പടയൊരുക്കത്തിനായി പത്തനംതിട്ട

Posted on: March 13, 2016 11:18 am | Last updated: March 13, 2016 at 11:18 am

patyhanamthittaമലയോര ജില്ലയായ പത്തനംതിട്ട എല്‍ ഡി എഫിനും യു ഡി എഫിനും അനൂകൂലമായ വിജയ ചരിത്രങ്ങളുള്ള ജില്ലയാണ്. അഞ്ച് മണ്ഡലങ്ങളില്‍ മൂന്നും എല്‍ ഡി എഫിന് ആധിപത്യമുള്ള മണ്ഡലങ്ങളാണ്. ഈ മേഖലകളില്‍ പുതിയ സ്ഥാനാര്‍ഥികളെ പരീക്ഷണത്തിന് ഇറക്കാതെ സിറ്റിംഗ് സീറ്റിലുള്ളവരെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ ഡി എഫിന്റെ തീരുമാനം.
മലയോര മേഖലയായ റാന്നിയില്‍ ഇത്തവണയും രാജു എബ്രഹാം ആയിരിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെയുള്ള ഈ മേഖലയില്‍ ക്രിസ്ത്യന്‍ വോട്ടു ബേങ്കുകള്‍ നിരവധിയാണ്. റബ്ബര്‍ കര്‍ഷക മേഖലയാണിവിടം. ഇതിന് പുറമെ പിന്നാക്ക വിഭാഗത്തിന്റെ വലിയൊരു ശതമാനം വോട്ട് റാന്നിയിലുണ്ട്്. ഇരു കൂട്ടര്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ പോന്ന സ്ഥാനാര്‍ഥിയാണ് രാജു ഏബ്രാഹാം എന്ന് പാര്‍ട്ടിക്ക് ഉറപ്പാണ്. മലയോര മേഖലയില്‍ റോഡ്, ആശുപത്രി സൗകര്യം, വൈദ്യുതി, കുടിവെള്ളം, ആദിവാസി മേഖലയില്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍, പട്ടിണിമരണങ്ങള്‍ ഇല്ലാതാക്കുക എന്നിവയൊക്കൊ നടപ്പാക്കാന്‍ രാജു ഏബ്രഹാമിന് കഴിഞ്ഞുവെന്നത് വലിയ നേട്ടമായി പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 6,614 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജു എബ്രാഹാമിനുള്ളത്.

തിരുവല്ല മണ്ഡലം റാന്നിയെപ്പോലെ തന്നെ കോണ്‍ഗ്രസ് മേല്‍കോയ്മയുള്ള മണ്ഡലമാണെങ്കിലും ജനതാദള്‍ (എസ്) നെ കൈവിടില്ലെന്ന് വേണം ഇത്തവണയും കരുതാന്‍. മുന്‍ മന്ത്രി മാത്യു ടി തോമസിന്റെ മേല്‍ നോട്ടത്തില്‍ തിരുവല്ലക്ക് വികസന മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയെ കുട്ടനാട് മേഖലയുമായി ബന്ധിപ്പിക്കുന്ന മണ്ഡലമെന്ന നിലയിലും തിരുവല്ല ശ്രദ്ധേയമാണ്. നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരം കാണാന്‍ മാത്യു ടി തോമസിന് കഴിഞ്ഞെന്ന് ദള്‍ അവകാശപ്പെടുന്നു. കുട്ടനാട്ടിലെ കര്‍ഷകരെ അപേക്ഷിച്ച് അപ്പര്‍ കുട്ടര്‍നാട്ടിലെ കര്‍ഷകര്‍ക്ക് വലിയൊരു പരിധിവരെ പരിരക്ഷ ലഭിച്ചതും മാത്യു ടി തോമസിന്റെ ശ്രമഫലമായിട്ടായിരുന്നു. രണ്ട് പഞ്ചായത്തുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വലിയൊരു ശതമാനം ജനങ്ങളും കാര്‍ഷക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്.

കുട്ടനാട്- അപ്പര്‍ കുട്ടനാട് മേഖലയിലെ വോട്ടുകളില്‍ ഭൂരിപക്ഷവും കൃസ്ത്യന്‍ വിഭാഗത്തിന്റേതു തന്നെയാണ്. ഇത്തവണ മാത്യു ടി തോമസ് തന്നെയാകും തിരുവല്ല മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പല ഉന്നതരെയും നിര്‍ത്തിയെങ്കിലും തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് ജില്ലാ നേതൃം.
അടൂരിലുണ്ടായ തുടര്‍ പരാജയം ഇത്തവണ മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അടൂര്‍ പ്രകാശിന്റെ മണ്ഡലമായിരുന്ന ഇവിടെ ഇപ്പോള്‍ ഇടതിനെയാണ് പിന്‍തുണക്കുന്നത്. ഇത്തവണയും സ്ഥാനാര്‍ഥിയെ മാറ്റാതെ ജനവിധി തേടാനാണ് എല്‍ ഡി എഫിന്റെ തീരുമാനം. നഗരസഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഡി സി സി നേതൃത്വവും അഞ്ച് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം ഇത്തവണ എല്‍ ഡി എഫിന് അനുകൂലമാകും.
കോന്നി മണ്ഡലം അടൂര്‍ പ്രകാശിന്റെ കുത്തകയാണെന്ന് വേണം പറയാന്‍. വനമേഖലയായിരുന്ന കോന്നി ഇക്കോടൂറിസം മേഖലയാക്കിയെടുക്കുകയും കോന്നി

താലൂക്ക്, മെഡിക്കല്‍ കോളജ് വനമേഖലയിലെ യാത്രക്ക് സുഖമമായ പാത തുടങ്ങിയവ നടപ്പിലാക്കുന്നതില്‍ അടൂര്‍ പ്രകാശ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന് പുറമെ വനമേഖലയില്‍ വന്‍ തോതില്‍ പട്ടയങ്ങള്‍ നല്‍കിയതും കോന്നിയെ അറിയപ്പെടുന്ന പ്രകൃതി സൗഹൃദ മേഖലയാക്കിയതും അടൂര്‍ പ്രകാശിന്റെ പ്രതിഛായ വര്‍ധിപ്പിക്കുകയാണ്. എല്‍ ഡി എഫ് അനുകുല മേഖലകള്‍ കൂടുതലുള്ള മേഖലയാണ് കോന്നിയെങ്കിലും 7774 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
സംസ്ഥാനത്ത് ബി ജെ പിക്ക് മുന്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുത്ത ഒരു മണ്ഡലമാണ് ആറന്മുള. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ എല്‍ ഡി എഫിന് അനുകൂലമായിരിക്കാനാണ് സാധ്യത. വിമാനത്താവള വിഷത്തില്‍ എം എല്‍ എ. കെ ശിവദാസന്‍ നായര്‍ എടുത്ത നിലപാട് പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇത് ജില്ലാ നേതൃത്വത്തെ ഒന്നടങ്കം പ്രതികൂട്ടിലാക്കിയ അവസ്ഥയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ ഐ സി സി അംഗമായ ഫിലിപ്പോസ് തോമസിനെ മുന്‍ നിര്‍ത്തിയായിരുന്നു എല്‍ ഡി എഫ്. കെ ശിവദാസന്‍ നായര്‍ക്കെതിരെ മത്സരത്തിനായി രംഗത്തെത്തിയതെങ്കിലും പരാജയമായിരുന്നു.

ഇത്തവണ ഇത് മറികടക്കാനുള്ള തന്ത്രമാണ് എല്‍ ഡി എഫിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ. ടി സക്കീര്‍ ഹൂസൈനെയാകും ഇത്തവണ ആറന്‍മുള മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ട്. സിറ്റിംഗ് സീറ്റ് ആയതിനാല്‍ ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ തന്നെയാണ്. എന്നാല്‍ ഇത് ഡി സി സി പ്രസിഡന്റ് എതിര്‍ത്താതയി സൂചനയുണ്ട്. ബി ജെ പി വോട്ടു ബേങ്കുള്‍ ചോരാത തന്നെ നില്‍ക്കാനാണ് ഇവിടെ സാധ്യതയേറെയും കാരണം വിമാനത്താവള സമരനായകന്‍ കുമ്മനം രാജശേഖരനെ ആറന്‍മുള മണ്ഡലത്തില്‍ നിര്‍ത്താനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.