Connect with us

Kasargod

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ മൂന്നുനിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമതീരുമാനമായില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുന്നതിനുമായി യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും.
വൈകുന്നേരം മൂന്നുമണിക്ക് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പരമ്പരാഗതമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചുവരുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പാര്‍ട്ടി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ് എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്നും പി ബി അബ്ദുറസാഖും പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളായ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഉദുമയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ മല്‍സരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.
ഉദുമയില്‍ സി പി എം സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം എല്‍ എ. കെ കുഞ്ഞിരാമന്‍ വീണ്ടും ജനവിധി തേടുകയാണ്. കുഞ്ഞിരാമന്‍ പ്രചാരണത്തില്‍ മുന്നോട്ടുപോകുമ്പോഴും കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വല്ലാത്ത മരവിപ്പാണ്. കെ സുധാകരന്‍ ഉദുമയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറാനും സാധ്യതയുണ്ട്.
തന്റെ നിലപാട് അദ്ദേഹം കഴിഞ്ഞദിവസം നടന്ന കെ പി സി സി യോഗത്തില്‍ അറിയിച്ചതായി സൂചനയുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഹൈക്കമാന്റിന് അയച്ച സ്ഥാനാര്‍ഥി പട്ടികയില്‍ കെ സുധാകരന്‍, പെരിയ ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണുള്ളത്. സുധാകരന്‍ പിന്മാറുന്ന പക്ഷം ബാലകൃഷ്ണനായിരിക്കും സ്ഥാനാര്‍ഥിത്വം ലഭിക്കുക.

 

Latest