Connect with us

Kerala

വിജിലന്‍സ് വിവരാവകാശ പരിധിയില്‍ നിന്ന് പുറത്ത്: ഉത്തരവ് റദ്ദാക്കണമെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി കേസുകളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജിലന്‍സ് വകുപ്പിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് വി എം സുധീരന്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഉത്തവിലേക്ക് നീങ്ങിയ എല്ലാ ഫയലുകളും ഹാജരാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ പൊതു ഭരണ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വി എസ് അച്യുതാനന്ദന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ വിഷയം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടി വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാറെടുക്കുന്ന വിവാദ തീരുമാനങ്ങള്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെത്രാന്‍ കായല്‍, കടമക്കുടി എന്നിവിടങ്ങളില്‍ വയല്‍ നികത്താനുള്ള തീരുമാനങ്ങള്‍ സുധീരന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ലോട്ടറി അച്ചടി കരാര്‍ സ്വകാര്യപ്രസ്സിന് നല്‍കാനുള്ള തീരുമാനവും സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഉത്തരവ് വീണ്ടും വിവാദമായതോടെയാണ് സുധീരന്‍ പരസ്യനിലപാട് സ്വീകരിച്ചത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, അഖിലേന്ത്യാ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്ന അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. വിജിലന്‍സ് ആഭ്യന്തരമന്ത്രിയുടെ വകുപ്പാണെങ്കിലും ഉത്തരവ് ആഭ്യന്തരമന്ത്രി പോലുമറിയാതെയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ജനുവരി 27നാണ് വിവാദ ഉത്തവ് പുറത്തിറങ്ങിയത്. ഇതോടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന കേസുകളുടെ വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ലഭ്യമാകാതാകും. തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളെയുമാണ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനമെന്നും പരാതിക്കാരുടെ സുരക്ഷ കരുതിയാണ് വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അസത്യമാണെന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ പ്രതികരണം.
2010ല്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന സോമരാജന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഇപ്പോള്‍ ഉത്തവിറക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിക്കാരുടെയും സാക്ഷികളുടെയും വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വിവരാവകാശ നിയമത്തില്‍ നിന്ന് ടി ബ്രാഞ്ചിനെ ഒഴിവാക്കണമെന്നായിരുന്നു കത്ത്. വിവരാവകാശ പരിധിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിജിലന്‍സിനെ ഒഴിവാക്കിയ കാര്യം വിജിലന്‍സ് ഡയറക്ടറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്ല സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്നു വന്ന വിന്‍സണ്‍ എം പോളും തീരുമാനിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്തയച്ചു. നിയമോപദേശം തേടിയശേഷം സെപ്തംബറിലാണ് ആഭ്യന്തരവകുപ്പ് പൊതുഭരണ വകുപ്പിന് അയക്കുന്നത്. തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നതിന് മുമ്പ് ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.