മരുന്ന് നിരോധം

Posted on: March 17, 2016 9:07 am | Last updated: March 17, 2016 at 9:07 am
SHARE

SIRAJ.......ആരോഗ്യ സംരക്ഷണത്തിനുള്ളതാണ് മരുന്നുകള്‍. ഇന്ന് വിപണിയിലുള്ള മരുന്നുകളില്‍ പലതും പക്ഷേ, ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നവയാണ്. സുരക്ഷിതമല്ലാത്ത ഇത്തരം മരുന്നുകള്‍ക്കെതിര പല രാഷ്ട്രങ്ങളും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഭരണകൂടം ഇക്കാര്യത്തില്‍ അയഞ്ഞ സമീപനമാണ് സ്വീകരിച്ചു വന്നിരുന്നത്. ഇക്കാര്യം ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഗുണനിലാരം ഉറപ്പുവരുത്താന്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായിരിക്കണം ഗുണനിലവാരമില്ലാത്തതെന്ന് ബോധ്യപ്പെട്ട 344 മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. വേറെ 500 മരുന്നുകളുടെ നിരോധം പരിഗണനയിലുമുണ്ട്. 30 വര്‍ഷത്തിലേറെ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരുന്നവയാണ് ഇവയില്‍ പലതും. മറ്റു രാജ്യങ്ങള്‍ മുമ്പേ ഇവ നിരോധിച്ചിട്ടുണ്ട്.
ആരോഗ്യ പരിപാലനത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിക്കുകയും പാവപ്പെട്ട രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതുകൊണ്ട് മാത്രമായില്ല, രാജ്യത്ത് നിര്‍മിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന മരുന്നുകള്‍ ഗുണനിലവാരമുള്ളതും മാരകമായ പാര്‍ശ്വഫലങ്ങളില്ലാത്തവയുമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത കൂടി സര്‍ക്കാറിനുണ്ട്. ലോക രാജ്യങ്ങളില്‍ മരുന്നുകള്‍ വിശദമായ പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ വില്‍പനക്ക് അനുമതി നല്‍കാറുള്ളു. ഇതു സംബന്ധമായി നിസ്സാരമായ അബദ്ധങ്ങള്‍ പോലും അവര്‍ പൊറുപ്പിക്കില്ല. ഒരു ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2013സെപ്തംബറില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന റാന്‍ബാക്‌സി മരുന്നുകള്‍ അമേരിക്ക നിരോധിച്ചത്. കമ്പനിയുടെ മോഹാലി ഫാക്ടറിയില്‍ ഉത്പാദിപ്പിച്ച ഗുളികയിലാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മുടി കണ്ടത്. മരുന്ന് പരീക്ഷണ സംബന്ധമായ വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ പിഴവ് സംഭവിച്ചതിന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയുടെ മരുന്നുകള്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂനിയനിലെ 28 രാജ്യങ്ങള്‍ നിരോധിച്ചിരുന്നു. അതേസമയം, സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകള്‍ യഥേഷ്ടം ഇന്ത്യയില്‍ വിറ്റുവരുന്നുണ്ട്. പാര്‍ലിമെന്റിലെ ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി 2012 മെയില്‍ അവതരിപ്പിച്ച 59ാം റിപ്പോര്‍ട്ടില്‍ ഔഷധപരീക്ഷണങ്ങളൊന്നും നടത്താത്ത നിരവധി മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നിരുന്നു. രാജ്യത്ത് മരുന്നുകള്‍ക്ക് അനുമതി നല്‍കേണ്ട സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തന വൈകല്യമാണിതിന് ഇടവരുത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം ഇപ്പോഴും പഴയ മട്ടില്‍ തുടരുകയാണ്.
മറ്റു രാജ്യങ്ങള്‍ നിരോധിച്ച മരുന്നുകള്‍ വിറ്റഴിക്കാനും അനധികൃത മരുന്നുപരീക്ഷണത്തിനുമുള്ള ഇടമാണ് വിദേശ കുത്തകകള്‍ക്ക് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും. 2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ രാജ്യത്ത് നടന്ന 475 മരുന്നുകളുടെ പരീക്ഷണത്തിന് വിധേയരായവരില്‍ 2,644 പേര്‍ ഇതുമൂലം മരണപ്പെടുകയും 11,972 പേര്‍ക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതാണ്. തുടര്‍ന്ന് 2013 ജനുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ നടക്കുന്ന അനധികൃത ഔഷധപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടത്തുകയും ചെയ്തിരുന്നു.
ഒന്നിലേറെ മരുന്നുകളുടെ ചേരുവകള്‍ അടങ്ങുന്നവയാണ് ഇപ്പോള്‍ നിരോധിച്ച 350 ഓളം മരന്നുകള്‍. വിവിധ ചേരുവകള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനം മാരകമായ പാര്‍ശ്വ ഫലങ്ങള്‍ ഉളവാക്കിയേക്കുമെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാര്‍ശ്വ ഫലങ്ങളുണ്ടായാല്‍ ചേരുവയിലെ ഏത് മരുന്നില്‍ നിന്നാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താനും സാധ്യമല്ലാത്തതിനാല്‍ അതിനുള്ള പ്രതിവിധിയും പ്രയാസമകരമാണത്രെ. എന്നാല്‍ ദശാബ്ദങ്ങളായി രാജ്യത്ത് യഥേഷ്ടം വിറ്റുവരികയായിരുന്ന ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ രാജ്യത്തെ എത്ര പേരില്‍ ഇതിനകം ബാധിച്ചിരിക്കണം. ഇതിന് ആര് സമാധാനം പറയും? അവരുടെ ദുരിതങ്ങള്‍ ആര് പരിഹരിക്കും? ഏതായാലും ഇപ്പോഴെങ്കിലും ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നല്ലോ എന്നാശ്വസിക്കാം. അതേ സമയം, ചേരുവകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി, അല്ലെങ്കില്‍ അത്തരം അവകാശ വാദങ്ങളുമായി ഈ മരുന്നുകള്‍ പാര്‍ശ്വഫലങ്ങളുളവാക്കുന്ന വിധത്തില്‍ ഇനിയും പുനര്‍ജനിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും പരിശോധനകള്‍ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ വിപണിയിലുള്ള മരുന്നുകളും മുഴുവനായും സമഗ്ര പരിശോധനക്ക് വിധേയമാക്കി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here