മുട്ടുമടക്കുമ്പോഴും

Posted on: March 12, 2016 6:00 am | Last updated: March 12, 2016 at 12:44 am
SHARE

SIRAJ.......ശ്രീ ശ്രീ രവിശങ്കര്‍ നീതിപീഠത്തിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നു. അഞ്ച് കോടി പിഴയടക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിക്കില്ലെന്നും ജയിലില്‍ പോകേണ്ടിവന്നാലും പിഴയൊടുക്കുകയില്ലെന്നുമാണ് വ്യാഴാഴ്ച ധിക്കാരപൂര്‍വം രവിശങ്കര്‍ പറഞ്ഞിരുന്നത്. സാംസ്‌കാരിക മേള യമുനാ നദീതീരത്ത് സൃഷ്ടിച്ച ജൈവനാശത്തിനും പരിസ്ഥിതി പ്രശ്‌നത്തിനുമുള്ള നഷ്ടപരിഹാരമായി ആര്‍ട്ട് ഓഫ് ലിവിംഗ് അഞ്ച് കോടി പിഴയടക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി മേളക്ക് അനുമതി നല്‍കിയിരുന്നത്. യമുനാ നദീതീരത്തെ വിശാലമായ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയും പച്ചപ്പുകളും കൃഷിയും നശിപ്പിച്ചുമാണ് വേദി സജ്ജീകരിച്ചത്. വൃക്ഷങ്ങളും പക്ഷിക്കൂടുകളും വന്‍തോതില്‍ നശിപ്പിച്ചിട്ടുണ്ട്. ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന് ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തുന്നു. എന്നിട്ടും നീതിപീഠത്തിനും അതീതനാണ് താനെന്ന ധാര്‍ഷ്ട്യത്തോടെയായിരുന്നു രവിശങ്കറിന്റെ പ്രതികരണം.
ഹരിത ട്രൈബ്യൂണല്‍ അതീവ ഗൗരവത്തോടെയാണ് ഈ പ്രസ്താവനയെ കണ്ടത്. പിഴയടക്കില്ലെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാമെന്നും രവിശങ്കര്‍ പറഞ്ഞുവെന്നത് ശരിയാണോ എന്നായിരുന്നു ഇന്നലെ കാലത്ത് കോടതി നടപടികള്‍ ആരംഭിച്ച പാടേ ജഡ്ജിയുടെ ചോദ്യം. ഒടുവില്‍ ഭരണ സാരഥികളോട് കളിക്കുന്നത് പോലെ കോടതിയോട് കളിക്കാനാകില്ലെന്ന് ബോധ്യമായപ്പോള്‍ കോടതിയുടെ ഉത്തരവ് രവിശങ്കര്‍ അംഗീകരിക്കുകയായിരുന്നു. എങ്കിലും ഒറ്റയടിക്ക് അഞ്ച് കോടി അടക്കാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ 25 ലക്ഷം രൂപ ഒടുക്കി ബാക്കിയുള്ളതിന് നാലാഴ്ചത്തെ സാവകാശം നല്‍കണമെന്നുമുള്ള സംഘാടകരുടെ ആവശ്യം കോടതി അംഗീകരിച്ചു. പിഴയുടെ ബാക്കി അടക്കുന്നതിന് ആര്‍ട്ട് ഓഫ് ലിവിംഗിന് സാധിച്ചില്ലെങ്കില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സംഘടനക്ക് അനുവദിച്ച 2.25 കോടി പിടിച്ചുവെക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വേദി സജ്ജീകരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ വന്ന വീഴ്ചക്ക് അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കാന്‍ മലിനീകരണ നിയന്ത്രണ കമ്മിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വവും ഭരണകൂടങ്ങളും ആള്‍ദൈവങ്ങള്‍ക്ക് കല്‍പ്പിക്കുന്ന അപ്രമാദിത്വമാണ് തനിക്കെതിരെ പിഴ വിധിക്കാന്‍ നീതിപീഠത്തിന് എന്തധികാരമെന്ന മട്ടിലുള്ള പ്രതികരണത്തിന് പ്രചോദനം. തന്നെ കൈയാമം വെക്കാനും ജയിലിലേക്കയക്കാനും ആര്‍ജവമുള്ള ഭരണകൂടമോ നെഞ്ചുറപ്പുള്ള നിയമപാലകരോ രാജ്യത്തില്ലെന്ന് അയാള്‍ക്കറിയാം. ഇവരൊക്കെ എന്ത് അനീതി കാണിച്ചാലും കണ്ടില്ലെന്ന് നടിച്ചു അവരുടെ മുമ്പില്‍ നമിക്കുന്നവരാണല്ലോ രാഷ്ട്രീയക്കാരും ഭരണസാരഥികളും. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കവെയാണ് രവിശങ്കര്‍ ലോകത്തെ അത്യപൂര്‍വ പാരിസ്ഥിതിക പ്രദേശങ്ങളിലൊന്നായ യമുനാ നദീതീരം തലങ്ങും വിലങ്ങും കീറിമുറിച്ചതും പച്ചപ്പും പക്ഷിസങ്കേതങ്ങളുമെല്ലാം നശിപ്പിച്ചതും. പരിസ്ഥിതി വകുപ്പും മറ്റു ഭരണ സംവിധാനങ്ങളും വിരലനക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല, സംഘാടകര്‍ക്ക് വേണ്ടി സൈനിക സേവനമുള്‍പ്പെടെ ഭരണ സംവിധാനങ്ങളെയെല്ലാം ദുരുപയോഗപ്പെടുത്തുകയും ചെയ്തു. വേദിയിലേക്കുള്ള പാലം നിര്‍മിച്ചു കൊടുത്തത് സൈന്യമാണ്.
രാജ്യത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനവും ആശങ്കാജനകമാണ്. നര്‍മദ പദ്ധതിക്കെതിരെയും ബംഗാളിലെ കാര്‍ഫാക്ടറിക്കെതിരെയും സമരം നടത്തിയവര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തുന്ന പരിസ്ഥിതി നാശം അറിയാത്ത ഭാവം നടിക്കുന്നു. നദിയും തീരപ്രദേശങ്ങളും ഹൈന്ദവ സംസ്‌കൃതിയുടെ ഭാഗങ്ങളാണെന്നാണ് ഹിന്ദുത്വ വാദികള്‍ അവകാശപ്പെടുന്നത്. രവിശങ്കര്‍ ആ സംസ്‌കൃതി ചവിട്ടിമെതിക്കുമ്പോള്‍ അവര്‍ക്കും നാവിറങ്ങിപ്പോയി. ആള്‍ദൈവത്തിന് മുമ്പില്‍ നിയമ സംവിധാനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്നത് രാജ്യത്തിന് അപമാനകരമാണ.്
ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സാംസ്‌കാരിക മേള വര്‍ഗീയഫാസിസ്റ്റ് പരിപാടിയാണെന്ന ആരോപണവും ശക്തമാണ്. സംഘാടകരുടെ പരിസ്ഥിതി നശീകരണത്തിനെതിരെ കോടതിയെ സമീപിച്ചതിന് മാധ്യമ പവര്‍ത്തകന്‍ വിമലേന്ദു ഝാക്കെതിരെ ഹിന്ദു മഹാസഭാ നേതാവ് ഓംജി വധഭീഷണി മുഴക്കിയത് ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നു. ഹിന്ദുത്വ ഫാസിസത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള നിഗൂഢ മാര്‍ഗമായി മാറിയിട്ടുണ്ട് യോഗ. ശാസ്ത്രീയതയുടെ മേമ്പൊടികള്‍ ചേര്‍ത്തു വിദ്യാസമ്പന്നരെ പോലും അതിലേക്കാകര്‍ഷിക്കുന്നതില്‍ യോഗ്യാഭ്യാസികള്‍ വിജയിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും കലാകായിക മേഖലകളിലും ബിസിനസ് സ്ഥാപനങ്ങളിലും സൈനിക ക്യാമ്പുകളിലും എന്തിനേറെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടിയില്‍ പോലും ഇത് പ്രചാരം നേടി വരികയാണ്. ഹിന്ദുത്വവുമായി യോഗക്ക് ബന്ധമില്ലെന്നാണ് ആചാര്യന്മാരുടെ അവകാശ വാദമെങ്കിലും പല ഹൈന്ദവ മന്ത്രങ്ങളും ആചാരങ്ങളും തന്ത്രപരമായി യോഗയില്‍ കടത്തിക്കൂട്ടുന്നുണ്ടെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. മാനസിക പിരിമുറക്കത്തില്‍ നിന്നുള്ള മോചനം, ആത്മസംയമനത്തിനുള്ള മാനസിക ശക്തിയും വിശാലതയും കൈവരിക്കല്‍ തുടങ്ങിയവയാണ് ഇതിന്റെ ഗുണങ്ങളായി എണ്ണിപ്പറയുന്നത്. എന്നാല്‍ യോഗയുടെ ആചാര്യന്മാരാണ് രാജ്യത്തെ ഏറ്റവും വലിയ അസഹിഷ്ണുതയുടെ വക്താക്കളെന്ന് പലപ്പോഴായി ബോധ്യപ്പെട്ടു കഴിഞ്ഞതാണ്.