സിറിയന്‍ സമാധാന ചര്‍ച്ച ഇന്നാരംഭിക്കും; നിലപാട് കടുപ്പിച്ച് ഇരു വിഭാഗവും

Posted on: March 14, 2016 4:20 am | Last updated: March 13, 2016 at 11:21 pm

ബശറുല്‍അസദ്‌

ദമസ്‌കസ്: സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ ജനീവയില്‍ എത്തിത്തുടങ്ങി. അഞ്ച് വര്‍ഷത്തമായി സിറിയയില്‍ തുടരുന്ന യുദ്ധത്തിനും സംഘര്‍ഷത്തിനും അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് ജനീവയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. അടുത്ത ആഴ്ച പൂര്‍ത്തിയാകുന്നതോടെ സിറിയയില്‍ പ്രശ്‌നം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇതുവരെ രണ്ടരലക്ഷത്തിലധികം സിറിയക്കാര്‍ക്ക് യുദ്ധത്തിനിടെ ജീവഹാനി നേരിട്ടിട്ടുണ്ട്.
പുതിയ ഭരണഘടന, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ സമാധാന ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ഇക്കാര്യം യു എന്‍ സ്ഥാനപതി സ്റ്റഫാന്‍ ദി മിസ്തുറ തുറന്നുപറയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന സമാധാന ചര്‍ച്ചക്ക് നേരത്തെ നടത്തിയ ചര്‍ച്ചകളേക്കാള്‍ വലിയ ഫലം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. രാഷ്ട്രീയ പരിഹാരത്തിലൂടെ സിറിയന്‍ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് ബശറുല്‍ അസദിന്റെയും അദ്ദേഹത്തിന്റെ അടുത്ത സഖ്യങ്ങളുടെയും ഭാവിയും ഇതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും മിസ്തുറ വ്യക്തമാക്കി.
അതേസമയം, സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ബശര്‍ ഭരണകൂടം രംഗത്തെത്തി. ചര്‍ച്ചയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള യു എന്നിന്റെ ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍മുഅല്ലിം ഓര്‍മിപ്പിച്ചു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു എന്‍ പ്രതിനിധിക്ക് എന്ന് മാത്രമല്ല, മറ്റാര്‍ക്കും അവകാശമില്ല. അതിനുള്ള അവകാശം സിറിയന്‍ ജനതക്ക് മാത്രമാണ്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ടുവെക്കുന്ന ആരുമായും ചര്‍ച്ചക്ക് തയ്യാറല്ല. ബശറുല്‍ അസദ് സിറിയന്‍ ജനതയുടെ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ശക്തമായി രംഗത്തെത്തി. യു എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനുള്ള സിറിയന്‍ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ പ്രസിഡന്റ് ബശറുല്‍അസദിന്റെ ഭരണത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബശറുല്‍ അസദ് ഭരണത്തില്‍ നിന്ന് ഒഴിയുക, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണം എന്നീ രണ്ട് വഴികളിലൂടെ മാത്രമേ ഭരണമാറ്റത്തെ കുറിച്ച് തങ്ങള്‍ ആലോചിക്കുന്നുള്ളൂവെന്ന് പ്രതിപക്ഷ എച്ച് എന്‍ സി പാര്‍ട്ടി നേതാവ് അഭിപ്രായപ്പെട്ടു.