വിസാ കാലാവധി കഴിഞ്ഞ കാല്‍ലക്ഷത്തിലേറെ പേര്‍ രാജ്യത്ത് തങ്ങുന്നു

Posted on: March 15, 2016 10:01 pm | Last updated: March 15, 2016 at 10:01 pm
SHARE

visas immigrationദോഹ: വിസാ കാലാവധി കഴിഞ്ഞ 26000 പേര്‍ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ അനധികൃതമായി താമസിച്ചുവെന്ന് രേഖപ്പെടുത്തിയവരുടെ പ്രവേശനം ജി സി സി രാഷ്ട്രങ്ങളില്‍ നിരോധിക്കാനുള്ള പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ഈസ അല്‍ സയീദ് പറഞ്ഞു.
വിവിധ വിസകളില്‍ വന്ന 25487 പേര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ട്. തൊഴിലുടമകള്‍ ജീവനക്കാരുടെ തൊഴില്‍ വിസ പുതുക്കാത്ത കേസുകളുണ്ട്. അവ പുതുക്കാന്‍ മന്ത്രാലംയ ആവശ്യപ്പെടും. നിശ്ചിത സമയ പദ്ധതികള്‍ക്ക് വേണ്ടി ജോലിയെടുക്കാന്‍ രാജ്യത്തേക്ക് വരികയും കരാര്‍ തീര്‍ന്നതിന് ശേഷം രാജ്യം വിടാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ‘ഓടിപ്പോയ’ വിഭാഗത്തിലുള്ളവരാണ് ഒരു കൂട്ടര്‍. വിസയിലുള്ള ജോലി ലഭിക്കാതെ അനധികൃതമായി മറ്റ് ജോലികള്‍ ചെയ്യുന്നവരുമുണ്ട്. നിയമാനുസൃത വിസകളില്ലാത്തവരെ കണ്ടെത്തുന്നതിന് നഗരത്തിലും മറ്റും സമായസമയങ്ങളില്‍ പരിശോധന നടത്താറുണ്ട്. ഐ ഡിയില്ലാത്തവരെ ചോദ്യം ചെയ്യാറുമുണ്ട്.
അനധികൃതമായി താമസിച്ചവര്‍ക്ക് ജി സി സിതല നിരോധം കൊണ്ടുവരാനുള്ള ആലോചന ശക്തമാക്കിയിട്ടുണ്ട്. മേഖലാതല ഡാറ്റാബേസിലൂടെ വിവരങ്ങള്‍ കൈമാറുന്നതിന് ഗള്‍ഫ് പോലീസ് സേന രൂപവത്കരിക്കണമെന്ന കഴിഞ്ഞ വര്‍ഷത്തെ ദോഹ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയിലെ കരാറിനെ തുടര്‍ന്നുള്ള ആലോചനയാണ് ഈ നിരോധം. രേഖകളില്ലാത്ത താമസക്കാരെ കണ്ടെത്തുന്നതിനും ഈ പ്രശ്‌നം ഇല്ലാതാക്കാനും വര്‍ഷങ്ങളായി ഇത്തരമൊരു ചര്‍ച്ച നടത്തുന്നുണ്ട്. അനധികൃത തൊഴില്‍ വിസ വ്യാപാരം നടത്തുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിന് ഏകീകൃത ഡാറ്റാബേസ് ഏറെ ഉപകാരപ്പെടും. നിയമവിരുദ്ധമായി നൂറുകണക്കിന് പേര്‍ വര്‍ഷവും ഖത്വറില്‍ എത്തുന്നുണ്ട്. വിസയിലില്ലാത്ത ജോലി ചെയ്യുന്നവരും ഒരു ജോലിയും ഇല്ലാത്തവരുമാണവര്‍. തൊഴിലുടമ അനധികൃതമായി പാസ്സ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നതിനാല്‍ ഇവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെ വരുന്നു.
ഇങ്ങനെ തൊഴില്‍ നിയമം ലംഘിച്ച 5440 കമ്പനികളെയും 3460 തൊഴിലുടമകളെയും കഴിഞ്ഞവര്‍ഷം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വീട്ടുതൊഴിലാളികളെ തൊഴിലുടമകളുടെ അടുക്കല്‍നിന്ന് ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here