ആസ്പിറ്റര്‍ ഹോസ്പിറ്റലിന്റെ പടിഞ്ഞാറന്‍ ഭാഗം തുറന്നു

Posted on: March 15, 2016 8:21 pm | Last updated: March 15, 2016 at 8:21 pm
SHARE

aspitar hospitalദോഹ: എല്ലുരോഗ, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രിയായ ആസ്പിറ്ററിന്റെ വിപുലീകരിച്ച പടിഞ്ഞാറന്‍ ഭാഗം ആസ്പിയര്‍ സോണ്‍ ഫൗണ്ടേഷന്‍ ആക്ടിംഗ് സി ഇ ഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം വിപുലീകരിച്ച വടക്കന്‍ ഭാഗം തുറന്നിരുന്നു.
സ്‌പോര്‍ട്‌സ് മെഡിസിനിലെ ആധുനികവത്കരണത്തിന്റെയും വികസനത്തിന്റെയും തുടര്‍ച്ചയാണ് ഇത്. ഇതോടെ പുനരധിവാസ, ഫിസിതെറാപ്പി സേവനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എക്‌സര്‍സൈസ് മെഡിസിന്‍, ഫിസിയോളജി ക്ലിനിക്കുകള്‍, അത്‌ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള സജ്ജീകരണം മുതലായവും ഇതോടെ യാഥാര്‍ഥ്യമായി. വിപുലീകരിച്ച മൊത്തം സ്ഥലം 10080 ചതുരശ്ര മീറ്റര്‍ സ്‌ക്വയര്‍ വരുന്നതാണ്. താഴെ നിലയില്‍ സര്‍ജിക്കല്‍ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള സ്‌പോര്‍ട്‌സ് സര്‍ജറി ട്രെയിനിംഗ് സെന്റര്‍ ഉണ്ട്. മിഡില്‍ ഈസ്റ്റിലെ ആദ്യ സൗകര്യമാണിത്. കൂടാതെ ദിവസം 50 രോഗികളെ ഉള്‍ക്കൊള്ളുന്ന വനിതാ പുരനധിവാസ കേന്ദ്രവും ഉണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രതിദിനം 70 രോഗികളെ ഉള്‍ക്കൊള്ളാനാകും വിധം ഇത് വിപുലപ്പെടുത്തും.
ഒന്നാം നിലയില്‍ പ്രതിദിനം 75 രോഗികളെ ഉള്‍ക്കൊള്ളുന്ന പുരുഷന്മാര്‍ക്കുള്ള പുരനധിവാസ കേന്ദ്രമാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 140 രോഗികളെ ഉള്‍ക്കൊള്ളാനാകും വിധം വിപുലീകരിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പ്രതിദിനം 300 രോഗികള്‍ എന്ന നിലക്ക് വിപുലീകരിക്കും. രണ്ട് സെന്ററുകളിലും വ്യായാമത്തിനുള്ള വിശാല സൗകര്യമുണ്ട്. കായിക പ്രവൃത്തിക്കിടെയുണ്ടാകുന്ന പരുക്കുകള്‍ പരിഹരിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാം നിലയില്‍ ‘വ്യായാമമാണ് മരുന്ന്’ എന്ന പ്രമേയത്തിലുള്ള ക്ലിനിക്ക് ആണ് പ്രവര്‍ത്തിക്കുന്നത്. ബയോകെമിസ്ട്രി ലാബ്, എക്‌സര്‍സൈസ് ഫിസിയോളജി ലാബ്, ആള്‍ട്ടിറ്റിയൂഡ് ചേംബര്‍ തുടങ്ങിയവ ഉണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളാണ് ആണ് മൂന്നാം നിലയില്‍. 2020ഓടെ സ്‌പോര്‍ട്‌സ് മെഡിസിനിലും എക്‌സര്‍സൈസ് സയന്‍സിലും ആഗോള നേതാവ് ആകുക എന്ന ലക്ഷ്യമാണ് ആസ്പിയര്‍ സോണ്‍ ഫൗണ്ടേഷന്‍ അംഗമായ ആസ്പിറ്ററിന്റെത്.