തര്‍ക്കം തീര്‍ന്നു; രാജ്യസഭാ സീറ്റ് സി പി എമ്മിന്

Posted on: March 10, 2016 6:00 am | Last updated: March 10, 2016 at 12:26 am

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റില്‍ സി പി എം മത്സരിക്കും. സി പി ഐയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അടുത്ത് ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്ന് സി പി എം നേതൃത്വം നിര്‍ദേശിച്ചതോടെ സി പി ഐ വഴങ്ങുകയായിരുന്നു. കൊല്ലത്ത് നിന്നുള്ള അഡ്വ. കെ സോമപ്രസാദാണ് സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കുക. രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സമവായമുണ്ടായത്. ചര്‍ച്ചയുടെ തുടക്കത്തില്‍ സി പി ഐ നേതൃത്വം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിനിധിയെ രാജ്യസഭയിലെത്തിക്കണമെന്ന് സി പി എം നേതാക്കള്‍ വ്യക്തമാക്കിയതോടെ സി പി ഐ നേതൃത്വത്തിനു വഴങ്ങേണ്ടിവരികയായിരുന്നു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ് കെ സോമപ്രസാദ്. മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ സോമപ്രസാദ് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണമാണ് ഇപ്പോഴത്തെ നിയമസഭയിലെ അംഗബലമനുസരിച്ച് ഇടതിന് ലഭിക്കുക. സ്ഥാനമൊഴിയുന്ന എം പിമാരില്‍ കെ എന്‍ ബാലഗോപാലും ടി എന്‍ സീമയും പാര്‍ട്ടി അംഗങ്ങളായതിനാല്‍ ഒഴിവ് വരുന്ന സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു സി പി എം തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. ഈ മാസം 25നാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.
എല്‍ ഡി എഫിലെ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ഇന്നലത്തെ ഉഭയകക്ഷി യോഗത്തില്‍ നടന്നു. ആര്‍ എസ് പി മുന്നണി വിട്ടതിലൂടെ ഒഴിവുവന്ന സീറ്റുകള്‍ ഉള്‍പ്പെടെ പങ്കുവെക്കുന്നതില്‍ സി പി ഐക്ക് പ്രാതിനിധ്യം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.