കന്‍ഹയ്യ കുമാറിന് ഇടക്കാല ജാമ്യം

Posted on: March 2, 2016 6:55 pm | Last updated: March 3, 2016 at 2:56 pm
SHARE

kanhaiya-kumar-759ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തേക്ക് ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. പതിനായിരം രൂപ ബോണ്ടിലാണ് കന്‍ഹയ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജെഎന്‍യുവിലെ ഒരു അധ്യാപകന്‍ ജാമ്യം നില്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണിയാണ് കന്‍ഹയ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത് .

കന്‍ഹയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി പോലീസിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. രാജ്യദ്രോഹ കുറ്റം എന്താണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്ന് വാദത്തിനിടെ കോടതി പോലീസിന് വേണ്ടി ഹാജറായ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലീസും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കന്‍ഹയ്യ കുമാറിന് അനുകൂലമായി നിലപാടെടുത്തിരുന്നു.

കന്‍ഹയ്യ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന് ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യാജമാണെന്ന് ഇന്നലെ തെളിഞ്ഞിരുന്നു. വീഡിയോകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ഭാഗം കൂട്ടിച്ചേര്‍ത്തെന്നാണ് കണ്ടെത്തിയത്. വീഡിയോകളില്‍ കന്‍ഹയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിവില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ സമ്മതിച്ചിരുന്നു.

രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കന്‍ഹയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കന്‍ഹയ്യ അറിയിച്ചിട്ടുണ്ട്. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്‍ഹയ്യയ്ക്കായി ഹാജരായത്. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു കനയ്യയുടെ അഭിഭാഷകരുടെ വാദം. ദേശദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും കബില്‍ സിബല്‍ ബോധിപ്പിച്ചു.
പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കന്‍ഹയ്യയ്‌ക്കെതിരെയുള്ള കേസ്. ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്. പരിപാടി സംഘടിപ്പിച്ചത് കന്‍ഹയ്യ കുമാറാണെന്നും രാജ്യദ്രോഹ രാജ്യദ്രോഹ മുദ്രാവാക്യങ്ങല്‍ വിളിച്ചുവെന്നും പോലീസ് വാദിച്ചു. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാദിച്ചു.

കന്‍ഹയ്യയ്‌ക്കെതിരെ നാല് പ്രധാന കുറ്റങ്ങളാണ് ഡല്‍ഹി പോലീസ് ചുമത്തിയിരുന്നത്. സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു, അനുവാദമില്ലാതെ ബലംപ്രയോഗിച്ച് പരിപാടി സംഘടിപ്പിച്ചു, ജെഎന്‍യു ക്യാമ്പസില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി, ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി എന്നീ കുറ്റങ്ങളാണ് പോലീസ് കന്‍ഹയ്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here