Connect with us

Gulf

ശമ്പളം: രാജ്യത്തെ ഭൂരിപക്ഷം അധ്യാപകരും അസംതൃപ്തരെന്ന്

Published

|

Last Updated

അബുദാബി: രാജ്യത്ത് ജോലി ചെയ്യുന്ന ഭൂരിപക്ഷം അധ്യാപകരും ശമ്പളത്തിന്റെ കാര്യത്തില്‍ അസംതൃപ്തരാണെന്ന് സര്‍വേ. മിക്കവരും ഭേദപ്പെട്ട ജോലിയിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് 73 ശതമാനവും. പറ്റുന്നതും വേഗം നിലവിലെ ജോലിയില്‍ നിന്ന് മാറുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും യു എ ഇ ടീച്ചേഴ്‌സ് സര്‍വേ 2016 വെളിപ്പെടുത്തുന്നു. യു എ ഇയില്‍ ജോലിചെയ്യുന്ന അധ്യാപകരില്‍ എട്ടു ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം ശമ്പളം വര്‍ധിച്ചതായി വ്യക്തമാക്കിയത്.
16 ശതമാനം അധ്യാപകര്‍ ശമ്പളം വര്‍ധിച്ചെന്ന് സമ്മതിച്ചെങ്കിലും ജീവിതച്ചെലവില്‍ പണപ്പെരുപ്പം സൃഷ്ടിച്ച ആഘാതത്താല്‍ വര്‍ധനവിന്റെ ഗുണം ലഭിച്ചില്ലെന്ന് അഭിപ്രായപ്പട്ടു. 15 ശതമാനം മാത്രമാണ് പണപ്പെരുപ്പത്തിന്റെ ആഘാതത്തെ മറികടക്കാവുന്ന രീതിയിലുള്ള ശമ്പള വര്‍ധനവ് ലഭിച്ചതായി വ്യക്തമാക്കിയത്.
സര്‍വേയില്‍ പ്രതികരിച്ച 45 ശതമാനം കഴിഞ്ഞ വര്‍ഷം ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുന്ന 531 അധ്യാപകരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 24 പേര്‍ പ്രിന്‍സിപ്പല്‍മാരാണ്. 48 ശതമാനം പേര്‍ ദുബൈയിലും 43 ശതമാനം അബുദാബിയിലും ജോലി ചെയ്യുന്നവരാണ്. ബാക്കി വരുന്ന ഒമ്പത് ശതമാനം ഇതര എമിറേറ്റുകളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരാണ്.
പുതിയ സര്‍വേ റിപ്പോര്‍ട്ട് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കുള്ള മുന്നറിയിപ്പായി വേണം കണക്കാക്കാനെന്ന് യു എ ഇ ലേണിംഗ് നെറ്റ്‌വര്‍ക്ക് പാര്‍ട്ണര്‍ ഷഊന്‍ റോബിസണ്‍ പറഞ്ഞു. നിങ്ങളുടെ സ്ഥാപനത്തിലെ നാലു പേരില്‍ മൂന്നു പേരും പുതിയ ജോലിക്കായി പരിശ്രമിക്കുന്നൂവെന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഏത് പാഠ്യപദ്ധതി പിന്തുടരുന്ന സ്ഥാപനമാണെങ്കിലും വിവിധ ശമ്പള സ്‌കെയിലില്‍ ഒരേ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരിലും ശമ്പളത്തിന്റെ കാര്യത്തില്‍ അസംതൃപ്തിയുണ്ടെന്നും റോബിസണ്‍ പറഞ്ഞു.
അതേസമയം യുഎഇയിലെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരില്‍ 52 ശതമാനം പേരും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവരാണ്. യോഗ്യതക്കനുസരിച്ചുള്ള ശംബളം ലഭിക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളിലെ അധ്യാപക തൊഴിലവസരങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുന്ന അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഹോംങ്കോങ്ങ്, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്നത്.
അധ്യാപകര്‍ മറ്റു സ്‌കൂളുകളിലേക്ക് ജോലിതേടി പോകുന്നതിനാല്‍ അന്താരാഷ്ട്ര സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപകരെ നിലനിറുത്തികൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണെന്ന് അടുത്തിടെ പുറത്തുവന്ന റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യു എ ഇയില്‍ പതിനാലായിരത്തിലേറെ അധ്യാപകരുടെ ഒഴിവുണ്ടാകുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണയായി അധ്യാപകര്‍ക്ക് വാര്‍ഷിക വിമാന ടിക്കറ്റ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, താമസ സൗകര്യം എന്നിവയെല്ലാമുള്‍പ്പെടുന്ന വിധത്തിലാണ് നിയമനം നടക്കാറുള്ളത്. ഇവ നല്‍കണമെന്ന് യു എ ഇയിലെ തൊഴില്‍ നിയമവും അനുശാസിക്കുന്നുണ്ട്. എന്നാല്‍ 37 ശതമാനം പേര്‍ക്കും വാര്‍ഷിക വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു. 20 ശതമാനം പേര്‍ക്കും ശമ്പളത്തിന് പുറമെ മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഒരു യാഥാര്‍ഥ്യമാണ്.

Latest