Connect with us

Ongoing News

കുടുംബാരോഗ്യ സര്‍വേ തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തുന്നതിനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇന്റര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസും (ഐ ഐ ഐ പി എസ് മുംബൈ) സംയുക്തമായാണ് കുടുംബാരോഗ്യ സര്‍വേ4, (എന്‍ എഫ് എച്ച് എസ്4) നടപ്പിലാക്കി വരുന്നത്. സൊസൈറ്റി ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് യൂത്ത് ആന്‍ഡ് മാസെസ്സ് (എസ് പി വൈ എം) എന്ന സംഘടനയെയാണ് കേരളത്തിലും ലക്ഷദ്വീപിലും സര്‍വേ നടത്തുന്നത്.
ആരോഗ്യമേഖലയില്‍ വരുത്തേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് സര്‍വേയുടെ ലക്ഷ്യം. ആരോഗ്യം, കുടുംബങ്ങളുടെ ആരോഗ്യസ്ഥിതി ഇവ സംബന്ധമായ ആധികാരിക രേഖയായി സര്‍വേ ഫലം ഉപയോഗപ്പെടുത്തും. രണ്ട് ഘട്ടങ്ങളായിട്ടാണ് സര്‍വേ നടത്തുന്നത്. മാപ്പിംഗ് ആന്‍ഡ് ലിസ്റ്റിംഗ് (ഓരോ ജില്ലയിലേയും തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളുടെ ഭൂപടം തയ്യാറാക്കി വീടുകള്‍ അടയാളപ്പെടുത്തല്‍) ആണ് അതില്‍ ഒന്ന്. രണ്ടാമത്തേതാണ് മെയിന്‍ സര്‍വേ. 44 ദിവസത്തെ വിദഗ്ധ പരിശീലനം ലഭിച്ച് 140 പേര്‍ വിവിധ ടീമുകളായി എല്ലാ ജില്ലകളിലേയും 538 പ്രൈമറി സാപ്ലിംഗ് യൂനിറ്റുകളിലെ മാപ്പിംഗ് ആന്‍ഡ് ലിസ്റ്റിംഗിലൂടെ നിശ്ചയിക്കപ്പെട്ട വീടുകളില്‍ നിന്നും സ്ഥിതി വിവരങ്ങള്‍ ശേഖരിക്കും.
തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സമ്മതപത്രം തേടി മാത്രമെ വിവരശേഖരണം നടത്തൂ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ ടീമിലുമുണ്ടാകും. നഗരസഭാ അധികൃതര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സെന്‍സസ്സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവക്ക് പുറമെ സംസ്ഥാനത്തെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണം തേടിട്ടുണ്ട്. ആദ്യ ഘട്ടമായ മാപ്പിംഗ് ആന്‍ഡ് ലിസ്റ്റിംഗ് അവസാനിക്കുകയും രണ്ടാഘട്ടമായ പ്രധാന സര്‍വേ ആരംഭിച്ചതായി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീകുമാര്‍ ജെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവരശേഖരണത്തിനായി 15 നും 54 നും ഇടയിലുള്ള പുരുഷന്‍മാരെയും 15നും 49 നും ഇടയിലുള്ള സ്ത്രീകളെയുമാണ് തിരഞ്ഞെടുക്കുക.
വിവരദാതാവിന്റെ കുടുംബ പശ്ചാത്തലം, പ്രജനന ആരോഗ്യം സംബന്ധിച്ച വിവരം, വൈവാഹിക ജീവിതാവസ്ഥയെ സംബന്ധിച്ച വിവരം, ജനന നിയന്ത്രണ മാര്‍ഗങ്ങളുടെ ഉപയോഗം, പൊതുആരോഗ്യ സംവിധാനവുമായുള്ള ഇടപെടല്‍ , മാതൃ ശിശു സംരക്ഷണ വിവരം, കുട്ടികളുടെ ആരോഗ്യവും പ്രതിരോധ ചികിത്സയേയും സംബന്ധിച്ച വിവരം, പ്രജനന ആരോഗ്യം സംബന്ധിത്ത കാഴ്ചപാടുകള്‍, മറ്റ് പൊതു ആരോഗ്യപ്രശ്‌നങ്ങള്‍, ലൈംഗിക ആരോഗ്യം, ഭാര്യ ഭര്‍ത്താക്കന്‍മാരുടെ പശ്ചാത്തലവും തൊഴില്‍ മേഖലകളും, എച്ച് ഐ വി/എയ്ഡ്‌സ് ഉള്‍പ്പെടെ ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള അവബോധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധങ്ങള്‍ എന്നീ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വിവരശേഖരണം ആരംഭിച്ചു. മറ്റ് ജില്ലകളിലും ഉടന്‍ തുടങ്ങും. ആഗസ്‌റ്റോടെ പൂര്‍ത്തീകരിക്കും. ഒക്ടോബറോടെ ലക്ഷദ്വീപിലെയും സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ ഡോ. എസ് കെ ഹരികുമാര്‍ അറിയിച്ചു.

Latest