‘സെല്‍ഫികളുടെ കാലത്തും ഫോട്ടോഗ്രാഫി ജീവിക്കും’

Posted on: March 8, 2016 8:04 pm | Last updated: March 10, 2016 at 7:46 pm
നന്ദകുമാര്‍ മൂടാടി
നന്ദകുമാര്‍ മൂടാടി

ദോഹ: സെല്‍ഫി ഫോട്ടോകള്‍ അരങ്ങു തകര്‍ക്കുന്നുണ്ടെങ്കിലും ഫോട്ടോഗ്രാഫിക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രാധാന്യം കൂടി വരികയാണെന്ന് നാലു പതിറ്റാണ്ടുകാലമായി ഫോട്ടോഗ്രാഫി രംഗത്തു പ്രവര്‍ത്തിക്കുന്ന നന്ദകുമാര്‍ മൂടാടി. ഖത്വറില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്വന്തം പടമെടുക്കുകയും നാലാളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനുള്ള മനോഭാവത്തില്‍നിന്നാണ് സെല്‍ഫികള്‍ ഉണ്ടാകുന്നത്. താനൊന്നും ഇത്രയും കാലത്തിനിടെ സെല്‍ഫിയെടുക്കുകയോ ഫേസ് ബുക്കിലിടുകയോ ചെയ്തിട്ടില്ല. സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോള്‍ അങ്ങനെ പലതും വരും എന്നാല്‍ ഇതൊന്നും ഫോട്ടോഗ്രാഫിയെ സ്വാധീനിക്കില്ല. കാരണം കാമറക്കു പിന്നില്‍ ഒരു മനുഷ്യന്‍ വേണമെന്നത് അടിസ്ഥാന തത്വമാണ്.
ക്യാമറകള്‍ മൊബൈല്‍ ഫോണുകളിലുള്‍പ്പെടെ വ്യാപകമായെങ്കിലും ആനുപാതികമായി കഴിവുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ടാകുന്നില്ല. ഫോട്ടോഗ്രാഫിയില്‍ ലോകവും ഇന്ത്യയുമെല്ലാം പൂര്‍വകാലത്തെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരെയാണ് പിന്തുടരുന്നത്. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഇപ്പോഴും ചുരുക്കമാണ്. എല്ലാവരും ഫോട്ടോയെടുക്കുന്നു എന്നതു കൊണ്ടു മാത്രം മികച്ച ഫോട്ടോകള്‍ പിറക്കില്ല. ഫോട്ടോഗ്രാഫി ഒരു ജന്മവാസനയും സര്‍ഗശേഷിയുമാണ്. അതില്ലാതെ ക്യാമറ കൊണ്ടു മാത്രം ഒരാള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഫോട്ടോഗ്രാഫി രംഗം വലിയ വികനസങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോഷോപ്പുള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ ഉപയോഗവും പഠിക്കേണ്ടതുണ്ട്. മാറാന്‍ തയാറാകാത്തവര്‍ക്ക് ഈ രംഗത്ത് മികവു പ്രകടിപ്പിക്കാന്‍ കഴിയില്ല. ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ വിഭാഗങ്ങളും പ്രത്യേകം പരീക്ഷണങ്ങളും നടക്കുന്നു. ഓരോ വിഭാഗത്തിനും ഇപ്പോള്‍ ഫോട്ടോഗ്രാഫികള്‍ ഉണ്ട്. ക്യാമറയും കംപ്യൂട്ടറും വാങ്ങി വെറുതെ ഫോട്ടോകളെടുത്ത് കല്യാണങ്ങളും പ്രോഗ്രാമുകളം കവര്‍ ചെയ്യുന്നവര്‍ വര്‍ധിച്ചതിനാല്‍ നാട്ടില്‍ ഫോട്ടോഗ്രാഫര്‍മാര്‍ സാമ്പത്തിക രംഗത്ത് പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കൊടകര കോടാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോ മ്യൂസിന്റെ സംഘാടകരിലൊരാളാണ് നന്ദകുമാര്‍. ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംരംഭം സമഗ്രമായ ഫോട്ടോഗ്രാഫി മ്യൂസിയമാക്കി വളര്‍ത്തുകയാണ് ലക്ഷ്യം. ഇതിനകം ലോകതലത്തില്‍ തന്നെ ലഭ്യമായ ഫോട്ടോഗ്രാഫി വിവരങ്ങളും ഉപകരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോമ്യൂസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം പരിശീലന ക്യാംപുകളും ക്ലാസുകളും നടന്നു വരുന്നു. പ്രകൃതി ഫോട്ടോഗ്രാഫിയിലാണ് കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. ഫോട്ടോമ്യൂസ് അക്കാദമിക് ഡയറക്ടര്‍കൂടിയായ നന്ദകുമാര്‍ കേരള ഗാന്ധി കെ കേളപ്പന്റേ പേരമകനാണ്. യു എസ് പോപ്പുലര്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഇന്ത്യയിലെ ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ അവാര്‍ഡ്, യുവകലാസാഹിതി, ഫുജി ഫിലിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.