കള്ളപ്പണം സര്‍ക്കാര്‍ തന്നെ വെളുപ്പിക്കും

Posted on: March 1, 2016 5:26 am | Last updated: March 1, 2016 at 12:27 am
SHARE

ന്യൂഡല്‍ഹി: ജെയ്റ്റ്‌ലിയുടെ മൂന്നാമത്തെ ബജറ്റ് കള്ളപ്പണക്കാരെ നികുതി ഘടനയിലേക്ക് കൊണ്ടുവരാന്‍ സൂത്രപ്പണികള്‍ മുന്നോട്ട് വെക്കുന്നു. നാല് മാസത്തിനകം കള്ളപ്പണം വെളിപ്പെടുത്തുകയും തുകയുടെ 45 ശതമാനം നികുതിയായും പിഴയായും അടക്കുകയും ചെയ്താല്‍ ബാക്കി തുക വെള്ളപ്പണമാകുമെന്ന ‘ഓഫറാ’ണ് ബജറ്റ് നല്‍കുന്നത്. കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാറിന്റെ ‘കടുത്ത’ നടപടികള്‍ എവിടെയുമെത്തിയില്ലെന്നും പ്രോത്സാഹനങ്ങളും ഇളവുകളും മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്.
കണക്കില്‍ പെടാത്ത പണത്തിന്റെ 30 ശതമാനം നികുതിയടക്കണം. 7.5 ശതമാനം സര്‍ച്ചാര്‍ജായി നല്‍കണം. 7.5 ശതമാനം പിഴയായും അടക്കണം. ഇങ്ങനെയാണ് 45 ശതമാനം വരുന്നത്. ഈ തുക അടച്ച് കഴിഞ്ഞാല്‍ ബാക്കി വരുന്ന 65 ശതമാനം തുക വെള്ളപ്പണമായി മാറുമെന്നതാണ് കണക്ക്. ഇത്തരത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ക്കെതിരെ ഒരു പ്രോസിക്യൂഷന്‍ നടപടികളും ഉണ്ടാകില്ല. ഇത്തരത്തില്‍ നികുതിയടക്കാന്‍ തയ്യാറാകുന്നവര്‍ക്കെതിരെ ആദായ നികുതി നിയമത്തിനനുസരിച്ചോ സ്വത്ത് നികുതി നിയമമനുസരിച്ചോ പരിശോധനയോ അന്വേഷണമോ ഉണ്ടാകില്ലെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ബിനാമി ഇടപാടുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരത്തില്‍ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ജെയ്റ്റ്‌ലി സൂചിപ്പിച്ചു. കഴിഞ്ഞ ബജറ്റിലും കള്ളപ്പണം വെളുപ്പിക്കല്‍ സംവിധാനം കൊണ്ടു വന്നിരുന്നു. കള്ളപ്പണക്കാരില്‍ നിന്ന് പിരിക്കുന്ന സര്‍ച്ചാര്‍ജ് ‘കൃഷി കല്യാണ്‍ സര്‍ച്ചാര്‍ജ്’ എന്നായിരിക്കും അറിയിപ്പെടുക. ഈ തുക കൃഷി, ഗ്രാമീണ വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കും.
അതേസമയം, നികുതി വെട്ടിപ്പ് കര്‍ശനമായി തടയുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി വെട്ടിപ്പ് തടയുന്നതില്‍ നികുതി വകുപ്പ് ഏറെ മുന്നേറിയിട്ടുണ്ടെന്നും വിവരങ്ങള്‍ കൈമാറുന്നത് കാര്യക്ഷമമായതും സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടവുമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here