സംയുക്ത സൈനികാഭ്യാസത്തിന്റെ സമാപനത്തില്‍ അമീര്‍ പങ്കെടുത്തു

Posted on: March 11, 2016 7:40 pm | Last updated: March 12, 2016 at 2:11 pm
അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി പരേഡ് വീക്ഷിക്കുന്നു. സല്‍മാന്‍ രാജാവ് സമീപം
അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി പരേഡ് വീക്ഷിക്കുന്നു. സല്‍മാന്‍ രാജാവ് സമീപം

ദോഹ: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ സംയുക്ത സൈനികാഭ്യാസമായ റഅദ് അല്‍ ശമാലിന്റെ (വടക്കന്‍ ഇടിമുഴക്കം) സമാപന ചടങ്ങില്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. സഊദിയിലെ ഹഫ്ര്‍ അല്‍ ബാത്വിന്‍ കിംഗ് ഖാലിദ് മിലിട്ടറി സിറ്റിയിലാണ് കഴിഞ്ഞ മാസം 14 മുതല്‍ 20 രാഷ്ട്രങ്ങളുടെ സൈനികാഭ്യാസ പ്രകടനം നടന്നുവരുന്നത്.
സൈനിക ആസ്ഥാനത്തെത്തിയ ഇരു ഹറമുകളുടെ സംരക്ഷകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവ് സ്വീകരിച്ചു. സഊദി കിരീടാവകാശി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, ഉപകിരീടാവകാശിയും സെക്കന്‍ഡ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദും സന്നിഹിതരായിരുന്നു.
സംയുക്ത സേനയുടെ പരേഡ് സല്‍മാന്‍ രാജാവ് പരിശോധിച്ചു. കിഴക്കന്‍ മേഖലയിലെ കിംഗ് സഊദ് വ്യോമ താവളത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. സല്‍മാന്‍ രാജാവിന്റെ ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു.
ഖത്വറിന് പുറമെ യു എ ഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, സെനഗല്‍, സുഡാന്‍, കുവൈത്ത്, മാലിദ്വീപ്, മൊറോക്കോ, പാക്കിസ്ഥാന്‍, ഛാഡ്, ടുണീഷ്യ, കോമൊറോസ്, ജിബൂത്തി, ഒമാന്‍, മലേഷ്യ, ഈജിപ്ത്, മൗറിത്താനിയ, മൗറീഷ്യസ് എന്നീ രാഷ്ട്രങ്ങളുടെ സൈനികവിഭാഗങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുത്തത്. 2500 പോര്‍വിമാനങ്ങളും, 20000 ടാങ്കുകളും മൂന്നരലക്ഷം സൈനികരും പങ്കെടുത്ത സൈനികഭ്യാസം മേഖലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സൈനിക ഒത്തുചേരലാണ്.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഛിദ്രശക്തികള്‍ക്കെതിരെ പോരാടാന്‍ സഖ്യസേനയെ സജ്ജമാക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. സമാപനചടങ്ങിന് മുമ്പ് സഊദി ഉപപ്രധാനമന്ത്രി നായിഫ് രാജകുമാരന്‍ സംയുക്ത സേനയുടെ യോഗം വിളിച്ചിരുന്നു.
അതേസമയം, അഭ്യാസ പ്രകടനത്തിന്റെ ലക്ഷ്യം ഇറാനിലേക്ക് സൈന്യത്തെ അയക്കലല്ലെന്ന് കഴിഞ്ഞയാഴ്ച സഊദി വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് അവര്‍ മനസ്സിലാക്കിയതെങ്കില്‍ അതവരുടെ കുഴപ്പമെന്നായിരുന്നു യെമനിലെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരിയുടെ അഭിപ്രായം.
യെമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പോരാട്ടം നടത്തുന്നുണ്ട്. അമേരിക്കന്‍ സഖ്യസേന അംഗീകരിക്കുകയാണെങ്കില്‍ സിറിയയിലേക്ക് കരസൈന്യത്തെ അയക്കുമെന്ന് സഊദിയും പിന്നാലെ യു എ ഇയും കഴിഞ്ഞ മാസം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 2014 സെപ്തംബര്‍ മുതല്‍ സിറിയയയില്‍ സഊദി വ്യോമസേന ആക്രമണം നടത്തുന്നുണ്ട്.