Connect with us

Gulf

പേള്‍ ഖത്വര്‍ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു

Published

|

Last Updated

ദോഹ: പേള്‍ ഖത്വര്‍ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടതായി കഹ്‌റമ (ജനറല്‍ ഇലക്ട്രിസിറ്റഇ ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍) അറിയിച്ചു. അല്‍ ശമാല്‍ റോഡ് നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ഇന്നലെ രാവിലെ 6.75 മുതലാണ് വൈദ്യുതി വിതരണം നിലച്ചതെന്ന് കഹ്‌റമ ട്വിറ്ററില്‍ അറിയിച്ചു.
പേളിലേക്കുള്ള പ്രധാന വൈദ്യുതി വിതരണ ചാലകത്തെയാണ് ബാധിച്ചത്. ഐകിയക്കു സമീപം കര്‍ത്തിയാത്ത് പാലത്തിനു ചുവട്ടില്‍ നിന്നുള്ള ഭാഗത്താണ് വിതരണം നിലച്ചത്. കഹ്‌റമ സംഘം ഉടന്‍ സ്ഥലത്തെത്തി പരിഹാര നടപടികള്‍ ആരംഭിച്ചു. ബദല്‍ സംവിധാനം ഒരുക്കുന്നതിന് എമര്‍ജന്‍സി ടീം പരിശ്രമം നടത്തി. ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സഅദയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മൊബൈല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചാണ് പേള്‍ ഖത്വര്‍ പ്രദേശത്ത് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. അടിയന്തര സേവനത്തിനായി 16 മൊബൈല്‍ ജനറേറ്ററുകളാണ് കഹ്‌റമ തയാറാക്കിയത്. പേള്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചായിരുന്നു നടപടി. വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ കഹ്‌റമ സംഘം പ്രവര്‍ത്തിച്ചു വരികയാണ്.
വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ നൂറൂ കണക്കിനു താസമക്കാരും സ്ഥാപനങ്ങളും പ്രയാസത്തിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് നിരവധി വിളികളും സന്ദേശങ്ങളുമാണ് കഹ്‌റമക്ക് ലഭിച്ചത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചതാണ് ജനത്തെ അമ്പരിപ്പിച്ചത്. വൈദ്യുതി നിലച്ചതോടെ പല കെട്ടിടങ്ങളിലും മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ വെള്ളവും നിലച്ചു.
വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. ജനറേറ്റര്‍ ഉപയോചിച്ചുള്ള വൈദ്യുതി പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി.

Latest