര്യം കൂടിയ മദ്യം ലഭിക്കാതെയായതാണ് വ്യാജമദ്യത്തിന്റെ ഡിമാന്റ് കൂടിയതും മദ്യനിര്‍മാണത്തിനുള്ള മാഫിയകള്‍ രംഗത്ത് വേരുറപ്പിച്ചതിനും കാരണം.
വിഷുവിന് പിന്നാലെ തിരഞ്ഞെടുപ്പും അടുക്കുന്നതോടെ സംസ്ഥാനത്തേക്കൊഴുകുന്ന സ്പിരിറ്റുപയോഗിച്ചുള്ള വ്യാജമദ്യ നിര്‍മാണം തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോ സംസ്ഥാന സര്‍ക്കാറോ തയ്യാറാകാത്തിടത്തോളം ഇനിയൊരു വ്യാജമദ്യ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here