രാജ്യസ്‌നേഹികളുടെ ഇന്നിംഗ്‌സ്

രാജ്യസ്‌നേഹത്തിന്റെ ഇന്നിംഗ്‌സാണ് വീര്‍ഭദ്ര സിംഗ് കളിക്കുന്നതെന്ന് ബോധ്യം വന്ന അനുരാഗ് പൊട്ടിത്തെറിച്ചു. ഹിമാചലിന്റെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അവസാന മണിക്കൂറില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് താക്കൂര്‍ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചു പക്ഷേ, വിരമിച്ച സൈനികരുടെ വെല്ലുവിളിയെ കുറിച്ച് ഒന്നും ഉരിയാടാന്‍ താക്കൂറിന് ധൈര്യമുണ്ടായില്ല. ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞുനോക്കിയെങ്കിലും വീര്‍ഭദ്രസിംഗ് മൈന്‍ഡ് ചെയ്തില്ല. 'രാജ്യസ്‌നേഹി' എന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന് ശേഷം മാത്രമാണ് വീര്‍ഭദ്ര സിംഗ് ഇന്ത്യ-പാക് കളി നടത്തുന്നതിന് ചെറുതായൊന്ന് അയഞ്ഞത്.
Posted on: March 16, 2016 6:00 am | Last updated: March 15, 2016 at 11:34 pm

Pakistan's Shahid Afridi acknowledges the crowd as Pakistan team arrives at the Netaji Subhas Chandra Bose International airport for the ICC World Twenty20 2016 cricket tournament in Kolkata, India, Saturday, March 12, 2016. (AP Photo/ Bikas Das)

രാജ്യസ്‌നേഹം; രാജ്യദ്രോഹം. രാഷ്ട്രം ഈ ദ്വന്ദം ചര്‍ച്ച ചെയ്യുകയാണ്. ജാമ്യത്തിലിറങ്ങിയ ശേഷം കന്‍ഹയ്യ ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പ്രസംഗം യട്യൂബില്‍ കണ്ടവര്‍; കേട്ടവര്‍ വീണ്ടും കാണുന്നു; കേള്‍ക്കുന്നു. രാജ്യത്ത് പലഭാഗത്തും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആഗതമായിരിക്കുന്നു.
രാജ്യസ്‌നേഹിയാര്, രാജ്യദ്രോഹിയാര് എന്ന് ഓരോരുത്തരും സ്വയം ചോദിച്ചു കൊണ്ടിരിക്കുന്ന നാട്ടിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ക്രിക്കറ്റ് ഇന്ത്യന്‍ ജനതക്ക് എന്തെന്നില്ലാത്ത ലഹരിയാണ്, വലിയ വികാരമാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലാണ് കളിയെങ്കില്‍ പറയുകയും വേണ്ട. രാജ്യത്തെ മുക്കിലും മൂലയിലും അതായിരിക്കും സംസാരം. തിരഞ്ഞെടുപ്പിന്റെ ചൂടാണെങ്കിലും ഇന്ത്യ-പാക് കളിയുണ്ടെങ്കില്‍ അത് കഴിഞ്ഞിട്ടേ എന്തുമുള്ളൂ.
ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് അനുവദിച്ചു കിട്ടിയപ്പോള്‍ മുതല്‍ക്ക് ആള്‍ക്കാര്‍ക്ക് അറിയേണ്ടത് ഇന്ത്യ-പാക് കളിയുണ്ടാകുമോ എന്നാണ്. ഉണ്ടെങ്കില്‍ തന്നെ ഏത് ഘട്ടത്തിലാകും, എവിടെ വെച്ചാകും എന്നൊക്കെയുള്ള നൂറുകൂട്ടം ചോദ്യങ്ങള്‍ മനസില്‍ ഉയരും. മാധ്യമങ്ങളും ഇന്ത്യ-പാക് കളിയുടെ വിശദവിവരങ്ങളാണ് ആദ്യം തേടിയതും, ആദ്യം അറിയിക്കാന്‍ ശ്രമിച്ചതും.
ഒരു വര്‍ഷം മുമ്പെ വ്യക്തമായി. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലാകും ആ മഹാ മാച്ച് ! ആറ് മാസം മുമ്പെ, ഹിമാചല്‍ പ്രദേശ് സര്‍ക്കാറിന്റെ പിന്തുണയോടെ ബി സി സി ഐ ധര്‍മശാലയെ ഇന്ത്യ-പാക് ഗ്രൂപ്പ് മത്സരത്തിന്റെ ഔദ്യോഗിക വേദിയായി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം കാത്തിരുന്ന പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തുകയും പഠാന്‍കോട്ട് ആക്രമണത്തില്‍ രാജ്യം നടുങ്ങിയതും ഇതിന് ശേഷമാണ്. ഇന്ത്യ-പാക് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമ്പോഴും ബി ജെ പി എം പിയും ബി സി സി ഐ സെക്രട്ടറിയുമായ അനുരാഗ് താക്കൂര്‍ ഇത് വരാനിരിക്കുന്ന ലോകകപ്പിന്റെ ഗ്ലാമര്‍ പോരാട്ടത്തെ ബാധിക്കാതിരിക്കാന്‍ നിശ്ശബ്ദമായി കരുനീക്കിയിരുന്നു.
വെമുല, കന്‍ഹയ്യ വിഷയങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ, ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ അടിക്കാനുള്ള ‘വടി’ ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് തന്റെ തഴക്കം വന്ന രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പൊട്ടിച്ചെടുത്തു! രാജ്യസ്‌നേഹം, ദേശാഭിമാനം എന്നീ യോര്‍ക്കറുകള്‍ എറിഞ്ഞ് ബി ജെ പിയെ വെട്ടിലാക്കാന്‍ വീര്‍ഭദ്ര സിംഗ് കച്ചകെട്ടി.
പാക്കിസ്ഥാന്‍ ടീമിന് സുരക്ഷയൊരുക്കാന്‍ ഹിമാചല്‍ സര്‍ക്കാറിന് സൗകര്യപ്പെടില്ലെന്ന് വീര്‍ഭദ്രസിംഗ് ആദ്യ വെടി പൊട്ടിച്ചു. ഹിമാചലിനെ ഏറ്റവുമധികം കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോര്‍ഡുള്ള വീര്‍ഭദ്രസിംഗ് രാഷ്ട്രീയ കാരണങ്ങളേക്കാള്‍ രാജ്യസ്‌നേഹമെന്ന വൈകാരിക തലത്തിലൂന്നിയാണ് ആ യോര്‍ക്കര്‍ എറിഞ്ഞത്. സംസ്ഥാനത്തെ മുന്‍ സൈനികരുടെ കൂട്ടായ്മയുടെ പ്രതിഷേധ രൂപത്തിലാണ് വീര്‍ഭദ്ര സിംഗ് കോണ്‍ഗ്രസിന്റെ രാജ്യസ്‌നേഹം പ്രകടമാക്കിയത്. സൈനികരുടെ വികാരം മാനിക്കണം, അവരാണ് മഞ്ഞും മഴയും വെയിലും കാര്യമാക്കാതെ ഇന്ത്യയെ ശത്രുരാജ്യങ്ങളില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തുന്നത്. അവരുടെ വികാരം മാനിക്കാതെ സര്‍ക്കാറിന് ഒരടി മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് വീര്‍ഭദ്ര സിംഗ് വ്യക്തമാക്കി.
ധര്‍മശാലയില്‍ പാക്കിസ്ഥാനികള്‍ അവരുടെ പതാക പാറിപ്പിക്കുന്നത് എന്തു വിലകൊടുത്തും തടയുമെന്ന് ഇന്ത്യന്‍ എക്‌സ് സെര്‍വീസ് മെന്‍ ലീഗിന്റെ (മുന്‍ സൈനികരുടെ കൂട്ടായ്മ) സംസ്ഥാന പ്രസിഡന്റ് മേജര്‍ വിജയ് സിംഗ് മാന്‍കോതിയ ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ് നല്‍കിയത്. പാക്കിസ്ഥാനെ കളിക്കാന്‍ അനുവദിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം പാക്കിസ്ഥാന്‍ തീവ്രവാദി അസ്ഹര്‍ മസൂദിന്റെ തലയെടുക്കണമെന്നവര്‍ ശഠിച്ചു.
മത്സരം തടയുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം. കാശ്മീര്‍ വഴി ധാരാളം പാക്കിസ്ഥാനികള്‍ ഇവിടെ എത്തിച്ചേരും. അവര്‍ പാക്കിസ്ഥാന്‍ പതാക ഹിമാചല്‍ പ്രദേശിന്റെ ആകാശത്ത് പാറിപ്പറപ്പിക്കും. അത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല. എന്തു വില കൊടുത്തും തടയുക തന്നെ ചെയ്യും. ഓപറേഷന്‍ ബലിദാന്‍ (ത്യാഗം) എന്ന കര്‍മപദ്ധതിയിലൂടെ ഇതിനെ ചെറുക്കുമെന്നും മേജര്‍ വിജയ് സിംഗ് പറഞ്ഞു.
ബി ജെ പി. എം പി അനുരാഗ് താക്കൂര്‍ അപകടം മണത്തത് അപ്പോള്‍ മാത്രമാണ്. രാജ്യസ്‌നേഹത്തിന്റെ ഇന്നിംഗ്‌സാണ് വീര്‍ഭദ്ര സിംഗ് കളിക്കുന്നതെന്ന് ബോധ്യം വന്ന അനുരാഗ് പൊട്ടിത്തെറിച്ചു. ഹിമാചലിന്റെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അവസാന മണിക്കൂറില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് താക്കൂര്‍ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചു പക്ഷേ, വിരമിച്ച സൈനികരുടെ വെല്ലുവിളിയെ കുറിച്ച് ഒന്നും ഉരിയാടാന്‍ താക്കൂറിന് ധൈര്യമുണ്ടായില്ല.
ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞുനോക്കിയെങ്കിലും വീര്‍ഭദ്രസിംഗ് മൈന്‍ഡ് ചെയ്തില്ല. ‘രാജ്യസ്‌നേഹി’ എന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന് ശേഷം മാത്രമാണ് വീര്‍ഭദ്ര സിംഗ് ഇന്ത്യ-പാക് കളി നടത്തുന്നതിന് ചെറുതായൊന്ന് അയഞ്ഞത്. പക്ഷേ, ഇന്ത്യയിലെ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തി പാക്കിസ്ഥാന്‍ മറുഭാഗത്ത് മറ്റൊരു അടവ് നയം പയറ്റിയതോടെ കളി ധര്‍മശാലക്ക് നഷ്ടമായി. ഐ സി സി സുരക്ഷാ തലവേദന ഒഴിവാക്കാന്‍ പശ്ചിമ ബംഗാളിലേക്ക് മത്സരം പറിച്ചുനട്ടു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ വേദിയാക്കി. അപ്പോഴും പാക്കിസ്ഥാന്‍ അയഞ്ഞില്ല. പതിവ് പോലെ, ഐ സി സിയെ സമ്മര്‍ദത്തിലാഴ്ത്തി ഭാവിയിലേക്കുള്ള രഹസ്യ ഉടമ്പടികളുണ്ടാക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കങ്ങളാണ് പിന്നീട് നടന്നത്. പാക് സര്‍ക്കാറിന്റെ അന്തിമ അനുമതി ലഭിച്ചില്ലെന്ന് പി സി ബി അറിയിച്ചു. ഏവരും ആ അനുമതിക്കായി കാത്തു നിന്നു. നാടകീയമായി ആ അനുമതി സംഭവിച്ചു.
പാക്കിസ്ഥാന്‍ രാത്രിക്ക് രാത്രി പുറപ്പെട്ടു, പിറ്റേ ദിവസം കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഊഷ്മള സ്വീകരണത്തില്‍ പാക് ക്യാപ്റ്റന്റെ മനം മയങ്ങി. സ്വന്തം നാട്ടില്‍ ഇതുപോലൊരു സ്‌നേഹം അനുഭവിച്ചിട്ടില്ലെന്ന് ഒരു കാച്ചങ്ങോട്ട് കാച്ചി ഷാഹിദ് അഫ്രീദി. പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം എന്നാണല്ലോ. രാജ്യദ്രോഹവും രാജ്യസ്‌നേഹവും ചര്‍ച്ച ചെയ്യുന്ന നാട്ടിലെത്തിയപ്പോള്‍ അഫ്രീദിയും നടുക്കഷ്ണം തന്നെ തിരഞ്ഞെടുത്തുവെന്ന് കരുതിയാല്‍ മതി.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളില്‍ സ്‌പോര്‍ട്‌സ് രാഷ്ട്രീയമാണ് പയറ്റുന്നത്. ഫുട്‌ബോള്‍ താരം സഈദ് റഹീം നബിയെ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിച്ച മമത മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയയെ മത്സരരംഗത്തിറക്കിയിരിക്കുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് സൗരവ് ഗാംഗുലിയെ പ്രതിഷ്ഠിച്ച മമത, ഇന്ത്യ-പാക് മത്സരം സംഘടിപ്പിക്കാന്‍ ഗാംഗുലിക്ക് പൂര്‍ണ പിന്തുണയും നല്‍കി. ബംഗാളില്‍ മമത ബാനര്‍ജിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരകന്‍ കൂടിയാണിന്ന് ഗാംഗുലി. ഹിമാചല്‍ പ്രദേശില്‍ നിന്ന് ‘രാജ്യസ്‌നേഹം’ കാരണം പുറന്തള്ളപ്പെട്ട് കൊല്‍ക്കത്തയിലെത്തിയ ഇന്ത്യ-പാക് ക്രിക്കറ്റ് മമതയെ വീഴ്ത്താനുള്ള രാഷ്ട്രീയ ആയുധമായി എതിരാളികള്‍, പ്രത്യേകിച്ച് ബി ജെ പി പ്രയോഗിച്ചേക്കാം. മഹാരാഷ്ട്രയില്‍ നിന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറേയാണ് മമതക്കെതിരെ ആദ്യ വെടിപൊട്ടിച്ചത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെത് ദേശാഭിമാനം ഉയര്‍ത്തുന്ന നടപടിയാണ്. അഭിനന്ദനങ്ങള്‍. എന്നാല്‍, മമത പാക്കിസ്ഥാന്‍ കളിക്കാരെ ബംഗാളിലേക്ക് ക്ഷണിച്ചിരിക്കുന്നു. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷേ, മുസ്‌ലിം വോട്ടു ബേങ്കിനെ ലക്ഷ്യമിടുകയാണവര്‍ ചെയ്തത്. ഗുലാം അലിയെ ബംഗാളിലേക്ക് ക്ഷണിച്ചു. ഇപ്പോഴിതാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും – ഉദ്ധവ് താക്കറേ ആഞ്ഞടിച്ചു.
മാര്‍ച്ച് 19നാണ് ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഈ കളിയെ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന് തൃണമൂലിനെ പോലെ എതിരാളികളും ആഞ്ഞ് പിടിച്ച് ചിന്തിക്കുന്നുണ്ടാകും. ഏതായാലും നമുക്ക് കാത്തിരിക്കാം, ക്രിക്കറ്റിനേക്കാള്‍ ആവേശകരമാകുന്ന രാഷ്ട്രീയ ഗൂഗ്ലികള്‍ക്കായ്!