Connect with us

Kerala

ബേപ്പൂരിൽ നിന്ന് പുറപ്പെട്ട ഉരു മുങ്ങി; എട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി

Published

|

Last Updated

ഫറോക്ക്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ട ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന എട്ട് പേരെയും രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് 50 നൊട്ടിക്കല്‍ മൈല്‍ അകലെയാണ് സെല്‍വ മാതാ എന്ന ഉരു മുങ്ങിയത്. ക്യാപ്റ്റന്‍ സഹായ ആന്റണി സെല്‍വരാജ് അടക്കം എട്ട് ജീവനക്കാരാണ് ഉരുവില്‍ ഉണ്ടായിരുന്നത്. ഉരുവിന്റെ പലക നീങ്ങി എന്‍ജിനിലേക്ക് വെള്ളം കയറിയതാണ് അപകടകാരണം. ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ആന്ത്രോത്ത്, മിനിക്കോയ് ദ്വീപിലേക്ക് സിമന്റും മെറ്റലും കരിങ്കല്ലുമായി പുറപ്പെട്ടതായിരുന്നു ഉരു. 20 കന്നുകാലികളും ഉരുവിലുണ്ടായിരുന്നു. ഇവ ചത്തതായാണ് വിവരം. തൂത്തുകുടി സ്വദേശി വിക്ടറുടെ ഉടമസ്ഥയിലുള്ള ടിടിഎന്‍ 223 നമ്പര്‍ ഉരുവാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിക്ക് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ഉരു രാത്രിയോടെ അവിടെ എത്തേണ്ടതായിരുന്നു.

രാത്രി പത്ത് മണി വരെ ഉരുവുമായി ബന്ധമുണ്ടായിരുന്നു. ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയതായി കണ്ടെത്തിയത്. ഈ സമയം ഇതുവഴി വന്ന ഒരു വിദേശ കപ്പലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിനെ വിവരം അറിയിക്കുകയും അവരുടെ നേതൃത്വത്തില്‍ ജീവനക്കാരെ ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.

Latest