നിലപാട് കര്‍ക്കശമാക്കി ഐഎന്‍എല്‍; വിജയ സാധ്യതയുള്ള രണ്ട് സീറ്റില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കും

Posted on: March 19, 2016 9:26 pm | Last updated: March 20, 2016 at 10:38 am
SHARE

inl flagകോഴിക്കോട്: സീറ്റ് വിഭജന കാര്യത്തില്‍ നിലപാട് കര്‍ക്കശമാക്കി ഐഎന്‍എല്‍ രംഗത്ത്. വിജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ വിട്ടുനല്‍കാത്ത പക്ഷം സിപിഎം നല്‍കിയ മൂന്ന് സീറ്റുകളില്‍ മത്സരിക്കേണ്ടതില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വിജയസാധ്യതയുള്ള സീറ്റുകള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഐഎന്‍എല്‍ ഉറച്ചതായാണ് സൂചന.

മുന്നണിപ്രവേശമെന്ന അപ്പക്കഷ്ണം കാണിച്ചാണ് വര്‍ഷങ്ങളായി സിപിഎം ഐഎന്‍എല്ലിനെ കൂടെ നിര്‍ത്തുന്നത്. ഘടകക്ഷിയായി ഇനിയും പരിഗണിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതിന്റെ ഭാഗമായി വിജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ അടക്കം അഞ്ച് സീറ്റുകളാണ് ഐഎന്‍എല്‍ ആവശ്യപ്പെട്ടത്. മൂന്ന് സീറ്റുകള്‍ നല്‍കാമെന്ന് സിപിഎം സമ്മതിച്ചുവെങ്കിലും അതില്‍ രണ്ടും വിജയസാധ്യതയില്ലാത്ത സീറ്റുകളാണ്. കോഴിക്കോട് സൗത്ത്, കാസര്‍കോട്, മലപ്പുറം ജില്ലയില്‍ അനുയോജ്യമായ ഏതെങ്കിലും ഒരു സീറ്റ് എന്നിവയാണ് സിപിഎം ഐഎന്‍എല്ലിന് വാഗ്ദാനം ചെയ്തത്. ഇതില്‍ കോഴിക്കോട് സൗത്തില്‍ മാത്രമാണ് വിജയസാധ്യത അല്‍പമെങ്കിലുമുള്ളത്.

എന്നാല്‍ വിജയസാധ്യയയുള്ള രണ്ട് സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഐഎന്‍എല്‍ ഉറച്ചുനില്‍ക്കുകയാണ്. കോഴിക്കോട് സൗത്ത്, കൂത്തുപറമ്പ് അല്ലെങ്കില്‍ അഴീക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാഞ്ഞങ്ങാട് സീറ്റുകള്‍ നല്‍കണമെന്നാണ് ഐഎന്‍എല്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അഴീക്കോട് സീറ്റ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എംവി നിക്ഷേ്കുമാറിന് നല്‍കാന്‍ സിപിഎം നേരത്തെ തീരുമാനമെടുത്ത സ്ഥിതിക്ക് കൂത്തുപറമ്പ് സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഐഎന്‍എല്ലിന്റെ ആവശ്യം. വിജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ ലഭിച്ചാല്‍ നാല് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറാണെന്നും ഐഎന്‍എല്‍ നേതൃത്വം സിപിഎമ്മിനെ അറിയിച്ചതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here