മദ്യവ്യാപനം തടയുക; ജനങ്ങളുടെ മാനിഫെസ്റ്റോ

Posted on: March 10, 2016 6:00 am | Last updated: March 10, 2016 at 12:02 am

drink‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്, പുകവലി നിങ്ങളെ രോഗിയാക്കും, നിത്യരോഗി’. മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വാചകം. പുകവലിയുടെ ദൂഷ്യവശങ്ങള്‍ മഹാഭൂരിപക്ഷം ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ വിദഗ്ധമായ പരസ്യം. എന്നാല്‍, കരള്‍ ജീവന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്തതാണ്; മദ്യം നിങ്ങളുടെ ജീവനെടുക്കും’ എന്നൊരു പരസ്യം എന്തേ അധികാരികള്‍ നല്‍കാത്തത്?
മദ്യം ഹാനികരമെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രചാരണമല്ലാതെ മദ്യത്തിന്റെ ലഭ്യത കുറക്കാന്‍ ഒരു സര്‍ക്കാറും ഒരു നടപടിയും എടുത്തു കണ്ടിട്ടില്ല. നിലവാരമില്ലാത്ത 417 ബാറുകള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന നിയമയുദ്ധത്തിന്റെ പരിസമാപ്തിയില്‍ അടച്ചുപൂട്ടണമെന്ന വിധിയുണ്ടാക്കിയ സമ്മര്‍ദവും ജനകീയ പ്രക്ഷോഭവും മതസ്ഥാപനങ്ങള്‍ നല്‍കിയ അന്ത്യശാസനവും ഒക്കെ ചേര്‍ന്ന പ്രത്യേക ചുറ്റുപാടില്‍ യു ഡി എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടണമെന്ന നിലപാടില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ സക്രിയമായ ഒരു തീരുമാനമുണ്ടായത്. അടച്ച ബാറുകള്‍ തുറക്കുന്നില്ലയെന്ന തീരുമാനം. എന്നാല്‍, അതിന്റെ ആയുസ്സ് എത്രനാള്‍?
വരാന്‍പോകുന്ന പുതിയ സര്‍ക്കാര്‍ ഈ ഭാഗികമായ മദ്യവിരുദ്ധനയം തുടരാന്‍ അനുവദിക്കുമോ? എല്‍ ഡി എഫിന്റെ മദ്യനയമെന്താണ്? നിര്‍ബന്ധിത സാഹചര്യത്തില്‍ യു ഡി എഫ് കൈക്കൊണ്ട മദ്യവിരുദ്ധ നടപടിക്കു തിരഞ്ഞെടുപ്പിന് ശേഷം മാറ്റമുണ്ടാകുമോ? ആശങ്കകള്‍ അസ്ഥാനത്തല്ല. മദ്യനിരോധമല്ല, മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുനേതാക്കള്‍ തുറന്നുപ്രഖ്യാപിക്കുന്നതിലൂടെ അടച്ച ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ അതാണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കുകയാണ്. ബാറുകള്‍ പൂട്ടിയാല്‍ ടൂറിസം വ്യവസായത്തിന് സംഭവിക്കാന്‍ പോകുന്ന നഷ്ടത്തെക്കുറിച്ച് വിലപിച്ചുകൊണ്ടാണ് എല്‍ ഡി എഫ്, യുഡി എഫിന്റെ ഗത്യന്തരമില്ലാത്ത മദ്യനയത്തെ നേരിട്ടത്. ഒരു കാരണവശാലും മദ്യനിരോധം നടപ്പാക്കരുത്, അത് സംസ്ഥാനത്ത് വ്യാജമദ്യദുരന്തത്തിന് കാരണമാകുമെന്ന് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാറുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തിന്റെ പ്രശ്‌നമാണ് സി പി എം – സി പി ഐ പാര്‍ട്ടികളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. മദ്യം മൂലം തകര്‍ന്നു കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതാവസ്ഥ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല! എന്തായാലും, ബാറുകള്‍ അടച്ചു പൂട്ടിയതിനെയും ഘട്ടംഘട്ടമായി ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെയും തീരെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നില്ല.
മദ്യനിരോധനം അപ്രായോഗികമാണെന്നും ആയതിനാല്‍ മദ്യവര്‍ജ്ജനമെന്ന വളരെ ലളിതമായ ഒരു സുവിശേഷപ്രചാരണം മാത്രം മതിയെന്നും ഇടതുമുന്നണി തീരുമാനിക്കുന്നതിന്റെ അര്‍ഥമെന്തെന്ന് ഏതൊരാള്‍ക്കും തിരിച്ചറിയാനാകും. അവര്‍ അധികാരത്തില്‍ വന്നാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്നാണ് അതിന്റെ അര്‍ഥം.
അതിനു വേണ്ടിയാണ്, മദ്യനയത്തെക്കുറിച്ച് ചോദിക്കുന്നവരോട് നേതാക്കള്‍ ക്ഷോഭിക്കുന്നത്. ബാറുകള്‍ പൂട്ടിയിട്ട് മദ്യഉപഭോഗത്തില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ലായെന്ന് കണക്കുകള്‍ കണ്ടുപിടിച്ച് അവതരിപ്പിച്ച് മദ്യവിരുദ്ധരെ നിശബ്ദരാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതോടൊപ്പം സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം സമ്പന്നരെ മദ്യപിക്കാന്‍ അനുവദിക്കുന്നതിലെ വിവേചനവും സാധാരണക്കാര്‍ക്ക് മദ്യപിയ്ക്കാനുള്ള അവകാശം നിഷേധിക്കുന്നതിലെ പൊരുത്തക്കേടും അവര്‍ക്ക് തീരെ ദഹിക്കുന്നില്ല! ‘എല്ലാവര്‍ക്കും മദ്യം’. ഇഷ്ടംപോലെ കുടിച്ചോട്ടെ. ആരുടെയും അവകാശങ്ങള്‍ നിഷേധിക്കരുത്. പക്ഷേ, ഞങ്ങളുടെ നയം മദ്യവര്‍ജനമാണ്. കുടിയന്മാരോട് ഞങ്ങള്‍ പറയും സഖാവേ, മദ്യം വിഷമാണ് അത് വര്‍ജ്ജിക്കൂ. അതോടെ ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു. വര്‍ജ്ജിക്കാന്‍ അവര്‍ തീരുമാനിക്കുന്നത് വരെ ഞങ്ങള്‍ ഈ പ്രചാരണം തുടരും. പക്ഷേ, അതുവരെയും എല്ലാത്തരം മദ്യങ്ങളും – വിദേശിയും നാടനും കള്ളും എല്ലാം – വിളമ്പാന്‍ എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ചെയ്തുകൊടുക്കും. ഒറ്റയടിക്കു മദ്യ നിരോധനം എന്ന നയത്തിനെതിരെ പോരാടും. ഇതാണ് ചുരുക്കത്തില്‍ എല്‍ ഡി എഫിന്റെ മദ്യനയം.
യു ഡി എഫ് നേതാക്കള്‍ പുണ്യവാളരല്ലായെന്ന് ഇതേ ശ്വാസത്തില്‍ പറയാതെ പോകുന്നതും ശരിയല്ല. ബാറുകള്‍ പൂട്ടുന്നതിനെക്കുറിച്ച് അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. വി എം സുധീരനെപ്പോലെ അപൂര്‍വം ചിലയാളുകള്‍ കൈക്കൊണ്ട ധീരമായ നിലപാടിന്റെ അടിസ്ഥാനത്തിലും സമൂഹത്തിലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ – സ്ത്രീവോട്ടര്‍മാര്‍ പ്രത്യേകിച്ചും – മദ്യവിരുദ്ധനയത്തിന് വോട്ട് ചെയ്യുമെന്നറിയാവുന്നതുകൊണ്ടും താത്ക്കാലികമായി എടുത്ത തീരുമാനമാണ് 417 ബാറുകള്‍ക്കുണ്ടായിരുന്ന ലൈസന്‍സ് റദ്ദാക്കല്‍. അതും ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍. പക്ഷേ, അതല്ലല്ലോ, യു ഡി എഫിന്റെ മദ്യനയം. അതുകൊണ്ടാണല്ലോ ബന്ധപ്പെട്ട നേതാക്കള്‍ ബാറുകള്‍ തുറന്നു കൊടുക്കാന്‍ ഓടിനടന്ന് കോഴ വാങ്ങിയത്. അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു പൂട്ടിയ ബാറുകള്‍ എല്ലാം തുറന്നു കൊടുക്കുമെന്ന കാര്യത്തില്‍. ഇപ്പോഴും പ്രതീക്ഷ അസ്തമിച്ചിട്ടുമില്ല. അതുവരേക്കും ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആയി രൂപപരിണാമം സംഭവിക്കാന്‍ ആവശ്യമായ ബദല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുമുണ്ട്. വീര്യം കൂടിയ ബിയറുകള്‍ സുലഭമായി വിറ്റുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ബ്രാന്‍ഡ് നെയിം മാറ്റി മദ്യം തന്നെ വില്‍ക്കുന്നുമുണ്ട്.
എങ്കിലും, മദ്യത്തിനെതിരായ ആദ്യ ചുവട് വെപ്പെന്ന നിലയില്‍ ബാറുകള്‍ പൂട്ടിയ നടപടിയെ സ്വാഗതം ചെയ്യുക തന്നെ വേണം. സ്ത്രീകളുടെ തോരാ കണ്ണീരിന് അറുതി വരുത്താന്‍ അത് അത്യാവശ്യമാണ്. എന്നാല്‍, അതുമാത്രം പോരാ. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടു വരണം. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ എണ്ണം കുറക്കുക എന്ന നയമാണ് ആദ്യം വേണ്ടത്. മദ്യാസക്തി കുറക്കാന്‍ മദ്യം കിട്ടുന്ന വഴികള്‍ അടക്കുകയേ മാര്‍ഗമുള്ളൂ.
കേരളത്തെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ ജനങ്ങളുടെ മാനിഫെസ്റ്റോ പറയുന്നത്. അതിനെ ശരിയായി മനസ്സിലാക്കാനോ നടപ്പാക്കാനോ മദ്യപക്ഷത്തു നില്‍ക്കുന്ന അധികാര രാഷ്ട്രീയ ശക്തികള്‍ക്കു കഴിയുകയില്ല. സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് ബാറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായ യു ഡി എഫിലോ, മദ്യമൊഴുക്കിയതിന് ശേഷം സാരോപദേശം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന നാട്യത്തോടെ അടച്ചുപൂട്ടിയ ബാറുകള്‍കൂടി തുറപ്പിക്കാമെന്ന് കരുതുന്ന എല്‍ ഡി എഫിലോ ശക്തമായ ഒരു മദ്യവിരുദ്ധ നയം ഇനിയും പ്രഖ്യാപിക്കാത്ത ബി ജെ പിയിലോ പ്രതീക്ഷ അര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല.
ആര് അധികാരത്തില്‍ വന്നാലും മദ്യവിപത്തിനെതിരായ ജനങ്ങളുടെ സ്വന്തം പ്രക്ഷോഭം ശക്തിപ്പെടുത്തുക എന്നുള്ളത് മാത്രമാണ് പോംവഴി. മദ്യഷാപ്പുകള്‍ പൂട്ടിക്കാന്‍ പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ വിജയകരമായി നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ജാഗ്രത പുലര്‍ത്തുക. രാഷ്ട്രീയ മുന്നണികളുടെ ശര്‍ക്കരയില്‍ പൊതിഞ്ഞ മുദ്രാവാക്യങ്ങളിലോ വാചകമടികളിലോ വ്യാമോഹം വരാതെ നോക്കുക.