യു എ ഇ കമ്പോളത്തില്‍ പപ്പായക്ക് പൊന്നും വില

Posted on: March 6, 2016 3:22 pm | Last updated: March 6, 2016 at 3:22 pm

PAPPAYAഅജ്മാന്‍:നാട്ടില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ പഴവര്‍ഗങ്ങളിലൊന്നാണ് പപ്പായ. പക്ഷേ വിദേശ രാജ്യങ്ങളിലെത്തുന്നതോടെ നാളികേരത്തിന്റെയും ഉള്ളിയുടെയുമെല്ലാം എട്ടിരട്ടി വിലയാണ് ഈ പഴത്തിന് കമ്പോളത്തില്‍ നല്‍കേണ്ടിവരുന്നത്. ഒരു കിലോ പപ്പായക്ക് എട്ട് ദിര്‍ഹം ആണ് ഇപ്പോഴത്തെ വില. വിവിധ ഷോപ്പിംഗ് മാളുകളില്‍ നിന്ന് ഓഫറായിട്ടാണ് ഈ വില ലഭിക്കുന്നതെന്ന് വേറെകാര്യം. അല്ലാത്ത പക്ഷം വില 10 ദിര്‍ഹമിനോളം വരും.

നമ്മുടെ നാട്ടില്‍ സമൃദ്ധമായി വിളയുന്ന കൃഷി പപ്പായ. എന്നാല്‍ മലയാളികളുടെ കല്‍പ വൃക്ഷമായ തേങ്ങക്കാവട്ടെ പപ്പായയുടെ എട്ടിലൊന്ന് വിലപോലുമില്ല. ഒരു കിലോ നാളികേരത്തിന് ഒന്ന് മുതല്‍ രണ്ട് ദിര്‍ഹം മാത്രമേ ഇപ്പോള്‍ വിപണിയില്‍ വിലയുള്ളൂ. വലിയ ഉള്ളി, തക്കാളി, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാവട്ടെ രണ്ട് ദിര്‍ഹംകൊണ്ട് ഒരു കിലോ വാങ്ങാം. പയര്‍, തണ്ണി മത്തന്‍, ഓറഞ്ച്, വലന്‍സിയ, മന്താരിന്‍, നേന്ത്രപ്പഴം തുടങ്ങിയവക്കൊക്കെ പപ്പായയുടെ പകുതിപോലും വിലയില്ല.
ആപ്പിള്‍, പേരക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലയാളികളേക്കാള്‍ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇവയോട് കൂടുതല്‍ പ്രിയം.
പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധകവസ്തു കൂടിയാണ്. പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാപെയിന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോളങ്ങളെ നീക്കം ചെയ്ത് മിനുസമുളളതും തിളങ്ങുന്നതുമാക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമായ പഴമാണ് പപ്പായ. മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പലരും പരിഹാരമായി നിര്‍ദേശിക്കുന്ന പഴങ്ങളിലൊന്നാണിത്. കര്‍മൂസ, കര്‍മത്തി, കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ തുടങ്ങി കേരളത്തില്‍ തന്നെ പലവിധ പേരുകളിലാണ് ഈ പഴം അറിയപ്പെടുന്നത്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും മലയാളികള്‍ അവഗണനയോടെയാണ് ഈ പഴം പരിഗണിക്കാറുള്ളത്. ശാസ്ത്രീയമായി കേരളത്തില്‍ ഈ പഴവര്‍ഗം കൃഷിചെയ്യുന്നതും കുറവാണ്.നേരത്തെ കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍ സുലഭമായി വളര്‍ന്നിരുന്ന പപ്പായ മരങ്ങളുടെ എണ്ണവും അടുത്തകാലത്തായി കുറഞ്ഞുവരികയാണ്.