Connect with us

Kerala

പാഡിയില്‍ നിന്ന് കീടനാശിനിയുടെതെന്ന് കരുതുന്ന കുപ്പികള്‍ ലഭിച്ചു; ചാരായം വാറ്റിയ ആള്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഇന്നലെ ഉച്ചയോടെ മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ നടത്തിയ പരിശോധനയില്‍ ദ്രാവകമടങ്ങിയ കുപ്പി പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. ഇത് കീടനാശിനിയുടെ കുപ്പിയാണെന്നാണ് സംശയം.
സെപ്റ്റിക് ടാങ്കില്‍നിന്നാണ് പകുതിയോളം ദ്രാവകമടങ്ങിയ കുപ്പി കണ്ടെത്തിയത്. ഇത് കീടനാശിനിയാണെന്ന് സ്ഥിരീകരിക്കാന്‍ വിശദ പരിശോധനക്കയച്ചിരിക്കുകയാണ് പോലീസ്. ഇതിന് പുറമെ പത്ത് കുപ്പികളും കണ്ടെത്തി. പാഡിയുടെ പിറകുവശത്ത് പാചകപ്പുരയുട പരിസരങ്ങളില്‍ പോലിസ് പരിശോധന നടത്തി. മണ്ണ് ഉഴുതുമാറ്റിയാണ് പരിശോധന. ഇപ്പോള്‍ പരിശോധനക്കയച്ച കുപ്പിയിലുള്ളത് കീടനാശിനിയാണെങ്കില്‍ കേസിന്റെ ഗതിതന്നെ മാറുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാഡിയിലേക്ക് കൊണ്ടുവന്ന ചാരായം വാറ്റിയ ആള്‍ പോലീസ് പിടിയിലായി. വരന്തരപ്പിള്ളി സ്വദേശി ജോയി ആണ് പിടിയിലായത്. മണിയുടെ സുഹൃത്ത് ചാലക്കുടി സ്വദേശി ജോമാനാണ് ചാരായം പാഡിയിലെത്തിച്ചത്. ഇക്കാര്യം ഇപ്പോള്‍ വിദേശത്തുള്ള ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരവും ടി വി അവതാരകനുമായ സുഹൃത്ത് തരികിട സാബുവടക്കം ഇന്നലെ 10 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ഇതുവരെ 75 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. വാരന്തിപ്പള്ളിയിലെ ഒരു വീട്ടിലാണ് വാറ്റുചാരായം തയ്യാറാക്കിയത്. ഇതിന് മുമ്പും പലതവണ ഇവിടെ തയ്യാറാക്കിയ ചാരായം മണിയുടെ സുഹൃത്തുക്കള്‍ പാഡിയിലേക്ക് കൊണ്ടുപോയിരുന്നതായി ജോയി പോലീസിന് മൊഴി നല്‍കി. വാറ്റ് ചാരായത്തിന് വീര്യം കൂട്ടാന്‍ പല മരുന്നുകളും ചേര്‍ക്കാറുണ്ടെങ്കിലും വാരാന്തരപ്പിള്ളിയില്‍ നിര്‍മിച്ചു കൊണ്ടുവന്ന ചാരായത്തില്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോറി പൈറോസിസ് എന്ന കീടനാശിനി കലര്‍ത്തിയിരുന്നില്ലെന്ന് ജോയി മൊഴി നല്‍കി.
പാഡിയിലേക്ക് ചാരായം വാറ്റുകയും കൊണ്ടുവരികയും ചെയ്ത സംഘത്തില്‍ ആറ് പേരുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ ചാലക്കുടി പോലീസ് കേസെടുത്തു. മണിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെ തലേനാള്‍ നടന്ന മദ്യ സത്കാരത്തിലും ഇവര്‍ പങ്കെടുത്തിരുന്നു.—
മണി ചാരായം കുടിച്ചിട്ടില്ലെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ മണി ബിയര്‍ കഴിച്ചിരുന്നതായും മൊഴിയുണ്ട്. മൊഴികളിലെ വൈരുധ്യം അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. നേരെത്തെ ചോദ്യം ചെയ്തുവിട്ടയച്ച ചിലരെയും വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ രഹസ്യ കേന്ദ്രത്തില്‍ വച്ചു ചോദ്യം ചെയ്യുക. മൊഴിയിലെ വൈരുധ്യമാണ് ഇവരെ വെവ്വേറെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ്യൂഎത്തിച്ചത്.
അതേസമയം മണിയുടെ പ്രാഥമിക പരിശോധനയും രാസ പരിശോധനയും തമ്മിലുള്ള വൈരുധ്യവും അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. മരണത്തിന് ശേഷം പാഡിയില്‍ നിന്നും രണ്ട് ചാക്കുകളിലായി സാധനങ്ങള്‍ കൊണ്ടു പോയതായി പരിസരവാസികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജിതമാക്കി.
അതേസമയം, മണിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ് പി. പി എന്‍ ഉണ്ണിരാജനാണ് അന്വേഷണചുമതല. നിലവില്‍ കേസന്വേഷിക്കുന്ന ഡി വൈ എസ് പി സുദര്‍ശനനെ കൂടാതെ ഡി െൈവ എസ് പി സോജനും സംഘത്തിലുണ്ടാവും. എസ് പി ഇന്ന് പാഡി സന്ദര്‍ശിക്കും.

Latest