Connect with us

Kozhikode

ബേപ്പൂരില്‍ മെഹബൂബിന് സാധ്യത; കോഴിക്കോട് സൗത്ത് ഐ എന്‍ എല്ലിന്

Published

|

Last Updated

കോഴിക്കോട്:മുന്‍ വ്യവസായ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിന് പകരം മുന്‍ സഹകരണ ബേങ്ക് പ്രസിഡന്റ് എം മെഹബൂബിനെ ബേപ്പൂരില്‍ മത്സരിപ്പിക്കാന്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായതായി റിപ്പോര്‍ട്ട്.

തിരുവമ്പാടിയില്‍ മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസിനെ മത്സരിപ്പിക്കാനും തീരുമാനം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റാണ് അന്തിമ തീരുമാനമെടുക്കുക.
സി പി എം കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത് ഇത്തവണ ഐ എന്‍ എല്ലിന് കൈമാറാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ ഐ എന്‍ എല്ലുമായി സംസ്ഥാനതലത്തില്‍ ചര്‍ച്ച നടക്കുന്നതിനാല്‍ ഇവിടെ ആര് മത്സരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഐ എന്‍ എല്ലും സി പി എമ്മും തമ്മില്‍ സീറ്റ് ധാരണയിലെത്തേണ്ടതുണ്ട്. എങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ പരിഗണിക്കാനാണ് ഐ എന്‍ എല്‍ ആലോചിക്കുന്നത്. കഴിഞ്ഞ തവണ സി പി എം മത്സരിച്ച കോഴിക്കോട് സൗത്ത് സീറ്റ് ഇത്തവണ ഐ എന്‍ എല്ലിന് നല്‍കാനുള്ള തീരുമാനം ജില്ലാ സെക്രട്ടേറിയറ്റില്‍ ചെറിയ തര്‍ക്കത്തിന് ഇടയാക്കിയതാണ് വിവരം. ജയിപ്പിച്ചുവിട്ട ഐ എന്‍ എല്ലുകാരന്‍ മുന്നണി മാറുന്ന അനുഭവം ആവര്‍ത്തിക്കുമെന്ന് ഒരംഗം അഭിപ്രായപ്പെട്ടു. എങ്കിലും സീറ്റ് ഐ എന്‍ എല്ലിന് തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ച സാധ്യതാ ലിസ്റ്റില്‍ ബേപ്പൂരില്‍ കരീമിന്റെ പേരാണുണ്ടായിരുന്നത്. എന്നാല്‍ കരീം മത്സരിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. മേയര്‍ വി കെ സി മമ്മദ് കോയ, സി പി മുസാഫര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ പേരുകളെല്ലാം ചര്‍ച്ചക്ക് വന്നെങ്കിലും ഇവരെയെല്ലാം മറികടന്ന് മെഹൂബിനെ പരിഗണിച്ചത് ശ്രദ്ധേയമാണ്.
നേരത്തെ ജില്ലാ കമ്മിറ്റി കൊടുത്ത ലിസ്റ്റില്‍ പേരാമ്പ്രയില്‍ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെയായിരുന്നു ഇവിടെ പരിഗണിച്ചത്. എന്നാല്‍ ഞായറാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്മദ് മാസ്റ്ററെ വെട്ടിമാറ്റി ടി പി രാമകൃഷ്ണനെ ഉള്‍പ്പെടുത്തുകയായിരുന്നു. ടി പി രാമകൃഷ്ണനെ ഉള്‍പ്പെടുത്തിയ സാഹചര്യം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചെറിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയതാണ് വിവരം.
കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറും, കുന്ദമംഗലത്ത് സ്വതന്ത്രന്‍ പി ടി എ റഹിമും ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടിയും കൊയിലാണ്ടിയില്‍ കെ ദാസനും പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനും കുറ്റിയാടിയില്‍ കെ കെ ലതികയുമായിരിക്കും സ്ഥാനാര്‍ഥികള്‍. കൊടുവള്ളിയില്‍ ലീഗില്‍ നിന്ന് പുറത്താക്കിയ കാരാട്ട് റസാഖിനെ പിന്തുണക്കാനാണ് തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും കൊടുവള്ളിയില്‍ കാരാട്ട് റസാഖും കുന്ദമംഗലത്ത് പി ടി എ റഹീമും ഇതിനകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു.