വണ്ടൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കെ നിഷാന്ത്

Posted on: March 16, 2016 1:25 pm | Last updated: March 16, 2016 at 1:25 pm

കാളികാവ്: വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ആരാകുമെന്ന് ഏതാണ്ട് ഉറപ്പായി. സി പി എം തുവ്വൂര്‍ ലോക്കല്‍ സെക്രട്ടറി കെ നിഷാന്ത് എന്ന കണ്ണനാണ് അവസാന ഘട്ട ലിസ്റ്റിലുള്ളത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാര്‍ഥി പട്ടികയിലേക്ക് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍, തിരുവാലി മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ പി ഭാസ്‌കരന്‍ എന്നിവരുടെ പേരുകളാണ് നേരത്തെ പാര്‍ട്ടി പരിഗണിച്ചിരുന്നത്.

ബാലന്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കുന്നതിനാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബാലന്റെ പേര് ഉയര്‍ന്നുവന്നതോടെ തുവ്വൂരിലുണ്ടായ പ്രാദേശിക വികാരം കൂടി കണക്കി െലടുത്താണ് കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിലൂടെ പഞ്ചായത്ത് പിടിക്കാന്‍ കരുക്കള്‍ നീക്കിയ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി നിഷാന്തിന് നറുക്ക് വീണത്.

2011ല്‍ വണ്ടൂരില്‍ എ പി അനില്‍കുമാറിനെതിരെ ഡി വൈ എഫ് ഐ നേതാവ് വി രമേശനെയാണ് സി പി എം മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ അനില്‍കുമാര്‍ 77580 വോട്ട് നേടിയപ്പോള്‍ രമേശിന് 48661 വോട്ടാണ് ലഭിച്ചത്. നേരത്തെ വണ്ടൂര്‍ മണ്ഡലത്തിലേക്ക് സിനിമാ താരം കലാഭവന്‍ മണിയുടെ പേര് ഇടത് കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടെയാണ് മറ്റൊരു സ്ഥാനാര്‍ഥിക്കായി സി പി എം സജീവ നീക്കം നടത്തിയത്. വണ്ടൂരിലേക്ക് മുന്‍ മന്ത്രി എ കെ ബാലന്റെ പേരും പാര്‍ട്ടി പരിഗണിച്ചിരുന്നു.

അനില്‍കുമാറിന്റെ വികസന പ്രചരണത്തെ വൈദ്യുതി മന്ത്രിയായി ബാലന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി മത്സരം ശക്തമാക്കാമെന്നും കണക്ക് കൂട്ടലുണ്ടായിരുന്നു. എന്നാല്‍ വണ്ടൂരില്‍ പരീക്ഷണത്തിനിറങ്ങേണ്ടെന്ന് ഒടുവില്‍ എ കെ ബാലന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രാദേശിക തലങ്ങളില്‍നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വണ്ടൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ തുവ്വൂരിന് പുറമെ തിരുവാലി, പോരൂര്‍, കാളികാവ്, ചോക്കാട് എന്നീ നാലു പഞ്ചായത്തുകളില്‍ സി പി എമ്മിനാണ് പഞ്ചായത്ത് ഭരണം. ഈ അനുകൂല ഘടകങ്ങള്‍ പ്രയോജ നപ്പെടുത്താമെന്നാണ് സി പി എം വിലയിരുത്തല്‍.

1991ല്‍ യു ഡി എഫ് കോട്ടയായ വണ്ടൂരില്‍ എന്‍ കണ്ണനാണ് കോണ്‍ഗ്രസിലെ പന്തളം സുധാകരനെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുത്തത്. വീണ്ടുമൊരു കണ്ണനിലൂടെ അട്ടിമറി വിജയത്തിന് കാത്തിരിക്കുകയാണ് വണ്ടൂരിലെ പാര്‍ട്ടി നേതൃത്വം. തുവ്വൂര്‍ കമാനത്തിങ്ങലില്‍ താമസിക്കുന്ന രാസവള ഏജന്‍സി നടത്തുന്ന നിഷാന്ത് ഡി വൈ എഫ് ഐ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.