റഷ്യന്‍ വിമാനാപകടം : മലയാളികളുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയിലൂടെ കണ്ടെത്താന്‍ ശ്രമം

Posted on: March 21, 2016 10:17 am | Last updated: March 21, 2016 at 10:17 am
SHARE

flight accident couple keralaകൊച്ചി/പെരുമ്പാവൂര്‍: റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഡി എന്‍ എ ടെസ്റ്റിലൂടെ മൃതദേഹം കണ്ടെത്താന്‍ മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്ന് റഷ്യയിലേക്ക് അയക്കും. മരിച്ച ശ്യാമിന്റെ മാതാപിതാക്കളായ മോഹനന്റെയും ഷീജയുടെയും അഞ്ജുവിന്റെ മാതാവ് ഗീതയുടെയും രക്ത സാമ്പിളുകളാണ് റഷ്യയിലേക്ക് അയക്കുന്നത്. ഇത് സംബന്ധിച്ച് കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ റസിഡന്റ്് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐ എ എസ് ഞായറാഴ്ച വൈകുന്നേരം നാലിന് മരിച്ച ശ്യാം മോഹന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഡി എന്‍ എ പരിശോധന നടത്തുന്നതിന് ശ്യാം മോഹന്റെയും അജ്ഞുവിന്റെയും മാതാപിതാക്കളുടെ രക്ത സാമ്പികളുകള്‍ ശേഖരിക്കും. അപകടത്തില്‍ മരിച്ചവരില്‍ ഏതാനും പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തി നശിക്കാത്തതിനാല്‍ അവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്യമിന്റെയും അഞ്ജുവിന്റെയും കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് ആളുകള്‍ക്ക് റഷ്യയിലേക്ക് പോകാനുള്ള സൗകര്യം വിമാനക്കമ്പനി ഒരിക്കിയെങ്കിലും ഇവരില്‍ അടുത്ത് ബന്ധുക്കള്‍ക്ക് പോലും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അത് മുടങ്ങുകയായിരുന്നു.
മരിച്ച ശ്യാം മോഹനും ഭാര്യ അഞ്ജുവുമായി അടുത്ത് ബന്ധമുള്ള റഷ്യയില്‍ തന്നെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിന്ന് വീട്ടുകാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് അയക്കുന്നതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഇന്നലെ അനുശോചനം അറിയിക്കാനെത്തിയ തൃക്കാക്കര എം എല്‍ എ ബെന്നി ബഹനാന്‍ ആണ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിന്നിച്ചിതറിയതിനാല്‍ ഡി എന്‍ എ പരിശോധനയിലൂടെ മാത്രമെ അവ കണ്ടെത്താനാകൂ എന്ന് എംബസി വ്യക്തമാക്കി. പെരുമ്പാവൂര്‍ വെങ്ങോല ബഥനിപ്പടിക്കു സമീപം ചാമക്കാലയില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു(27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റഷ്യയിലെ ആയുര്‍വേദ റിസോര്‍ട്ടായ സുല്‍ത്താന്‍ സ്പായിലെ ആയുര്‍വേദ ഫിസിയോതെറാപ്പിസ്റ്റുകളായ ശ്യാമും അഞ്ജുവും രണ്ട് മാസത്തെ അവധിക്കുശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി റഷ്യക്കു പോകുന്നതിനിടെയായിരുന്നു ദുരന്തം.

LEAVE A REPLY

Please enter your comment!
Please enter your name here