Connect with us

National

ഇന്ത്യ- പാക് ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് ചര്‍ച്ചകള്‍ പുനരാംഭിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാക്കിസ്ഥാന്‍ വിദേശകര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സാധ്യത തെളിയുന്നത്. ഈ മാസം നേപ്പാളിലെ കാഠ്മണ്ഡുവില്‍ വെച്ച് നടക്കുന്ന സാര്‍ക്ക് രാഷ്ട്രങ്ങളുടെ മന്ത്രിതല ചര്‍ച്ചക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിനാണ് തയ്യാറെടുക്കുന്നത്.
ഇരു രാഷ്ട്രങ്ങളും ഇക്കാര്യത്തിനുള്ള സാധ്യത ആരാഞ്ഞതായി പാക് പത്രം ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാഷ്ട്രങ്ങളും സെക്രട്ടറിതലചര്‍ച്ചക്ക് ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും നേപ്പാളിലെ പോക്ക്‌റാ സിറ്റിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. 16, 17 തീയതികളിലായി നടക്കുന്ന സാര്‍ക്ക് കൗണ്‍സില്‍ ഫോര്‍ മിനിസ്റ്റേഴ്‌സ് മീറ്റിംഗിനായി ഇരുവരും നേപ്പാളില്‍ എത്തുന്നുണ്ട്. ഈ പരിപാടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക.
അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്ന് അത്തരം ഒരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പാക് വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഏത് സമയത്തും ഇന്ത്യയോട് സംസാരിക്കാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുള്ളതെന്നും പാക്കിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയ പാക് സന്ദര്‍ശനത്തിന് പിന്നാലെ വിവിധ വിഷയങ്ങളില്‍ ഇന്ത്യ- പാക് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയായിരുന്നു പാഠാന്‍കോട്ടില്‍ പാക് ഭീകര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇനി ചര്‍ച്ചകളില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.

Latest