Connect with us

National

പഠാന്‍കോട് ഭീകരാക്രമണം:പാക് സംഘം ഇന്ത്യയിലെത്തും

Published

|

Last Updated

പൊഖാറ (നേപ്പാള്‍): പഠാന്‍കോട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാക് സംയുക്ത അന്വേഷണ സംഘം ഈ മാസം 27ന് ഇന്ത്യ സന്ദര്‍ശിക്കും. ആറംഗ പാക് സംഘമാണ് ഇന്ത്യയിലെത്തുക. നേപ്പാളിലെ പൊഖാറയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. സാര്‍ക് മന്ത്രിതല ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇരുവരും കാണുന്നതിന് മുമ്പ് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും പാക് സംഘത്തിന് വിസ അനുവദിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ മുന്‍ തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഈ ചര്‍ച്ചകളില്‍ തന്നെ തീരുമാനമാകുകയും ചെയ്തിരുന്നു. ഏഴ് ദിവസത്തേക്ക് സംഘാംഗങ്ങള്‍ക്ക് വിസ അനുവദിക്കാനാണ് തീരുമാനം. 37ാമത് സാര്‍ക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിനാണ് സുഷമാ സ്വരാജും സര്‍താജ് അസീസും പൊഖാറയിലെത്തിയത്.

പാക് സംഘത്തിന് പഠാന്‍കോട്ട് വ്യോമത്താവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായി സംഘം സംസാരിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ല. അതേസമയം, പാക് സംഘം വ്യോമത്താവളത്തില്‍ പ്രവേശിക്കുന്നതില്‍ വിയോജിപ്പില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വ്യക്തമാക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പരസ്പര നിയമസഹായ കരാറില്‍ ഒപ്പുവെക്കാത്തതിനാല്‍ നവാസ് ശരീഫ് പ്രത്യേകം കത്തെഴുതിയാല്‍ മാത്രമേ പാക് അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറാനാകൂ എന്ന നിലപാടിലാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന കാര്യത്തിലും സുഷമാ- സര്‍താജ് അസീസ് കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഈ വര്‍ഷം അവസാനം ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. ഇസ്‌ലാമാബാദില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജ്യനല്‍ കോ ഓപറേഷന്‍ (സാര്‍ക്) യോഗത്തില്‍ പങ്കെടുക്കാന്‍ മോദിയെ ക്ഷണിച്ചുകൊണ്ടുള്ള നവാസ് ശരീഫിന്റെ സന്ദേശം സുഷമാ സ്വരാജിന് സര്‍താജ് അസീസ് കൈമാറുകയായിരുന്നു. ഈ മാസം 31ന് വാഷിംഗ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്കിടെ നവാസ് ശരീഫും മോദിയും കൂടിക്കാഴ്ച നടത്തിയേക്കും. ഇരു പ്രധാനമന്ത്രിമാരും വാഷിംഗ്ടണില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍താജ് അസീസ് പറഞ്ഞു.

പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് സുഷമാ സ്വരാജും സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തിയത്. ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഔദ്യോഗികമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്.
പഠാന്‍കോട് ഭീകരാക്രമണത്തെ തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് ഭീകരാക്രമണം നടന്നത്. ജനുവരി പകുതിയോടെ ഇസ്‌ലാമാബാദില്‍ വെച്ചും തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചും നടക്കേണ്ടിയിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്നാണ് ഇന്ത്യ പിന്മാറിയിരുന്നത്. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ അവസാനം കാബൂളില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ നരേന്ദ്ര മോദി പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Latest