Connect with us

Gulf

മയക്കു മരുന്നു കേസില്‍ ഗള്‍ഫ് പൗരന് പതിനഞ്ച് വര്‍ഷം തടവ്

Published

|

Last Updated

ദോഹ: മയക്കു മരുന്നു കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്തുവെന്ന കേസില്‍ ഗള്‍ഫ് രാജ്യത്തു നിന്നുള്ള പൗരന് 15 വര്‍ഷം തടവുശിക്ഷ. ഇതേ കേസില്‍ മറ്റു രണ്ടു ഗള്‍ഫ് പൗരന്‍മാര്‍ക്ക് ആറുമാസം വീതം തടവുശിക്ഷയും ദോഹ ക്രിമിനല്‍ കോടതി വിധിച്ചു. കൂടാതെ ഒന്നാംപ്രതിക്ക് നാലു ലക്ഷം റിയാലും കൂട്ടു പ്രതികള്‍ക്ക് 10,000 റിയാല്‍ വീതവും പിഴയും വിധിച്ചു.
ഒന്നാം പ്രതി ഹാഷിഷ് വിതരണം ചെയ്യുന്നാതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മയക്കുമരുന്നു വിരുദ്ധ വിഭാഗം ഇയാളെ പിന്തുടര്‍ന്നത്. ഉദ്യോഗസ്ഥരിലൊരാള്‍ ആവശ്യക്കാരനെന്ന വ്യാജേന വിളിച്ച് 500 റിയാലിന് മയക്കു മരുന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അബൂ ഹമൂറില്‍ വെച്ച് കാണാമെന്നും സാധനം കൈമാറാമെന്നും ധാരണയായി. പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു കൈമാറ്റം. മയക്കു മരുന്നു കൈമാറി വാഹനം ഓടിച്ചു പോയ ഒന്നാം പ്രതിയെ പോലീസ് പിന്തുടര്‍ന്നു. ഇയാള്‍ക്കൊപ്പം കൂട്ടു പ്രതികളുമുണ്ടായിരുന്നു.
വീട്ടിലേക്കു പ്രവേശിച്ച ഉടന്‍ പോലീസ് സംഘം പ്രത്യക്ഷപ്പെട്ട് വീടുമുഴുവന്‍ തിരച്ചില്‍ നടത്തുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന മയക്കു മുരുന്നും പണവും പോലീസ് കണ്ടെടുത്തു. കേസില്‍ പിടിക്കപ്പെട്ട കൂട്ടു പ്രതികള്‍ സ്വന്തം ആവശ്യത്തിനു വേണ്ടി മയക്കു മരുന്നു വാങ്ങുന്നവര്‍ മാത്രമാണെന്നും വ്യാപാരികളല്ലെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷയില്‍ ഇളവു നല്‍കിയത്.
അതിനിടെ സ്വദേശിയില്‍ നിന്നും പേഴ്‌സ് മോഷ്ടിച്ച കേസില്‍ ശ്രീലങ്കന്‍ സ്വദേശിയ ആറുമാസം തടവിനു ശിക്ഷിച്ചതായി അല്‍ റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷ കഴിഞ്ഞ് പ്രതിയെ നാടു കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവില്‍ പറയുന്നു. ഒരേ കമ്പനിയിലെ ജീവനക്കാരനായിരന്നു പരാതിക്കാരനും പ്രതിയും. തന്റെ കാറിന്റെ ഡോര്‍ തുറന്ന് ആരെ എന്തോ എടുക്കാന്‍ ശ്രമിക്കുന്നതായി കാറില്‍ ഘടിപ്പിച്ച സെക്യൂരിറ്റി ക്യാമറയിലൂടെ പരാതിക്കാരനായ ഖത്വര്‍ പൗരന്‍ ശ്രദ്ധിച്ചിരുന്നു. ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലാത്താതിനാല്‍ സെക്യൂരിറ്റി ജീവനക്കാരനോട് വിവിരം പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ വ്യക്തയുള്ള ക്യാമറ ഘടിപ്പിച്ചാണ് കാറില്‍ നിന്നും മോഷണം നടത്തി വന്ന ശ്രീലങ്കക്കാരനെ പിടികൂടിയത്.
റെഡ് സിഗ്നല്‍ മറി കടന്ന ഒരു ഡ്രൈവര്‍ക്ക് 10,000 ദിര്‍ഹം പിഴയൊടുക്കാനും ഒരു മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ദോഹ ക്രമിനല്‍ കോടതി ശിക്ഷ വിധിച്ചു. റെഡ് സിഗ്നനല്‍ മറി കടന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.

Latest