മതേതര പാര്‍ട്ടികള്‍ക്ക് ജര്‍മനിയില്‍ നിന്ന് പാഠമുണ്ട്

ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുമായും ഇന്ത്യയിലെ സംഘ്പരിവാറുമായും ഇസ്‌റാഈലിലെ അവിഗ്‌ദോര്‍ ലീബര്‍മാന്റെ പാര്‍ട്ടിയുമായും അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആശയഗതികളോടും പല തലങ്ങളില്‍ സാമ്യം പുലര്‍ത്തുന്നു എ എഫ് ഡി. രാഷ്ട്രീയ എതിരാളികള്‍ അവര്‍ക്ക് രാജ്യദ്രോഹികളാണ്. വംശശുദ്ധിയില്‍ അടിയുറച്ച് വിശ്വസിക്കുന്നു. കലര്‍പ്പൊഴിവാക്കാന്‍ എല്ലാ തരം കുടിയേറ്റവും തടയണം. ആള്‍ക്ഷാമം പരിഹരിക്കാന്‍ എല്ലാ ജര്‍മന്‍ സ്ത്രീകളും മൂന്ന് പ്രസവിക്കണമെന്ന് നിയമം കൊണ്ടുവരണം. ഹിറ്റ്‌ലറെയും ഹോളോകോസ്റ്റിനെയും തള്ളിപ്പറയുന്ന മുഴുവന്‍ പാഠ്യപദ്ധതിയും റദ്ദാക്കണം. ഔദ്യോഗിക ചരിത്രവായനയില്‍ സമൂല പരിവര്‍ത്തനം വേണം. പ്രതിരോധച്ചെലവ് ഇരട്ടിയാക്കണം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഉടന്‍ പുറത്ത് കടക്കണം. ഇങ്ങനെ പോകുന്നു ഈ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നിലപാടുകള്‍
Posted on: March 20, 2016 4:26 pm | Last updated: March 20, 2016 at 4:28 pm
SHARE
lokavishesham
ഫ്രോക്ക് പെട്രി, പ്രവീണ്‍ തൊഗാഡിയ, ഡൊണാള്‍ഡ് ട്രംപ്. അവിഗ്‌ദോര്‍ ലീബര്‍മാന്‍

ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് ഉള്‍ക്കാഴ്ചയോടെ നോക്കേണ്ട കാലമാണിത്. അവിടെ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളും പൊതു മണ്ഡലത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും സൂക്ഷ്മ വിശകലനം അര്‍ഹിക്കുന്നുണ്ട്. ജനാധിപത്യത്തെ എങ്ങനെ ഫാസിസത്തിലേക്കും ഉന്മൂലന പ്രത്യയശാസ്ത്രത്തിലേക്കും പരിവര്‍ത്തിപ്പിക്കാം എന്നതിന്റെ പ്രായോഗിക അനുഭവം പിറന്നത്, ഹിറ്റ്‌ലര്‍ ഭരിച്ചത്, അവിടെയായത് കൊണ്ട് മാത്രമല്ല അത്. യൂറോപ്പിലാകെ വീശിയടിക്കാന്‍ പോകുന്ന പ്രവണതകളുടെ സൂചകങ്ങള്‍ ജര്‍മനിയില്‍ ദൃശ്യമാണ്. നാസിസ്റ്റ് ചരിത്രത്തിന്റെ മറ്റൊരു താളവട്ടം ഇവിടെ നിന്ന് തുടങ്ങുകയാണോ എന്ന് സംശയിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇക്കഴിഞ്ഞ ആഴ്ച ജര്‍മനിയില്‍ നിന്ന് വന്നത്.

അവിടെ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിരിക്കുന്നു. എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (ആള്‍ട്ടര്‍നേറ്റ് ഫര്‍ ഡ്യൂട്ട്ഷ്‌ലാന്‍ഡ്- എ എഫ് ഡി) എന്ന വെറും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം മാത്രമുള്ള പാര്‍ട്ടി വിജയം കൊയ്തത്. ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയോട് അപാരമായ സാമ്യം സൂക്ഷിക്കുന്ന ഈ പാര്‍ട്ടിയുടെ വിജയം രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള മനോഭാവം ജര്‍മന്‍ ജനതയില്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭൂരിപക്ഷ ജനാധിപത്യം എങ്ങനെയാണ് മനുഷ്യത്വവിരുദ്ധമായി പരിണമിക്കുന്നത് എന്നും ഈ വിജയം വെളിവാക്കുന്നുണ്ട്.

ഫാസിസത്തിന്റെ ഒരായിരം സൂര്യന്മാര്‍ ജ്വലിച്ച് നില്‍ക്കുന്ന ഇന്ത്യയുടെ വര്‍ത്തമാന അവസ്ഥയില്‍ ജര്‍മനിയിലെ ഈ ഫലത്തിന് ഏറെ പ്രസക്തിയുണ്ട്. വംശശുദ്ധിയുടെയും മതാന്ധതയുടെയും ഫാസിസത്തിന്റെയും അധീശത്വം ജനാധിപത്യത്തിന്റെ സങ്കേതങ്ങളെ ഉപയോഗിച്ചു കൊണ്ട് വളരെയെളുപ്പത്തില്‍ സാധിച്ചെടുക്കാമെന്ന ഭീതിപ്പെടുത്തുന്ന വസ്തുതയാണ് ജര്‍മനിയില്‍ തെളിയുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. റിനേലാന്‍ഡ് – പലാനിനേറ്റ് സംസ്ഥാനത്ത് എ എഫ് ഡി പാര്‍ട്ടി 12.5 ശതമാനം വോട്ടുകള്‍ നേടി. സാക്‌സോണി അന്‍ഹാള്‍ട്ട് സംസ്ഥാനത്ത് 24 ശതമാനം വോട്ടും ബാഡന്‍ വുര്‍ട്ടര്‍ബര്‍ഗില്‍ 15 ശതമാനം വോട്ടും എ എഫ് ഡി കരസ്ഥമാക്കി.

ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വോട്ട് ബേങ്കിലേക്ക് കടന്നു കയറിയാണ് എ എഫ് ഡി ഇത്രയും വോട്ടുകള്‍ നേടിയത്. ഭരണകൂടത്തെ നിയന്ത്രിക്കാവുന്ന നിലയിലേക്ക് ഈ തീവ്ര വലതു പക്ഷ പാര്‍ട്ടിക്ക് സീറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും സംസ്ഥാന നിയമനിര്‍മാണ സഭകളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ ഈ വിജയം അവരെ പ്രാപ്തരാക്കുന്നുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ ജര്‍മനിയുടെ മുന്‍ഗണനകളെ മുസ്‌ലിം വിരുദ്ധ, കുടിയേറ്റവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലേക്ക് വലിച്ചിഴക്കാനും കൂടുതല്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ വളര്‍ന്നു വരാനും എ എഫ് ഡിയുടെ വിജയം വഴിയൊരുക്കും.

നാല്‍പ്പത്കാരിയായ ഫ്രോക്ക് പെട്രിയായിരുന്നു എ എഫ് ഡിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. അവര്‍ തുപ്പിയ ഒറ്റ വാചകത്തിന് പിറകേയായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം മൊത്തത്തില്‍ സഞ്ചരിച്ചത്. ‘ജര്‍മനിയുടെ അതിര്‍ത്തി സമ്പൂര്‍ണമായി അടക്കണം. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ വെടി വെച്ചു കൊല്ലണം.’ ഇത്രയും പറഞ്ഞ പെട്രിയോട് പത്രക്കാര്‍ ചോദിച്ചു: അതിര്‍ത്തിയില്‍ എത്തുന്നത് കുട്ടികളും സ്ത്രീകളും വൃദ്ധരുമാണെങ്കിലോ? പെട്രിക്ക് ഒട്ടും സന്ദേഹമുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞു: ആരായാലും വെടിവെച്ച് കൊല്ലണം.
ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലും അവരുടെ പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഒരു പോലെ അഭയാര്‍ഥികള്‍ക്ക് അനുകൂലമായ സമീപനം പുലര്‍ത്തിയ പശ്ചാത്തലത്തിലാണ് പെട്രിയുടെ ആക്രോശമെന്നോര്‍ക്കണം.

സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാമെത്തുന്ന അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ലോകത്തിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയ നേതാവാണ് ആഞ്ചലാ മെര്‍ക്കല്‍. ഓരോ ക്രിസ്ത്യന്‍ കുടുംബവും ഒരു അഭയാര്‍ഥി കുടുംബത്തെ ദത്തെടുക്കണമെന്നായിരുന്നു മെര്‍ക്കലിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പോപ്പ് ഫ്രാന്‍സിസ്് പറഞ്ഞത്. സത്യത്തില്‍ മെര്‍ക്കലിന്റെ നിലപാടാണ് ഇ യുവിലെ മറ്റ് അംഗരാജ്യങ്ങളെക്കൂടി ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. യൂറോപ്പില്‍ പടര്‍ന്ന് പന്തലിക്കുന്ന ഇസ്‌ലാമോഫോബിയക്കുള്ള കൃത്യമായ മറുപടിയുമായിരുന്നു മെര്‍ക്കലിന്റെ ഈ നിലപാട്.

കൊളോഗന്‍ പ്രവിശ്യയില്‍ ഇക്കഴിഞ്ഞ പുതുവത്സര ദിനത്തില്‍ അരങ്ങേറിയ ചില അക്രമസംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി അഭയാര്‍ഥികളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ തളച്ചിടാനാണ് ആള്‍ട്ടര്‍നേറ്റ് ഫോര്‍ ജര്‍മനി പോലുള്ള സംഘങ്ങള്‍ ആദ്യം ശ്രമിച്ചത്. ജര്‍മന്‍ മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന് വലിയ കവറേജ് നല്‍കി. അഭയാര്‍ഥികളില്‍ നിന്ന് പ്രത്യേകിച്ച് ‘മുസ്‌ലിം ക്രിമിനലുകളില്‍’ നിന്ന് രക്ഷപ്രാപിക്കുന്നതിനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ വരെ പ്രസിദ്ധീകരിച്ചു ചില പത്രങ്ങള്‍. എന്നാല്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ, ഭരണ പാരമ്പര്യമുള്ള മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഈ നീക്കത്തിനെതിരെ രംഗത്തെത്തി. പെട്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന നാസിസത്തിന്റെ തുടര്‍ച്ചയാണെന്ന് അവര്‍ തുറന്നടിച്ചു.

സംയുക്തമായ പ്രതിരോധത്തിന്റെ ശക്തിയില്‍ ഉലഞ്ഞ പെട്രി പിന്നീട് അത്തരം തീ നിറച്ച വാക്കുകള്‍ക്ക് മുതിര്‍ന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലൊന്നും ഈ പാര്‍ട്ടിക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടുമില്ല. എന്നിട്ടും വോട്ടെണ്ണിയപ്പോള്‍ എന്തുകൊണ്ട് എ എഫ് ഡിക്കാരെപ്പോലും ഞെട്ടിക്കുന്ന വിജയം അവര്‍ നേടി? ഇവിടെയാണ് ലോകത്താകമാനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫാസിസ്റ്റുകള്‍ നിശ്ശബ്ദ മുന്നേറ്റം നടത്തുന്ന പുതിയ പ്രവണതയുടെ കാലൊച്ച കേള്‍ക്കുന്നത്.
കുടിയേറ്റ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തിയെങ്കിലും സാമ്പത്തിക രംഗത്ത് ആഞ്ചലാ മെര്‍ക്കല്‍ പിന്തുടര്‍ന്നത് നവ ഉദാര സമീപനങ്ങള്‍ തന്നെയായിരുന്നു. അത് ജര്‍മനിയിലെ സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തിരുത്തിക്കുന്ന നിലയിലേക്ക് ആശയദാര്‍ഢ്യം സൂക്ഷിക്കാന്‍ ഇടത് പാര്‍ട്ടികള്‍ക്ക് സാധിക്കുന്നുമില്ല. അവര്‍ സോഷ്യല്‍ ഡെമോക്രാസിയുടെ തണുപ്പില്‍ അഭിരമിക്കുകയാണ്.

സത്യത്തില്‍ ഈ പഴുതിലൂടെയാണ് എ എഫ് ഡി പോലുള്ള ഗ്രൂപ്പുകള്‍ ഉയര്‍ന്നു വരുന്നത്. മുഖ്യധാരാ പാര്‍ട്ടികള്‍ എ എഫ് ഡിയെ എതിര്‍ത്ത് വലുതാക്കിയെന്ന വിലയിരുത്തലും ശക്തമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉപയോഗിച്ച് ഈ പാര്‍ട്ടിയെ നിരോധിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുമായും ഇന്ത്യയിലെ സംഘ്പരിവാറുമായും ഇസ്‌റാഈലിലെ അവിഗ്‌ദോര്‍ ലീബര്‍മാന്റെ പാര്‍ട്ടിയുമായും അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആശയഗതികളോടും പല തലങ്ങളില്‍ സാമ്യം പുലര്‍ത്തുന്നു എ എഫ് ഡി. രാഷ്ട്രീയ എതിരാളികള്‍ അവര്‍ക്ക് രാജ്യദ്രോഹികളാണ്. വംശശുദ്ധിയില്‍ അടിയുറച്ച് വിശ്വസിക്കുന്നു.

കലര്‍പ്പൊഴിവാക്കാന്‍ എല്ലാ തരം കുടിയേറ്റവും തടയണം. മുസ്‌ലിംകളെ ഒന്നടങ്കം ആട്ടി പുറത്താക്കണം. ആള്‍ക്ഷാമം പരിഹരിക്കാന്‍ എല്ലാ ജര്‍മന്‍ സ്ത്രീകളും മൂന്ന് പ്രസവിക്കണമെന്ന് നിയമം കൊണ്ടുവരണം. ഹിറ്റ്‌ലറെയും ഹോളോകോസ്റ്റിനെയും തള്ളിപ്പറയുന്ന മുഴുവന്‍ പാഠ്യപദ്ധതിയും റദ്ദാക്കണം. ഔദ്യോഗിക ചരിത്രവായനയില്‍ സമൂല പരിവര്‍ത്തനം വേണം. പ്രതിരോധച്ചെലവ് ഇരട്ടിയാക്കണം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഉടന്‍ പുറത്ത് കടക്കണം. ഗ്രീസ് അടക്കമുള്ള ദുര്‍ബല യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ജര്‍മനി നല്‍കുന്ന സാമ്പത്തിക സഹായം ഉടന്‍ നിര്‍ത്തലാക്കണം. പരദേശി വിദ്വേഷം പരകോടിയിലാണ്. ഹിന്ദുത്വ സംഘടനകളുമായുള്ള സാമ്യം എത്ര ആഴത്തിലാണെന്ന് നോക്കൂ. ഒരമ്മ പെറ്റ മക്കള്‍.

ഇത് ജര്‍മനിയിലെ മാത്രം പ്രതിഭാസമായി കാണാനാകില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം പാര്‍ട്ടികള്‍ ഉദയം ചെയ്യുകയും വിജയം കൊയ്യുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ‘പോളണ്ടിനെക്കുറിച്ച് മിണ്ടരുത്’ എന്ന് പറഞ്ഞ സാക്ഷാല്‍ പോളണ്ടില്‍ ഭരണം കൈയാളുന്നത് ദി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ സംഘമാണ്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷമുണ്ട്. നോര്‍വേയില്‍ ദി പോര്‍ച്ചുഗീസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ ഗ്രൂപ്പ് 2013 മുതല്‍ സഖ്യ സര്‍ക്കാറില്‍ അംഗമാണ്. ഫിന്‍ലാന്‍ഡില്‍ ദി ഫിന്‍സ് പാര്‍ട്ടിയുണ്ട് സര്‍ക്കാറില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടിയും.

സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലിമെന്റില്‍ നിര്‍ണായക ശക്തിയാണ്. ബ്രിട്ടനില്‍ 2014ല്‍ നടന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ 27.5 ശതമാനം വോട്ട് നേടി മൂന്നാമത്തെ വലിയ കക്ഷിയായ ദി യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ലക്ഷണമൊത്ത മുസ്‌ലിം വിരുദ്ധ തീവ്ര ഗ്രൂപ്പാണ്. നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫഌമിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ് തുടങ്ങിയവക്കെല്ലാം പാര്‍ലിമെന്റില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഫ്രാന്‍സില്‍ ഫ്രന്റ് നാഷനലിന്റെ തൊഗാഡിയ ടൈപ്പ് നേതാവ് മാറിനെ ലി പെന്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജിയിച്ചേക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്.

ഇവയെല്ലാം അതതിടങ്ങളിലെ മതേതര പാര്‍ട്ടികളെ തകര്‍ത്തെറിഞ്ഞാണ് അനായാസം ആളെക്കൂട്ടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒരു നയരൂപീകരണത്തിനും ഇവ തലപുണ്ണാക്കുന്നില്ല. ഒരു സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം നിര്‍ദേശിക്കേണ്ടതില്ല. വെറുതേ ചില വിദ്വേഷ പ്രസംഗം നടത്തുക. വൈകാരികത പടര്‍ത്തുക. പലതിനും കൃത്യമായ ഘടന പോലുമില്ല. എന്നിട്ടും ജനം ഇവര്‍ക്ക് വോട്ട് ചെയ്യും. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം, കുടിയേറ്റ വിരുദ്ധതയുടെയും വംശീയതയുടെയും ആള്‍രൂപമാണ്. ‘എന്നെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ കലാപമുണ്ടാകു’മെന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്. പ്രധാന പ്രൈമറികളിലെല്ലാം വിജയക്കൊടി പാറിച്ചിരിക്കുന്നു ഈ ശതകോടിപതി.

സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ഫാസിസ്റ്റുകളുടെ ഈ അശ്വമേധം ജനാധിപത്യത്തിന്റെ തത്വങ്ങളെ തന്നെ ഇടിച്ചു നിരത്തുകയാണ്. ലോകത്തെ ഏറ്റവും വലുതും മഹത്തരവുമായ ജനാധിപത്യ രാജ്യമാണല്ലോ ഇന്ത്യ. ഇവിടെ ഭൂരിപക്ഷ ജനാധിപത്യമാണ് നിലനിലനില്‍ക്കുന്നത്. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷം എത്ര വലിയ ആദര്‍ശത്തെയും തോല്‍പ്പിച്ച് തലകുനിപ്പിച്ച് നിര്‍ത്തും. വംശഹത്യയുടെ എത്ര കടുത്ത ചോരക്കറയും തൊട്ടടുത്ത് വരുന്ന വോട്ടെടുപ്പ് തേച്ച് മായ്ച്ച് ചന്ദനം പൂശി വെടിപ്പാക്കും. ഏത് തീവെട്ടിക്കൊള്ളയും ഇത്തിരി വോട്ടിന്റെ മേല്‍ക്കൈയില്‍ മറയ്ക്കപ്പെടും. ഇവിടെ ജയിച്ചവന്‍ യഥാര്‍ഥത്തില്‍ ജയിക്കുന്നില്ല. പല കഷ്ണങ്ങളായി ചിതറിപ്പോയ വോട്ട് കെട്ടില്‍ നിന്ന് ഭേദപ്പെട്ട പങ്ക് കിട്ടുന്നേയുള്ളൂ. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം പേരും തള്ളിക്കളഞ്ഞ പ്രത്യശാസ്ത്രമാണ് ഭേദപ്പെട്ട പങ്ക് കിട്ടിയതിന്റെ ബലത്തില്‍ അധികാരം കൈയാളുന്നത്.

എണ്ണമാണ് പ്രശ്‌നം. സീറ്റുകളുടെ എണ്ണം. എന്നിട്ടിപ്പോള്‍ ഈ ജനാധിപത്യരാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നത്? നാവരിയുക, തലയറുക്കുക, ആട്ടിയോടിക്കുക, പുറത്താക്കുക, ആത്മഹത്യ ചെയ്യിക്കുക, നാടുകടത്തുക, പൗരത്വം റദ്ദാക്കുക, അന്തിമ യുദ്ധം തുടങ്ങുക, നിശ്ശബ്ദമാക്കുക എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ മാത്രമല്ലേ കേള്‍ക്കുന്നത്?. ഇതാണ് ജനാധിപത്യമെങ്കില്‍ ഇതെങ്ങനെയാണ് മനുഷ്യനിര്‍മിതമായതില്‍ വെച്ച് ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമാകുന്നത്. പ്രതിരോധിക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ജനതയില്‍ ബുദ്ധിയുള്ളവര്‍ ഒന്നാകെ എതിര്‍ത്തിട്ടും, വലിയ പ്രതിരോധത്തിന്റെ ഐക്യ നിര ഒരുക്കിയിട്ടും പോളിംഗ്ബൂത്തുകളില്‍ മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങള്‍ കൂടുതല്‍ ബീപ്പ് ശബ്ദങ്ങള്‍ നേടി വിജയശ്രീലാളിതമാകുന്നതിനെ എങ്ങനെ വിശദീകരിക്കും?

തീവ്രവലതുപക്ഷ, ഫാസിസ്റ്റ് ആശയങ്ങളെ തുറന്ന് കാണിക്കുന്നതിന് ജനാധിപത്യത്തിന്റെ സ്‌പേസ് ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ ആ പ്രതികരണങ്ങള്‍ പോലും ഇത്തരം ആശയങ്ങള്‍ക്ക് രാഷ്ട്രീയ മേല്‍ക്കൈ നേടിക്കൊടുക്കുന്നുവെങ്കില്‍ പിന്നെ എന്താണ് പോംവഴി? ഫാസിസത്തെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദം തന്നയാണോ? വര്‍ഗീയ ശക്തികളുടെ വിജയാഹ്ലാദങ്ങള്‍ മതേതര കക്ഷികളെയും തനത് മൂല്യങ്ങളില്‍ നിന്ന് അകറ്റുകയാണോ? എങ്ങനെയാണ് ബദല്‍ സാധ്യമാകുക. ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് നോക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണിവ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here