Connect with us

Gulf

എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സികളുടെ ലൈസന്‍സ് റദ്ദാക്കി

Published

|

Last Updated

ദോഹ: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സികളുട ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഈ വര്‍ഷം ഇത്തരത്തില്‍ 87 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എ ഗ്രേഡ് കണ്‍സള്‍ട്ടന്‍സികള്‍ അടക്കമുള്ളവയുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. ബന്ധപ്പെട്ട അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്ന കണ്‍സള്‍ട്ടന്‍സികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കമ്മിറ്റിയാണ് എന്‍ജിനീയര്‍മാര്‍ക്കും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിക്കും ലൈസന്‍സ് നല്‍കുന്നത്. കമ്മിറ്റിയിലെ അധിക അംഗങ്ങള്‍ക്കും ജുഡീഷ്യല്‍ അധികാരം ഉണ്ട്. നിര്‍മാണ സ്ഥലത്തും കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ ഓഫീസുകളിലും കമ്മിറ്റി അംഗങ്ങള്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. പരിശോധന കര്‍ശനമായി തുടരും. രാജ്യത്ത് അന്താരാഷ്ട്ര കമ്പനികള്‍ അടക്കം 325 എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിര്‍മാണ സ്ഥലത്ത് എന്‍ജിനീയര്‍മാര്‍ ഇല്ലാതിരിക്കുക, കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എന്‍ജിനീയര്‍മാര്‍, എന്‍ജിനീയര്‍മാരെ സ്‌പെഷ്യലൈസ് ചെയ്യുന്ന നിയമം മാനിക്കാതിരിക്കുക തുടങ്ങിയവയാണ് നിയമലംഘനങ്ങള്‍. സ്‌പെഷ്യലൈസ് ചെയ്യപ്പെട്ട എന്‍ജിനീയര്‍മാര്‍ നിര്‍മാണ സ്ഥലത്ത് വന്ന് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ടതുണ്ടെന്ന് കമ്മിറ്റി മേധാവി ഖാലിദ് അല്‍ സദ്ദ് പറഞ്ഞു. നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്ത കണ്‍സള്‍ട്ടന്‍സികള്‍ക്ക് വലിയ പിഴയാണ് ലഭിക്കുക. ജനുവരിയില്‍ 800 എന്‍ജിനീയര്‍മാര്‍ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ അധികവും കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്നവരാണ്. ലൈസന്‍സ് റദ്ദാക്കിയ കണ്‍സള്‍ട്ടന്‍സികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.