Connect with us

International

ഹൂത്തി വിമത നേതാക്കള്‍ ചര്‍ച്ചക്കായി സഊദിയില്‍

Published

|

Last Updated

സന്‍അ/റിയാദ്: യമനിലെ യുദ്ധസമാനമായ സംഘര്‍ഷാവസ്ഥക്ക് പരിഹാരമുണ്ടാകുമെന്ന ശുഭ സൂചന നല്‍കി വിമത വിഭാഗമായ ഹൂത്തിയുടെ നേതാക്കള്‍ സഊദി അറേബ്യയിലെത്തി. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഖ്യസേനയും ഹൂത്തി വിമതരും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളും പ്രശ്‌നങ്ങളും എന്നെന്നേക്കുമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമത നേതാക്കള്‍ സഊദിയിലെത്തിയത്. തിങ്കളാഴ്ച മുതല്‍ സഊദിയിലെ വിവിധ ഭാഗങ്ങളില്‍ ഹൂത്തി നേതാക്കള്‍ ചര്‍ച്ചക്കായി എത്തിയിട്ടുണ്ടെന്നും രഹസ്യമായാണ് സഊദി ഭരണ വക്താക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നതെന്നും ഹൂത്തി വിഭാഗം വക്താക്കള്‍ അറിയിച്ചു. ഗള്‍ഫ് സഖ്യ സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ആക്രമണത്തിനിടെ ഇതുവരെ ആറായിരത്തിലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതരും സഊദി അറേബ്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുകയും യമനിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ യു എന്‍ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് മാര്‍ഗ രേഖകള്‍ അംഗീകരിക്കപ്പെടുകയും ചെയ്താല്‍ യമന്‍ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമാകും.
യമന്റെയും സഊദി അറേബ്യയുടെയും അതിര്‍ത്തി രാജ്യവും യമന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ഒമാനിലായിരുന്നു ഹൂത്തി വിമത നേതാക്കള്‍ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടത്തിയിരുന്നത്. സഊദി അറേബ്യയിലേക്ക് പ്രശ്‌ന പരിഹാരത്തിനായി ഹൂത്തി വിമതര്‍ എത്തിയെന്നത് തന്നെ ശുഭ സൂചനയാണ് നല്‍കുന്നത്.