മണി ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്ന് ജാഫര്‍ ഇടുക്കി

Posted on: March 7, 2016 10:11 pm | Last updated: March 7, 2016 at 10:11 pm
SHARE

mani and jafarതൃശൂര്‍ : കലാഭവന്‍ മണി ജീവനൊടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ആശുപത്രിയിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം തങ്ങള്‍ ഒത്തുചേര്‍ന്നിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചയാണ് മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മരണവും സംഭവിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴ് മുതല്‍ 11 മണിവരെ താന്‍ മണിയോടൊപ്പം ഉണ്ടായിരുന്നു. മണിയുടെ വീടിനടുത്തുള്ള പാഡി ഔട്ട് ഹൗസിലായിരുന്നു ഒത്തുകൂടല്‍. സൗഹൃദം പുതുക്കാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് ഒത്തുകൂടിയത്. മണി ബിയര്‍ കഴിച്ചിരുന്നുവെന്നും മറ്റൊരു ലഹരി വസ്തുക്കളും അവിടെ ആരും ഉപയോഗിച്ചിരുന്നില്ലെന്നും ജാഫര്‍ പറഞ്ഞു.

തങ്ങള്‍ കാണുമ്പോള്‍ മണി പൂര്‍ണ്ണആരോഗ്യവാനും പതിവിലും സന്തോഷവാനും ആയിരുന്നെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലധികം പേരും മണിയുടെ ബന്ധുക്കളും നാട്ടിലെ ചില സുഹൃത്തുക്കളുമാണ് പാഡിയിലുണ്ടായിരുന്നത്. അടുത്ത ദിവസമാണ് മണി ആശുപത്രിയിലായ വിവരം അറിയുന്നത്. വിഷം ഉള്ളില്‍ചെന്നിട്ടുണ്ട് എന്ന വാര്‍ത്തയില്‍ വാസ്തവമുണ്ടെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ജാഫര്‍ ഇടുക്കിയടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു.