Connect with us

Kerala

രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ കൊല്ലത്തിന്റെ വിധി മാറ്റുമോ..?

Published

|

Last Updated

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രവചനം അസാധ്യമാക്കിയാണ് കൊല്ലത്തിന്റെ രാഷ്ട്രീയ ചിത്രം തെളിഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ജില്ലയിലെ ഇത്തവണത്തെ രാഷ്ട്രീയ പശ്ചാത്തലം. സംസ്ഥാന രാഷ്ട്രിയത്തില്‍ ഇരു മുന്നണികളിലും ഉണ്ടായ കാര്യമായ മാറ്റം ജില്ലയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകും. മൂന്ന് പതിറ്റാണ്ട് എല്‍ ഡി എഫിനൊപ്പം പ്രവര്‍ത്തിച്ച ആര്‍ എസ് പി ഇത്തവണ യു ഡി എഫിനൊപ്പവും യു ഡി എഫിനൊപ്പം നിന്നിരുന്ന ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് എല്‍ ഡി എഫിനൊപ്പവും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ജില്ലയിലെ പ്രധാന രാഷ്ട്രീയ ചുവടുമാറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലായിരുന്ന ആര്‍ എസ് പിയും ആര്‍ എസ് പി – ബിയും ലയിച്ച് ഒന്നായെങ്കിലും അടുത്തിടെ മുന്‍ എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആര്‍ എസ് പി (ലെനിനിസ്റ്റ്) രൂപവത്കരിച്ച് എല്‍ ഡി എഫിനൊപ്പം ചേര്‍ന്നതും സമീപകാലത്തെ രാഷ്ട്രീയ മാറ്റമാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ഇടതിനൊപ്പവും ലോകസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെയും തുണക്കുന്നതാണ് കഴിഞ്ഞകാലങ്ങളില്‍ കൊല്ലത്തെ വോട്ടര്‍മാര്‍ പുലര്‍ത്തിവരുന്ന രാഷ്ട്രീയ പ്രബുദ്ധത. 11 നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ ഒമ്പതിടത്തും എല്‍ ഡി എഫിനായിരുന്നു വിജയം. ചവറയില്‍ ഷിബുബേബിജോണും പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാറും മാത്രമാണ് യു ഡി എഫിന് ആശ്വാസ വിജയം നേടിയെടുത്തത്.
എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം പൂര്‍ണമായും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗങ്ങളും ഉള്‍പ്പെട്ട ജില്ലയില്‍ മൂന്നിടത്തെയും യു ഡി എഫ് സ്ഥാനാര്‍ഥികളെ ജനങ്ങള്‍ കൈയഴിഞ്ഞ് സഹായിച്ചു. എന്നാല്‍, 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ യു ഡി എഫിനെ കൈവിട്ട് എല്‍ ഡി എഫിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതി. ജില്ലാ പഞ്ചായത്തും കൊല്ലം കോര്‍പറേഷനും നാല് നഗരസഭകളും പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളും എല്‍ ഡി എഫ് തൂത്തുവാരി. 68 പഞ്ചായത്തുകളില്‍ 61ലും ഇടത് മുന്നണിക്കാണ് ഭരണം ലഭിച്ചത്. 2006 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് ആധിപത്യം ഇത്തവണ ഇല്ലാതാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം. ആര്‍ എസ് പിയുടെ വരവ് ഒരു പരിധിവരെ ഗുണം ചെയ്യുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച ആര്‍ എസ് പി ഇത്തവണ ഒരു സീറ്റുകൂടി വേണമെന്ന വാശിയിലാണ്. ഇത് യു ഡി എഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ചവറയില്‍ മന്ത്രി ഷിബു ബേബിജോണും ഇരവിപുരത്ത് എ എ അസീസുമായിരിക്കും ആര്‍ എസ് പി സ്ഥാനാര്‍ഥികള്‍. എന്നാല്‍, കുന്നത്തൂരില്‍, പാര്‍ട്ടിവിട്ട കോവൂര്‍ കുഞ്ഞുമോനെതിരെ പാര്‍ട്ടിസ്ഥാനാര്‍ഥിയെ നിര്‍ത്താതെ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് മറ്റൊരു സീറ്റ് വാങ്ങുന്ന കാര്യവും ആര്‍ എസ് പി ആലോചിക്കുന്നുണ്ട്. അതേസമയം ആര്‍ എസ് പി നേതാവ് എ എ അസീസ് മത്സരിക്കുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമായ ഇരവിപുരം ഇത്തവണ അവര്‍ക്ക് കിട്ടാനിടയില്ല.
ആര്‍ എസ് പിയുടെ സിറ്റിംഗ് സീറ്റായതിനാലാണിത്. പകരം ചടയമംഗലമോ കരുനാഗപ്പള്ളിയോ വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍, ലീഗ് ജില്ലാ നേതൃത്വം ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നിരിക്കുന്ന കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. പത്തനാപുരം സീറ്റില്‍ കേരള കോണ്‍ഗ്രസ് -ബിയിലെ സിറ്റിംഗ് എം എല്‍ എ. കെ ബി ഗണേഷ്‌കുമാറിന് എല്‍ ഡി എഫ് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അതേസമയം കൊട്ടാരക്കര സീറ്റ് വേണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം സി പി എം തള്ളി. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ നല്‍കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുന്നത്തൂരില്‍ ആര്‍ എസ് പി വിട്ട് വന്ന കോവൂര്‍ കുഞ്ഞുമോനെ ഇടതുമുന്നണി പിന്തുണക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ എസ് പി മുന്നണി വിട്ടതോടെ ഈ സീറ്റ് തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യവുമായി സി പി ഐ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ എസ് അനിലിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സി പി ഐയുടെ ആവശ്യം. കൊല്ലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പി കെ ഗുരുദാസന്‍ വീണ്ടും മത്സരിക്കും. കൊട്ടാരക്കരയില്‍ നിലവിലെ എം എല്‍ എ അയിഷാ പോറ്റിയെ ഒഴിവാക്കി പകരം മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹനെ പരിഗണിക്കും. കുണ്ടറയില്‍ എം എ ബേബിക്ക് പകരം മേഴ്‌സിക്കുട്ടിയമ്മയുടെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. സി പി ഐയില്‍ ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനു പകരം സംസ്ഥാന സെക്രട്ടറി കെ പ്രകാശ് ബാബുവിനെ പരിഗണിക്കുന്നു. കരുനാഗപ്പള്ളിയില്‍ സി ദിവാകരന്‍ വീണ്ടും മത്സരിക്കും. പുനലൂരില്‍ കെ രാജു മാറി നിന്നാല്‍ പി എസ് സുപാല്‍ സ്ഥാനാര്‍ഥിയാവും. ചാത്തന്നൂരില്‍ ജി എസ് ജയലാലിന് ഒരു ഊഴംകൂടി ലഭിക്കും. യു ഡി എഫില്‍ പുനലൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് – എം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണ എന്ത് വിലകൊടുത്തും ജില്ലയില്‍ വിജയം അനിവാര്യമാക്കണമെന്ന കെ പി സി സി തീരുമാന പ്രകാരം കൊടിക്കുന്നില്‍ സുരേഷ് എം പി ക്ക് ഡി സി സി പ്രസിഡന്റിന്റെ ചുമതല നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഥിയിലേക്കിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസവുമായാണ് സി പി എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എം പി യുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് രംഗത്തെ കരുക്കള്‍ നീക്കുന്നത്.
ബി ഡി ജെ എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് കാര്യമായ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

Latest