ഗ്രീസ്- മാസിഡോണിയ അതിര്‍ത്തിയില്‍ സംഘര്‍ഷം

Posted on: March 1, 2016 9:21 am | Last updated: March 1, 2016 at 9:21 am
SHARE

greeceഏഥന്‍സ്: ഗ്രീസ്- മാസിഡോണിയ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് അഭയാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്ന ഒരു കവാടം നിരാശരായ അഭയാര്‍ഥികള്‍ തകര്‍ത്തു. ഇതിന് പുറമെ റേസര്‍ വയറുകള്‍ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിര്‍മിച്ച വേലികള്‍ക്ക് നേരെയും അഭയാര്‍ഥികള്‍ അക്രമണം നടത്തി. ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ച് നേരിട്ടു.

ഗ്രീക്ക്- മാസിഡോണിയ അതിര്‍ത്തിയിലെ ഇദോമനിയില്‍ താത്കാലികമായി സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പില്‍ 2,000 പേര്‍ക്കുള്ള സൗകര്യങ്ങളേ ഉള്ളൂവെങ്കിലും നിലവില്‍ എണ്ണായിരത്തിലധികം അഭയാര്‍ഥികളാണ് ദുരിതമനുഭവിച്ചത് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയ അഭയാര്‍ഥികള്‍ നേരിടുന്ന ദുരിതങ്ങളുടെ നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ ക്യാമ്പ്. മെസിഡോണിയയിലേക്ക് പ്രവേശിക്കാന്‍ എത്തുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലിക പരിഹാരം എന്ന നിലയിലാണ് ഈ ക്യാമ്പ് സ്ഥാപിച്ചതെങ്കിലും മാസിഡോണിയ അവരുടെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി അഭയാര്‍ഥി പ്രവേശം നിയന്ത്രിച്ചതോടെ ഇവിടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കുടുങ്ങിപ്പോകുകയായിരുന്നു.
മാസിഡോണിയ അവരുടെ അതിര്‍ത്തി തുറന്നെന്ന ചില പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നൂറുക്കണക്കിന് പേര്‍ സുരക്ഷാ വേലിക്കരികിലെത്തിയതെന്നും ഇത് അടച്ചുകിടക്കുന്നത് കണ്ടതോടെ അവര്‍ ഗേറ്റിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലേക്കുള്ള പ്രവേശം സാധ്യമാകും എന്ന സങ്കല്‍പ്പത്തില്‍ തന്നെയാണ് ഇപ്പോഴും ഭൂരിഭാഗം അഭയാര്‍ഥികള്‍ ഇവിടെ കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം അമ്പത് അഭയാര്‍ഥികള്‍ക്ക് മാത്രമാണ് മാസിഡോണിയ പ്രവേശത്തിന് അനുമതി നല്‍കിയിരുന്നത്.
ഗ്രീക്ക്- മാസിഡോണിയ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഇപ്പോഴും ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നൂറുകണക്കിന് പേര്‍ മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്ഷണവും വെള്ളവും ശേഖരിക്കുന്നത്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം അഭയാര്‍ഥികളും. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ദിനം പ്രതി നൂറുകണക്കിന് അഭയാര്‍ഥികള്‍ പുതുതായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച മാസിഡോണിയ അവരുടെ അതിര്‍ത്തി അടച്ചിടുകയായിരുന്നു.