Connect with us

Malappuram

സിനിമാ അവാര്‍ഡുകള്‍ ഒത്ത് തീര്‍പ്പ് ഫോര്‍മുലയുടെ ഭാഗം: കമല്‍

Published

|

Last Updated

മലപ്പുറം: സര്‍ക്കാറിന്റെ സിനിമാ അവാര്‍ഡുകള്‍ രാഷ്ട്രീയം പോലെ ഒത്തുതീര്‍പ്പ് ഫോര്‍മലയുടെ ഭാഗമാണെന്ന് സംവിധായകന്‍ കമല്‍. മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റിയുടെ 74-ാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ ദാദാ സാഹെബ് ഫാല്‍ക്കെയുടെ സംഭാവനകള്‍ അവതരിപ്പിച്ച പി കെ നായരോട് ഭരണകൂടങ്ങളും മാധ്യമങ്ങളും നീതി പുലര്‍ത്തിയില്ല. ഫാല്‍ക്കെ എന്ന വ്യക്തിയുടെ പേര് ഇന്ത്യന്‍ സിനിമയില്‍ എഴുതിച്ചേര്‍ത്ത അദ്ദേഹത്തിന് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയില്ല.

ഫാല്‍ക്കെ അവാര്‍ഡ് കൊടുക്കുന്നുവെങ്കില്‍ അത് പി കെ നായര്‍ക്ക് ആകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മനോജ് എന്ന നടന്‍ മൂന്നാംകിട സിനിമാക്കാരനാണെന്നും ആര്‍ എസ് എസിനെ വാഴ്ത്തിപ്പാടിയതിന് ലഭിച്ച പ്രതിഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ കാലൊച്ച കേള്‍പ്പിക്കുന്നത് ഫിലിം സൊസൈറ്റികളാണെന്നും യാതൊരു വിധ സാമ്പത്തിക അടിത്തറയും ഇല്ലാതിരിന്നിട്ടും അവ നിലനില്‍ക്കുന്നതും കാലത്തെ അതിജീവിക്കുന്നതും യഥാര്‍ത്ഥ ചരിത്ര ദൗത്യം ഏറ്റെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു.
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സെക്രട്ടറി അനില്‍ കെ കുറുപ്പനും എ ശ്രീധരനും അനുസ്മരിച്ചു. ചലച്ചിത്രോത്സവ പതിപ്പായ ഫെസ്റ്റിവല്‍ ബുക്ക് കവി റഫീക്ക് അഹമ്മദ് പി ഉബൈദുല്ല എം എല്‍ എക്ക് നല്‍കി പ്രകാശനം ചെയ്തു. മലപ്പുറം നഗരസഭാധ്യക്ഷ സി എച്ച് ജമീല, മുന്‍ എം എല്‍ എ. വി ശശികുമാര്‍, ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ എസ് മണി, പെരിമ്പള്ളി സെയ്ത്, പ്രകാശ് ശ്രീധര്‍, സലീന റസാഖ്, വി പി അനില്‍, പാലോളി കുഞ്ഞിമുഹമ്മദ് കെ പി അനില്‍ ഹനീഫ് രാജാജി പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ മുസ്താങ്, വൂള്‍ഫ് ടോട്ടം, കരി, ദീപന്‍, ടാക്‌സി എന്നീ ചിത്രങ്ങളും, ഓം അള്ളാ, ക്രാബ്, താരാട്ടുപാട്ട് എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 4.30 നുള്ള തുറന്ന വേദിയില്‍ യുവ സംവിധായകരായ നരണിപ്പുഴ ഷാനവാസ്, ജ്യോതിപ്രകാശ്, ഡോ. ഗോപു, ഉണ്ണികൃഷ്ണന്‍ ആവള, സുമോദ്, മുഹ്‌സിന്‍ പരാരി സംബന്ധിക്കും.

Latest