Connect with us

Kerala

അന്ന് പ്രചാരണത്തിന് വാഴപ്പിണ്ടിയും പശുവും

Published

|

Last Updated

കൊച്ചി: പഴയ കാലത്ത് നാട്ടിന്‍പുറങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തനി നാടന്‍ ശൈലിയിലായിരുന്നു. പശുവും വാഴപ്പിണ്ടിയും മരച്ചില്ലകളുമൊക്കെ അന്ന് രാഷ്ട്രീയ പ്രചാരണത്തിനുള്ള കരുക്കളായി. പഴയ തലമുറയുടെ ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഇത്തരം ചില ചിത്രങ്ങളുണ്ട്. മേയാനായി അഴിച്ചുവിടുന്ന കന്നുകാലികളുടെ ദേഹത്ത് ചുണ്ണാമ്പുകൊണ്ട് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വരച്ചുവിടുന്നത് പതിവ് കാഴ്ചയായിരുന്നു. എതിര്‍ പാര്‍ട്ടിക്കാരന്റെ പേരും ചിഹ്നവുമായി രാത്രി വീട്ടില്‍ കയറി വരുന്ന പശുവിനെ കണ്ട് രോഷം കൊള്ളാന്‍ മാത്രമേ മറുപാര്‍ട്ടിക്കാരന് കഴിയൂ. പാര്‍ട്ടിക്കാരുടെ പശുക്കള്‍ക്ക് പാര്‍ട്ടി ചിഹ്നവുമായി സ്വതന്ത്രമായി വിഹരിക്കാനും കഴിഞ്ഞു. ചിഹ്നം കണ്ട് ചിലപ്പോള്‍ പാര്‍ട്ടി അനുഭാവികള്‍ ഭക്ഷണം വെച്ചുനീട്ടുമെന്ന ഗുണവുമുണ്ട്.
വെള്ളത്തുണികൊണ്ട് പെട്ടിപോലെയുണ്ടാക്കി അതില്‍ റാന്തല്‍ വെച്ച് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വരച്ചുവെച്ച് രാത്രികാലങ്ങളില്‍ പ്രവര്‍ത്തകര്‍ ആളു കൂടുന്ന സ്ഥലങ്ങളില്‍ കറങ്ങി നടക്കും. ഉത്സവപരിപാടികളിലായിരുന്നു ഇത്തരം പ്രചാരണം. നാട്ടിന്‍പുറങ്ങളിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളുടെ തുഞ്ചത്ത് പാര്‍ട്ടി കൊടി പാറിക്കുകയായിരുന്നു മറ്റൊരു രീതി. ദൂരെ നിന്നു പോലും കൊടിപാറുന്നത് കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം
ചായക്കടകളിലിരുന്ന പാര്‍ട്ടി പത്രം ഉറക്കെ വായിക്കുന്ന പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കാണാം. എതിര്‍കക്ഷിക്കെതിരായ ആരോപണങ്ങളായിരിക്കും ഇത്തരത്തില്‍ ഉച്ചത്തില്‍ വായിക്കുക. എതിര്‍ പാര്‍ട്ടിക്കാര്‍ വരുമ്പോള്‍ വായന ഉച്ചത്തിലാക്കും. ചായമക്കാനിയില്‍ മാത്രമല്ല, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും വരെ ഇത്തരത്തില്‍ ഉച്ചത്തില്‍ പത്രം വായിക്കുന്നവരെ അന്ന് കണ്ടിരുന്നു. സി പി എമ്മുകാരനാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ദേശാഭിമാനി തുറന്നുവെച്ച് വായന തുടങ്ങും. പ്രവര്‍ത്തകര്‍ സ്വമേധയാ നടത്തിയിരുന്ന പ്രചാരണമായിരുന്നു ഇത്.
നാട്ടിന്‍പുറങ്ങളില്‍ ഓണക്കാല വിനോദങ്ങളില്‍ പ്രധാനമായിരുന്നു കൈകൊട്ടിക്കളി. തിരഞ്ഞെടുപ്പ് കാലത്ത് കൈകൊട്ടിക്കളി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടിയായി മാറും. കൈകൊട്ടിക്കളിപ്പാട്ടിന്റെ പാരഡി പോലെ തിരഞ്ഞെടുപ്പ് പാട്ടുകളുണ്ടാക്കിയാണ് പാടിയിരുന്നത്. ഇത് വലിയ തോതില്‍ ആളുകളെ ആകര്‍ഷിച്ചിരുന്നു.
മൈക്ക് അനൗണ്‍സ്‌മെന്റിന്റെ കാലഘട്ടത്തിന് മുമ്പ് മെഗാഫോണായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. മെഗാഫോണ്‍ കൈയില്‍ പിടിച്ച് പാടവരമ്പുകളിലൂടെയും ഇടവഴികളിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ നാടുമുഴുവന്‍ താണ്ടും.
അക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പുഴകളിലും പാറിയിരുന്നു. വാഴപ്പിണ്ടി കൂട്ടിക്കെട്ടി ചങ്ങാടം പോലെയുണ്ടാക്കി കൊടി അതില്‍ കുത്തി വെച്ച് ഒഴുക്കി വിടും. വേലിയേറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ച് പ്രചാരണച്ചങ്ങാടം പുഴയിലൂടെ ഒഴുകി നടക്കും. കൊടികുത്തിയ വഞ്ചികളും സാധാരണ കാഴ്ചയായിരുന്നു.
പട്ടിണിപ്പാവങ്ങള്‍ മുണ്ട് മുറുക്കിയുടുത്ത് പാര്‍ട്ടി പ്രചാരണത്തിന് ഇറങ്ങുകയും രാത്രി പട്ടിണികിടന്നുറങ്ങുകയും ചെയ്തിരുന്ന കാലഘട്ടത്തിലൂടെ കടന്നുവന്ന ഗ്രാമീണര്‍ പുതിയകാലത്തെ പ്രചാരണത്തിലെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത് ആത്മാര്‍ഥയില്ലായ്മയാണ്. ഒരു വസന്തകാലം വരുമെന്ന പ്രതീക്ഷയാണ് അന്ന് അവരെ പട്ടിണിയിലും കൊടിപിടിച്ചിറങ്ങാന്‍ പ്രേരിപ്പിച്ചിരുന്നതെങ്കില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കാലത്തെ യാന്ത്രികമായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അവര്‍ പറയുന്നു.

Latest