എന്തുകൊണ്ട് കന്‍ഹയ്യമാര്‍?

Posted on: March 20, 2016 5:15 am | Last updated: March 19, 2016 at 11:16 pm
SHARE

‘കന്‍ഹയ്യമാര്‍’ ഉണ്ടാകാതിരിക്കാന്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയാണത്രേ രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്ദാനിയാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഇക്കാര്യം പ്രസ്താവിച്ചത്. ജെ എന്‍ യുവിലെ സമകാലീന സംഭവങ്ങള്‍ കണക്കിലെടുത്ത് വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഉതകുന്ന തരത്തില്‍ പാഠ്യക്രമത്തില്‍ സമൂല മാറ്റം വരുത്തുമെന്നും എല്ലാ സര്‍വകലാശാലകളിലും ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഭയെ മന്ത്രി അറിയിയിക്കുകയുണ്ടായി.
രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ദേശവിരുദ്ധ ചിന്തകള്‍ വളര്‍ന്നു വരുന്നുണ്ടെങ്കില്‍ അതപകടവും അവസാനിപ്പിക്കേണ്ടതുമാണ്. സ്വരാജ്യത്തോട് കൂറും സ്‌നേഹവുമുള്ളവരായിരിക്കണം വളരുന്ന തലമുറ. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നത് പോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠിതാക്കളില്‍ ദേശവിരുദ്ധ ചിന്താഗതി വളര്‍ന്നു വരുന്നുണ്ടോ? കന്‍ഹയ്യ കുമാറുമാരും വെമുലമാരും പ്രതിനിധീകരിക്കുന്നത് അത്തരമൊരു ചിന്താഗതിയെയാണോ? വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകള്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നതിന്റെ പശ്ചാതലം ഇതു തന്നെയോ? ദേശവിരുദ്ധ മനോഭാവമല്ല ഭരണ വിരുദ്ധ മനോഭാവമാണ് ഇന്നത്തെ ചിന്താശീലരായ യുവതലമുറയിലും സാംസ്‌കാരിക നായകരിലും വളര്‍ന്നു വരുന്നത്. രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന ദരിദ്രരെയും സാധാരണക്കാരെയും ചൂഷണം ചെയ്തു തടിച്ചു കൊഴുക്കാന്‍ സമ്പന്ന, ആഢ്യ വര്‍ഗത്തിന് ഭരണത്തിന്റെ എല്ലാ മേഖലകളെയും തീറെഴുതിക്കൊടുക്കുന്ന ഭരണ രംഗത്തെ അനീതിയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. നിലവിലുള്ള ഭരണ ഘടനയിലും നീതിന്യായ വ്യവസ്ഥയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ജയില്‍ മോചനത്തിന് ശേഷം കന്‍ഹയ്യ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണ ഘടന അനുശാസിക്കുന്ന വിശ്വാസ, അഭിപ്രായ സ്വാതന്ത്രത്തിന് വിലങ്ങിടാനും നാഗ്പൂരിലെ ആര്‍ എസ് എസ് കേന്ദ്രത്തിന്റെ തീട്ടൂരങ്ങളെ ഭരണ ഘടനക്ക് തുല്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ഫാസിസത്തോടാണ് അവര്‍ക്ക് വിയോജിപ്പുള്ളത്.
പാഠ്യപദ്ധതി പരിഷ്‌കരണമല്ല ഇതിന് പ്രതിവിധി. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ നയിച്ച ദേശസ്‌നേഹികളായ സാരഥികളാണ് രാജ്യത്തെ നിലവിലുള്ള പാഠ്യക്രമത്തിന് അസ്തിവാരമിട്ടത്. വൈദേശിക ഭരണത്തിന്റെ കെടുതികളും ദുരന്തങ്ങളും നന്നായി അനുഭവിക്കുകയും ദേശീയ സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നു വരികയും ചെയ്ത അന്നത്തെ നേതാക്കള്‍ പുതുതലമുറയില്‍ ദേശ സ്‌നേഹം ഊട്ടിയുറപ്പിക്കാനാവശ്യമായ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഠ്യപദ്ധതികള്‍ ആവിഷ്‌കരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ വളര്‍ച്ചക്കും സാമൂഹിക മേഖലയിലെ മാറ്റത്തിനും അധ്യാപന രംഗത്തെ പുതിയ ആശയങ്ങള്‍ക്കുമനുസൃതം സിലബസുകളില്‍ ഇടക്കിടെ ചില പരിഷ്‌കരണങ്ങള്‍ വരുത്താറുണ്ടെങ്കിലും അടിസ്ഥാനപരമായി അതിന് കാതലായ മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ പാഠ്യ പദ്ധതി’ദേശവിരുദ്ധ മനോഭാവം വളര്‍ത്തുന്നുവെന്ന നിരീക്ഷണം അടിസ്ഥാനരഹിതമാണ്.
മാറേണ്ടത് പാഠ്യപദ്ധതികളല്ല സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളും, ആ നയങ്ങളെ സ്വാധീനിക്കുന്ന ആര്‍ എസ് എസ് നേതൃത്വത്തിന്റെ വികല മനോഭാവവുമാണ്. സ്വതന്ത്ര ചര്‍ച്ചകളെയും സംവാദങ്ങളെയും എതിര്‍ക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ്. തങ്ങള്‍ക്ക് വിയോജിപ്പുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളാക്കി തടവറക്കുള്ളില്‍ തളച്ചിടാനുള്ള ഭരണകൂട ഭീകരതയാണ് അവസാനിപ്പിക്കേണ്ടത്. ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച യു എസിലെ പ്രശസ്തമായ പ്രിന്‍സിറ്റോണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ക്രിസ്റ്റഫര്‍ എല്‍ ഇസ്ഗ്രൂബറുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. അമേരിക്കന്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രകനായ ഉസാമാ ബിന്‍ലാദനെ’ അനുസ്മരിച്ചു പരിപാടി സംഘടിപ്പിക്കുകയാണെങ്കില്‍ പോലും ഒരൊറ്റ വിദ്യാര്‍ഥിക്കെതിരെയും തങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കുകയില്ലെന്നും ആശയ പരമായ സംവാദത്തിലൂടെയായിരിക്കും അവരെ നേരിടുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ഥാപിത താത്പര്യങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം ചിന്തകളിലും ആശയപ്രകടനങ്ങളിലും ജനാധിപത്യത്തിന്റെ സര്‍വ വാതായനങ്ങളും തുറന്നിടണമെന്നാണ് ക്രിസ്റ്റഫര്‍ പറഞ്ഞു വെച്ചത്. ഇതിന് പകരം ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെയും സാംസ്‌കാരിക നായകരെയും രാജ്യദ്രോഹികളായി മുദ്രയടിച്ചു അവര്‍ക്ക് നേരെ കൊലവിളി നടത്തുകയും ജയിലിലടക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇവിടെ കാണപ്പെടുന്നത്. ഇത് യുവ തലമുറയിലും ചിന്താശീലരിലും പോരാട്ട മനോഭാവം ശക്തിപ്പെടുത്തുകയേ ഉള്ളൂ. രോഗമറിഞ്ഞു വേണം ചികിത്സിക്കാന്‍. ഇല്ലെങ്കില്‍ പാര്‍ശ്വ ഫലങ്ങള്‍ ഗുരുതരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here