Connect with us

Kerala

കലാഭവന്‍ മണിയുടെ ചിതയെരിഞ്ഞു; ഇനി പ്രേക്ഷക ഹൃദയങ്ങളില്‍

Published

|

Last Updated

ചാലക്കുടി: ഹാസ്യവേഷങ്ങളിലൂടെ, ശക്തമായ പ്രതിനായക വേഷങ്ങളിലൂടെ, കീഴാള ജനതയുടെ ഉള്‍ത്തുടിപ്പാര്‍ന്ന നാടന്‍ പാട്ടുകളിലൂടെ, സര്‍വോപരി സാധാരണക്കാരനായ ഒരു ചാലക്കുടിക്കാരനായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച കലാഭവന്‍ മണി ഇനി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. വൈകീട്ട് അഞ്ചിന് വിങ്ങിപ്പൊട്ടുന്ന ആരാധകരെ സാക്ഷിയാക്കി മണിയുടെ ഭൗതികശരീരം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശൂര്‍ സംഗീത നാടക അക്കാദമിയിലും ചാലക്കുടി നഗരസഭാ ഹാളിലും ചാലക്കുടിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്.

ഞായറാഴ്ച്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കലാഭവന്‍ മണിയുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ടുദിവസമായി ചികില്‍സയിലായിരുന്നു. അതേസമയം മണിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തില്‍ കാണുന്ന മെഥനോള്‍ അടങ്ങിയിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. വീട്ടിലെ ഔട്ട്ഹൗസില്‍ വെച്ച് മണി നടനായ ജാഫര്‍ ഇടുക്കിക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം മദ്യപിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തു. ഔട്ട്ഹൗസ് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മണിക്ക് ഗുരുതര കരള്‍ രോഗമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കരള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ശരീരത്തിലെ മെഥനോളിന്റെ അളവ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ അറിയാനായിട്ടില്ല. ഇതിനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചു.

Latest