Connect with us

Qatar

205 കിലോ പഴകിയ മാംസം പിടികൂടി

Published

|

Last Updated

ദോഹ: കാലാവധി കഴിഞ്ഞ മാംസം വില്‍ക്കാന്‍ ശ്രമിച്ച തൊഴിലാളികളെ മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗ്രോസറികളില്‍ വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. 250 കിലോ ആസ്‌ത്രേലിയന്‍ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇതില്‍ 205 കിലോ കാലാവധി കഴിഞ്ഞതായിരുന്നു.
നല്ല മാംസത്തോടൊപ്പം കാലാവധി കഴിഞ്ഞത് കൂട്ടിച്ചേര്‍ക്കുമ്പോഴാണ് രണ്ടിടങ്ങളില്‍ നിന്ന് തൊഴിലാളികളെ ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ യൂനിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കാലാവധി തീയതി തിരുത്തി പുതിയ പാക്കറ്റുകളിലാക്കി ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലെ ഗ്രോസറികളിലുടനീളം വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ഇറച്ചി എത്തിക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിന്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്.
അതേസമയം, ഓള്‍ഡ് ഗാനിമില്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച ഗ്രോസറി ഷോപ്പും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കാലാവധി കഴിഞ്ഞ നിരവധി ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ പറ്റാത്ത വൃത്തികേടായ സ്ഥമായിരുന്നു ഇത്. ഗ്രോസറിയില്‍ നിന്ന് കേടായ പഴങ്ങളും പച്ചക്കറികളും പിടികൂടിയിട്ടുണ്ട്. നിയമനടപടികള്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ക്ക് കേസുകള്‍ കൈമാറി.