ഈ മാസം ഖത്വറില്‍ മരിച്ചത് 29 ഇന്ത്യക്കാര്‍

Posted on: February 29, 2016 10:41 pm | Last updated: February 29, 2016 at 10:41 pm
SHARE

KILLദോഹ: ഈ മാസം ഖത്വറില്‍ 29 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യാത്രാ രേഖകളില്ലാതെയും മറ്റും രാജ്യത്തു കുടുങ്ങിയ 24 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഖത്വര്‍ അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 23 പേര്‍ക്ക് വിമാന ടിക്കറ്റ് അനുവദിച്ചതായും ഓപ്പണ്‍ ഹൗസിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ എംബസി വ്യക്തമാക്കി.
ഈ വര്‍ഷം രണ്ടു മാസത്തിനിടെ 754 പരാതികളാണ് ഇന്ത്യക്കാരില്‍നിന്നും എംബസിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ആകെ 4,132 പരാതികളാണ് എംബസിക്കു ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 279 ഇന്ത്യക്കാര്‍ രാജ്യത്തു വെച്ചു മരിച്ചു. ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രവാസി ഇന്ത്യക്കാരുടെ സഹായത്തിനു വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിമാന ടിക്കറ്റ്, സാമ്പത്തിക സഹായം, മെഡിക്കല്‍ സഹായം എന്നിവയാണ് ഐ സി ബി എഫ് നല്‍കുന്നത്. ഫെബ്രുവരിയില്‍ എട്ടു വിമാന ടിക്കറ്റുകള്‍ അനുവദിച്ചു.
വിവിധ കേസുകളില്‍പ്പെട്ട് 125 ഇന്ത്യക്കാര്‍ സെന്റട്രല്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് 175 പേര്‍ സ്വദേശത്തേക്കു കയറ്റി അയക്കപ്പെടാനായി ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നതായും വാര്‍ത്താ കുറിപ്പ് അറിയിച്ചു. ഓപ്പണ്‍ ഫോറത്തില്‍ അംബാസിഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് എന്നിവര്‍ പരാതികള്‍ കേട്ടു പരിഹാരങ്ങള്‍ നിര്‍ദേശിച്ചു.